നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. സാന്ദ്ര തോമസിനെ പുറത്താക്കിയ സംഘടനാ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയെന്ന് ഡബ്യു.സി.സി വിമർശിച്ചു. ഫെയ്സ്ബുക്കിലാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇത് ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുന്ന നടപടിയല്ലെ എന്ന് ഡബ്യു.സി.സി ചോദിക്കുന്നു.
അധികാര സംവിധാനങ്ങൾ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നുവെന്നും ഡബ്യു.സി.സി.
അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു സാന്ദ്രയെ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന (KFPA),നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ സംഘടനയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടി(SIT)ക്ക് സാന്ദ്ര പരാതി നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമർശനമെന്ന് അവർ പറയുന്നു.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്, പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിന്നുതന്നെ ഞങ്ങളും മനസിലാക്കുന്നു. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?
പോലീസ് കേസിന്റെ പശ്ചാത്തലത്തിൽ സംഘടനാ ഭാരവാഹികൾ ഔദ്യോഗിക ചുമതലകളിൽ നിന്നൊഴിഞ്ഞ് തുടർനടപടികൾ നേരിടേണ്ടതുണ്ടല്ലോ എന്ന് WCC ഇവിടെ അഭിപ്രായപ്പെട്ടിരുന്നു. സിനിമ വ്യവസായ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോർട്ടിന് ശേഷവും സ്വയം `തൊഴിൽ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവർ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു.
അധികാര സംവിധാനങ്ങൾ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നു. നിർമാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]