ആലപ്പുഴ: സംസ്ഥാനത്തെ തിയേറ്ററുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇടം ഒരുങ്ങുന്നു. പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന പൊതുനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളിലും സംവിധാനമൊരുക്കുന്നത്. കോഴിക്കോട് ക്രൗൺ തിയേറ്ററിലാണ് ആദ്യം നടപ്പാക്കുകയെന്ന് ഭിന്നശേഷിക്കാരുടെ സംഘടനകൾ അറിയിച്ചു. തിയേറ്റർ ഉടമയുമായി നടത്തിയ ചർച്ചയിലാണ് ഇതിനു വഴിയൊരുങ്ങിയത്. ഇത് ഭാവിയിൽ ഭിന്നശേഷിക്കാരുടെ മാതൃകാ തിയേറ്ററാകും.
തിയേറ്ററിനകത്ത് ഒരു കവാടത്തിനരികിലായി വീൽച്ചെയറിലിരുന്ന് സിനിമ കാണുന്നതിന് ഒരു സീറ്റ് ഒഴിച്ചിടും. ഇവിടെ വീൽച്ചെയറിന്റെ ചിഹ്നം വരച്ചിടും. പ്രധാന കവാടത്തിൽ റാംപുകളും ഭിന്നശേഷി സൗഹൃദ ശൗചാലയവും സ്ഥാപിക്കും. പാർക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാകുംവിധമാണു ക്രമീകരണം.
നിലവിൽ പല തിയേറ്ററുകളിലും റാംപ് സൗകര്യം ഉണ്ടെങ്കിലും വീൽച്ചെയർ ഉപയോഗിക്കുന്നയാൾക്ക് സിനിമ കാണണമെങ്കിൽ ആരെങ്കിലും എടുത്ത് കസേരയിലിരുത്തേണ്ടി വരും. ഇതിനാണു മാറ്റം വരുന്നത്.
ഒരു ശതമാനം സീറ്റ് ഭിന്നശേഷി സൗഹൃദമായേക്കും
തിയേറ്ററുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതു സംബന്ധിച്ച കേന്ദ്രനിയമം മാർച്ചോടെ നിലവിൽ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് ദിവ്യാംഗ് ഫൗണ്ടേഷൻ ട്രസ്റ്റ് ഫൗണ്ടർ ട്രസ്റ്റി പ്രജിത്ത് ജയപാൽ കേന്ദ്ര സർക്കാരിന് ശുപാർശകൾ നൽകിയിരുന്നു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം 2018-ൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ. നിയമം നടപ്പിലാക്കുമെന്ന അറിയിപ്പ് കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ആകെ സീറ്റുകളുടെ ഒരു ശതമാനം ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കുക, റാംപുകളും ഭിന്നശേഷി സൗഹൃദശൗചാലയങ്ങളും സ്ഥാപിക്കുക, എല്ലാ തിയേറ്ററുകളിലും ഒന്നോ രണ്ടോ വീൽചെയർ ഒരുക്കുക, ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ ഭിന്നശേഷി സൗഹൃദ തിയേറ്ററാണെന്നു വ്യക്തമാക്കുക, ഒരു കാറും രണ്ട് മുച്ചക്ര സ്കൂട്ടറുകളും പാർക്ക് ചെയ്യുന്നതിന് റാംപിനോട് ചേർന്ന് സൗകര്യമൊരുക്കുക തുടങ്ങിയവയായിരുന്നു ശുപാർശകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]