
തിരുവനന്തപുരം: കുട്ടിക്കാലത്തെ ജീവിതസാഹചര്യം സ്കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ.
ദിവസങ്ങൾക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന പറയുന്നു.
എന്നാൽ, ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസ്സം. ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. ‘‘നാലാംക്ലാസുവരെ പഠിച്ചതായാണ് ഓർമ. ഇപ്പോഴത്തെ പ്രശ്നമൊന്നും എനിക്കറിയില്ല.’’ -പുതിയ ‘പ്രതിസന്ധി’യെപ്പറ്റി ഇന്ദ്രൻസ് പറഞ്ഞു.
യു.പി. ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. യു.പി. പഠനത്തിന്റെ കൂടുതൽരേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഇന്ദ്രൻസിനെ തുടർപഠനത്തിന് പ്രേരിപ്പിച്ച മെഡിക്കൽ കോളേജ് വാർഡ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ പറഞ്ഞു. ഹിന്ദിയും ഇംഗ്ലീഷും കുഴപ്പത്തിലാക്കുമോ എന്ന് ഇന്ദ്രൻസിന് ആശങ്കയുണ്ട്.
ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളേജ് ഗവ. സ്കൂളിലെ സെന്ററിൽ എത്താനാവില്ല. പഠനത്തിന് സ്പെഷ്യൽ ക്ലാസ് ഏർപ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. സ്വന്തം ജീവിതം തുറന്നുപറയാൻ ഒരുമടിയുമില്ലാത്ത ഇന്ദ്രൻസിനെ പത്താംക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാമിഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]