അർബുദത്തെ അതിജീവിച്ചതിനേക്കുറിച്ച് നിരന്തരം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി മനീഷ കൊയ്രാള. അണ്ഡാശയ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സാ കാലത്തെ അനുഭവങ്ങളുമൊക്കെ മനീഷ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അർബുദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം താൻ മരണം മുന്നിൽ കാണുകയായിരുന്നുവെന്ന് പറയുകയാണ് മനീഷ.
സ്ക്രീനിൽ കരുത്തമായ നിരവധി കഥാപാത്രങ്ങൾ പകർന്നാടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരു തിരിച്ചടിയുണ്ടായപ്പോൾ താൻ പതറിപ്പോയെന്ന് പറയുകയാണ് മനീഷ. എ.എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് മനീഷ വീണ്ടും കാൻസർ പോരാട്ടത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുന്നത്.
2012-ലാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചതെന്ന് പറഞ്ഞ മനീഷ അണ്ഡാശയ അർബുദത്തിന്റെ അവസാന ഘട്ടമാണ് അതെന്ന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. നേപ്പാളിൽ വച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. എല്ലാവരേയുംപോലെ വളരെയധികം ഭയം തോന്നി. ജസ്ലോക് ആശുപത്രിയിലാണ് പോയത്. ഡോക്ടർമാർ വന്ന്, അവരോട് സംസാരിച്ചപ്പോഴും താൻ മരിക്കാൻ പോവുകയാണെന്ന തോന്നലാണുണ്ടായത്. തന്റെ അവസാനമായി എന്നായിരുന്നു തോന്നിയതെന്നും മനീഷ പറയുന്നു.
അക്കാലമെല്ലാം തന്റെ കുടുംബം നൽകിയ പിന്തുണയാണ് കരുത്തായതെന്നും മനീഷ് പറയുന്നുണ്ട്. ന്യൂയോർക്കിൽ പോയി ചികിത്സ തേടാൻ പ്രേരിപ്പിച്ചതും കുടുംബമാണ്. ന്യൂയോർക്കിൽ പോയി ചികിത്സിച്ച് ഭേദമാക്കിയ ചില പ്രശസ്തരെ അന്നറിയാമായിരുന്നു. തുടർന്നാണ് അഞ്ചാറുമാസക്കാലം ന്യൂയോർക്കിൽ നിന്ന് ചികിത്സിക്കാൻ തീരുമാനിച്ചതെന്നും മനീഷ പറഞ്ഞു.
കീമോതെറാപ്പി കാലത്തെല്ലാം തനിക്ക് പ്രതീക്ഷ പാടേ നഷ്ടപ്പെട്ട് തകർന്നടിയുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. മുന്നിൽ ഇരുട്ടും വേദനയും ഭയവും നിറഞ്ഞുനിൽക്കുന്ന അവസ്ഥയുണ്ടായി. കാൻസറിനെ അതിജീവിച്ചതാണ് കരിയറിൽ വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായകമായതെന്നും മനീഷ പറയുന്നുണ്ട്.
ജീവിതത്തിൽ രണ്ടാമതൊരു അവസരം ലഭിക്കുകയാണെങ്കിൽ മുൻകാലങ്ങളിൽ ചെയ്ത ചിത്രങ്ങളിൽ മാറ്റംവരുത്തുമായിരുന്നുവെന്നും മനീഷ പറഞ്ഞു. രണ്ടാമതൊരു അവസരം ലഭിച്ചാൽ ആ തെറ്റുകൾ തിരുത്തുകയാവും ചെയ്യുക. മോശം സിനിമകൾ ചെയ്ത് നിരവധി ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു അവസരം നൽകിയാൽ നല്ല ചിത്രങ്ങൾ മാത്രമേ ചെയ്യൂവെന്നും ആരാധകരെ നിരാശയിലാഴ്ത്തില്ലെന്നും ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ട്.
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹീരാമണ്ഡി എന്ന സീരീസിലാണ് മനീഷ ഒടുവിലായി വേഷമിട്ടത്. ചിത്രത്തിലെ മനീഷയുടെ പ്രകടനം ആരാധകരുടെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
അണ്ഡാശയ അർബുദം സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് അടുത്തിടെ മറ്റൊരഭിമുഖത്തിൽ മനീഷ പറഞ്ഞിരുന്നു. പക്ഷേ, താനതിൽ സമാധാനം കണ്ടെത്തി. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് ഇന്ന് ഉള്ളതുവച്ച് നന്നായി ചെയ്യാൻ ശ്രമിക്കുകയാണെന്നും മനീഷ പറഞ്ഞിരുന്നു.
അർബുദം സ്ഥിരീകരിച്ചതിനുപിന്നാലെ ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ തനിക്ക് ഭയമായിരുന്നുവെന്നും മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്. മരിക്കാൻ പോവുകയാണെന്നാണ് കരുതിയത്. അടുത്ത പത്തു വർഷമോ അഞ്ചു വർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. ഇപ്പോഴും ഭയമാണ്. അർബുദം തന്നെ അത്രത്തോളം സ്വാധീനിച്ചു. വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്. ദൈവാനുഗ്രഹത്താൽ എല്ലാം ശരിയായെന്നും ഇപ്പോൾ ആരോഗ്യപരമായ കാര്യങ്ങൾ നിസ്സാരമാക്കി വിടാറില്ലെന്നും മനീഷ പറഞ്ഞിരുന്നു.
2012-ലാണ് അണ്ഡാശയ അർബുദമെന്ന വില്ലൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടർന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.
തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു.
മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]