ചെന്നൈ: തമിഴ് സിനിമയിലെ ‘സൂപ്പർ സ്റ്റാർ’ വിവാദത്തിൽ പരസ്യപ്രതികരണവുമായി നടൻ വിജയ്. സൂപ്പർ സ്റ്റാർ എന്നാൽ ഒരാൾ മാത്രമാണെന്ന് വിജയ് പറഞ്ഞു. ചെന്നെെയിൽ വെച്ചുനടന്ന ’ലിയോ’ സക്സസ് മീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുരട്ചി തലൈവർ’ ഒരാൾ മാത്രമാണ്, ‘നടികർ തിലകം’ ഒരാൾ മാത്രമാണ്, ‘പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ’ ഒരാൾ മാത്രമാണ്, ‘ഉലകനായകൻ’ ഒരാൾ മാത്രമാണ്, ‘സൂപ്പർ സ്റ്റാർ’ ഒരാൾ മാത്രമാണ്, അതുപോലെ ‘തല’ എന്നാലും ഒരാൾ മാത്രമാണ്. ചക്രവർത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം. ചക്രവർത്തി പറയും, ദളപതി(സെെന്യാധിപൻ) ചെയ്യും. എന്നെ സംബന്ധിച്ച് ജനങ്ങളാണ് ചക്രവർത്തി, ഞാൻ നിങ്ങളുടെ കീഴെയുള്ള ദളപതിയും’, വിജയ് പറഞ്ഞു. സോഷ്യൽ മീഡിയകളിലെ വിഷലിപ്തമായ ഫാൻ ഫെെറ്റുകളിൽ നിന്ന് മാറിനിൽക്കാൻ ആരാധകരോട് താരം ആവശ്യപ്പെടുകയും ചെയ്തു.
വൻ ആഘോഷത്തോടെയാണ് ’ലിയോ’ സക്സസ് മീറ്റിനെ ആരാധകർ വരവേറ്റത്. ’ലിയോ’യുടെ റിലീസിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ഓഡിയോ ലോഞ്ച് റിലീസ് ഉൾപ്പടെയുള്ള പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതിനാൽ തന്നെ സക്സറ്റ് മീറ്റ് ഗംഭീരമായാണ് സംഘടിപ്പിച്ചത്. ചെന്നൈ ജവഹര്ലാല് നെഹ്റു ഇന്ഡോര് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ലോകേഷ് കനകരാജ്, അര്ജുന്, ലോകേഷ് കനകരാജ്, മാത്യു തോമസ്, മഡോണ, മന്സൂര് അലി ഖാന്, ഗൗതം വാസുദേവ് മേനോന്, മിഷ്കിൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. ബോക്സോഫീസിൽ 500 കോടി രൂപയും കടന്ന് കുതിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’.
വിജയ് ചിത്രം ‘വാരിസി’ന്റെ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ പറഞ്ഞ വാക്കുകളാണ് ‘സൂപ്പർസ്റ്റാർ’ വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പർസ്റ്റാർ പദവി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്. ജയിലർ വൻ വിജയമായതോടെ രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്ന് അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞു. വിജയ്-രജനികാന്ത് ആരാധകർ തമ്മിൽ ഈയടുത്തായി ചില വാക്കുതർക്കങ്ങളും പതിവാണ്.
നിരവധി താരങ്ങളും തമിഴ് സിനിമയിലെ ‘സൂപ്പർ സ്റ്റാർ’ വിവാദത്തിൽ അഭിപ്രായവുമായി എത്തിയിരുന്നു. കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണെന്ന് സത്യരാജ് പറഞ്ഞിരുന്നു. രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്നും മറ്റുള്ള നടന്മാർ സൂപ്പർ ആക്ടേഴ്സ് ആണെന്നുമായിരുന്നു നടൻ പ്രഭു പ്രതികരിച്ചത്. 1978-ൽ പുറത്തിറങ്ങിയ ‘ഭൈരവി’ എന്ന ചിത്രം മുതലാണ് രജനികാന്തിന് സൂപ്പർസ്റ്റാർ വിശേഷണം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]