വേദികളാണ് കലാകാരരുടെ ശക്തി. വേദികൾ കണ്ടെത്തി പെർഫോം ചെയ്താണ് അവരുടെ വളർച്ച. കലോത്സവ വേദികൾ കുട്ടികളായ നിങ്ങൾക്ക് വരാനിരിക്കുന്ന എണ്ണമറ്റ മറ്റു വേദികളിലേക്കുള്ള ഗംഭീര തുടക്കമാകണം. ഒന്നോർത്താൽ ഇന്നത്തെ തലമുറ ഭാഗ്യം ചെയ്തവരാണ്. വിദ്യാഭ്യാസപരമായി മാത്രമല്ല, കലാപരമായും ഉയർത്താൻ നിങ്ങളോടൊപ്പം, ഒരുപക്ഷേ നിങ്ങളേക്കാൾ മുന്നിൽ, മാതാപിതാക്കളും അധ്യാപകരുമുണ്ട്.
ഞങ്ങളുടെയൊക്കെ തലമുറയുടെ സ്ഥിതി ഇതായിരുന്നില്ല മക്കളേ… നാടകമോ, മിമിക്രിയോ, ബ്രേക്ക് ഡാൻസോ(അന്ന് സിനിമാറ്റിക് ഡാൻസ് കളംപിടിച്ചിട്ടില്ല) പഠിക്കണമെന്നോ മറ്റോ വീട്ടിൽപ്പറഞ്ഞാൽ ‘പോയിരുന്ന് നാലക്ഷരം പഠിക്കെടാ. വെറുതെ നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കാൻ. അവൻ നാടകം പഠിക്കാൻ പോണ്’ എന്നാകും മറുപടി. ഇന്നത്തെ സ്ഥിതിയതാണോ. പ്രസവ വാർഡീന്ന് പുറത്തുകൊണ്ടുവരുമ്പോ കുഞ്ഞ് അറിയാതെങ്ങാൻ കോട്ടുവാ ഇട്ടാൽ, കൈകാലിട്ടടിച്ചാൽ ഉടൻ പറയും, ‘ഹോ… പാട്ടുകാരൻ/കാരി തന്നെ’. കാരണം, കുട്ടികളുടെ വളർച്ചയെക്കുറിച്ച് ഇന്നത്തെ മാതാപിതാക്കൾക്ക് അത്രയ്ക്ക് ആകാംക്ഷയാണ്.
ശനിയും ഞായറും ഇന്ന് മിക്ക വീടുകളിലും ‘ആർട്ടിന്റെ ആറാട്ടാണ്’. ബാക്കി ദിവസങ്ങളിലെ സ്കൂൾത്തിരക്കുകളിൽനിന്നു മാറി ആ ദിവസങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയുംകൊണ്ടു കലാപഠനത്തിനായുള്ള പരക്കം പാച്ചിലാണ്. ഒടുവിൽ, രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ കുട്ടികളേക്കാൾ കുഴയുന്നത് മാതാപിതാക്കളാകും.
വെഞ്ഞാറമൂട്ടിലെ സ്കൂളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ അല്ലറ ചില്ലറ അനുകരണങ്ങൾ നടത്തി മിമിക്രി ചെയ്യാനാകുമെന്ന കോൺഫിഡൻസ് എന്നിൽ നുരച്ചുപൊന്തിത്തുടങ്ങിയ സമയം. അന്നൊക്കെ സ്കൂൾ യുവജനോത്സവങ്ങളിൽ എന്തെങ്കിലും ഐറ്റം അവതരിപ്പിക്കണമെങ്കിൽ സെലക്ഷൻ എന്നൊരു കടമ്പയുണ്ടായിരുന്നു.(ഇന്നത്തെ ഓഡിഷന്റെ ചേട്ടൻ).
ഏതെങ്കിലുമൊരു അധ്യാപകന്റെ മുന്നിൽ കലോത്സവത്തിന് അവതരിപ്പിക്കാനുദ്ദേശിക്കുന്ന ഇനം മുൻപേ ചെയ്തുകാണിക്കണം. ആ വർഷം മിമിക്രി സെലക്ഷനു ഞാനും പോയി. എന്റെ അവതരണം കണ്ടയുടൻ അധ്യാപകൻ പറഞ്ഞു, ‘നീ ആയിട്ടില്ല’. പക്ഷേ, അതുകേട്ട് ഞാൻ ഡൗണായില്ല. ശ്രമം തുടർന്നു. യുവജനോത്സവദിനം വന്നു. ഭാഗ്യം! എന്നോടു മമതയുള്ള അധ്യാപകനായിരുന്നു വേദിയുടെ ചാർജ്. ഞാൻ പതുക്കെ ആ അധ്യാപകനെ പറ്റിക്കൂടി. ഒത്തുവന്നപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ‘എനിക്ക് മിമിക്രി ചെയ്തേ പറ്റൂ. ഇന്റർവെൽ സമയത്ത് സ്റ്റേജീക്കയറി അതവതരിപ്പിക്കാൻ സാറെന്നെ അനുവദിക്കണം’.
എന്റെ ദയനീയമായ അപേക്ഷ കേട്ട് അദ്ദേഹം സമ്മതിച്ചു. ഞാൻ തട്ടിൽക്കയറി സധൈര്യം തട്ടിവിട്ടു. മിമിക്രിക്കിടയിലും അതുകഴിഞ്ഞപ്പോഴും നിലയ്ക്കാത്ത കൈയടി. സംഗതി ഹിറ്റ്. മറ്റൊരു അംഗീകാരംകൂടി കിട്ടി. പിറ്റേവർഷംമുതൽ സ്കൂൾ യുവജനോത്സവത്തിൽ മിമിക്രി അവതരിപ്പിക്കാൻ എനിക്ക് ഡയറക്ട് എൻട്രി. നോ സെലക്ഷൻ പ്രോസസ്. വളർച്ചയുടെ പടവുകൾക്കിടെ തടസ്സങ്ങൾ സ്വാഭാവികമാണ്. പക്ഷേ, തളരരുത്. ഇടിച്ചിടിച്ചു നിൽക്കണം. വേദികൾ കിട്ടാനായി ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. വേദികളാണ് കലാകാരന്റെ മാറ്റുകൂട്ടുന്നത്, വളർത്തുന്നത്, ഉയർത്തുന്നത്.
എന്റെ ജില്ലയായ തിരുവനന്തപുരത്തെത്തിയ നിങ്ങൾക്കോരോരുത്തർക്കും വൻ വിജയം ആശംസിക്കുന്നു. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ശ്രമം തുടരുക. ഓർക്കണം, നിങ്ങളെ കാത്തിരിക്കുന്നത് വലിയ വലിയ വേദികളിലെ വലിയ വലിയ ആരവങ്ങളാണ്. ബിഗ് സല്യൂട്ട്. ഒപ്പം, നിങ്ങളെ ഇവിടെയെത്തിച്ച മാതാപിതാക്കൾക്കും ഗുരുക്കൻമാർക്കും ഹാറ്റ്സ് ഓഫ്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]