![](https://newskerala.net/wp-content/uploads/2024/11/Ramayana-1024x576.jpg)
രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ നായകനും സായ് പല്ലവി നായികയായും ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രാമായണ ഒന്നാം ഭാഗം 2026-ലെ ദീപാവലിയോട് അനുബന്ധിച്ച് റിലീസ് ചെയ്യും. രണ്ടാം ഭാഗം തൊട്ടടുത്ത വര്‍ഷം ദീപാവലിക്കും തീയേറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നമിത് മല്‍ഹോത്രയാണ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന അമ്പിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. 2026-ലെ ദീപാവലി നവംബര്‍ എട്ടിന് 2027-ലേത് ഒക്ടോബര്‍ 29-നുമാണ്.
5000 വര്‍ഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ള ഈ ഇതിഹാസം വെള്ളിത്തിരയില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. നമ്മുടെ ടീമിന്റെ പരിശ്രമത്തില്‍ ഈ സിനിമ രൂപപ്പെടുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി നമ്മുടെ സംസ്കാരവും ചരിത്രവും സത്യവും ഏറ്റവും ആധികാരികമായാണ് രാമായണത്തില്‍ ചിത്രീകരിക്കുന്നത്. ഞങ്ങളുടെ ഈ ഇതിഹാസത്തെ ഏറ്റവും അഭിമാനത്തോടെ ആളുകള്‍ സ്വീകരിക്കും- പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചു.
ഈ സിനിമയില്‍ രാവണന്റെ വേഷം ചെയ്യുന്നതിനായി കെ.ജി.എഫ്. നായകനായ യാഷ് എത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പോസ്റ്റര്‍ പുറത്തുവരുന്നത്. ഏറ്റവും ആവേശത്തോടെ ചെയ്യുന്ന കഥാപാത്രമാണ് രാവണന്റേത് എന്നാണ് യാഷ് പറഞ്ഞത്. ഈ കഥാപാത്രത്തിന്റെ സങ്കീര്‍ണതയും ആഴവുമാണ് ഈ വേഷം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ കരിയറിലെ തന്നെ മികച്ച ഒന്നായിരിക്കും ഇതെന്നുമാണ് യാഷ് അഭിപ്രായപ്പെട്ടത്.
ഈ സിനിമയില്‍ രണ്‍ബീറിനൊപ്പം സീതയായി അഭിനയിക്കുന്ന സായ് പല്ലവിയാണ്. കൈകേയിയായി ലാറ ദത്തയും ഹനുമാന്റെ വേഷത്തില്‍ സണ്ണി ഡിയോളുമായിരിക്കും അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]