
തിരുവനന്തപുരം: കേരളീയം മഹത്തായ ആശയത്തിന്റെ തുടക്കമാണെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023-ന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരളചരിത്രത്തിലെ ഒരു മഹാസംഭവമായി തീരട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
“എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം എന്റെ കൈയ്യില്‍ ഇല്ല. എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തേ ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. ഇവിടെ സ്പീക്കര്‍ ആയിരുന്നു എന്റെ അടുത്ത് ഇരുന്നയാള്‍. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാല്‍ അത് രേഖകളില്‍നിന്ന് നീക്കം ചെയ്താല്‍ മതി. നമ്മളില്‍ വാക്ക് പിഴച്ചുകഴിഞ്ഞാല് പിഴച്ചതുതന്നെ”. മമ്മൂട്ടി പറഞ്ഞു.
“കേരളീയം കേരളീയരുടെ മാത്രം വികാരമല്ല. ലോക സഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെയെന്ന് ആഗ്രഹിക്കുകയാണ്. നമ്മള് ലോകത്തിന് തന്നെ മാതൃകയാവുകയാണ്. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമായി തീരട്ടെ. നമ്മുടെ മറ്റു വികാരങ്ങളെയെല്ലാം മാറ്റിവെച്ചുകൊണ്ട് നമുക്ക് രാഷ്ട്രീയം, മതം, ജാതി, ചിന്ത, പ്രാര്‍ഥന എല്ലാം വേറെ വേറെയാണ്. പക്ഷെ നമ്മളെല്ലാവരും, നമുക്കെല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു വികാരം നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ്, കൂടുതല്‍പേര്‍ മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരാണ്, മലയാളം കേട്ടാല്‍ മനസ്സിലാകുന്നവരാണ്. ഇതുതന്നെ ആയിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ്, ഞങ്ങളുടെ ആശയങ്ങളും സങ്കല്പങ്ങളും സ്വപ്നങ്ങളും ഒന്നാണ്.” മമ്മൂട്ടിയുടെ വാക്കുകൾ.
കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോള്‍ നമ്മള് കാണുന്ന കേരളം. ഇനിയുള്ള സ്വപ്നങ്ങളും ഇനിയുള്ള സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും നമുക്ക് ഒരുമിച്ച് ഒന്നായി, എല്ലാ വ്യത്യാസങ്ങളേയും മറന്ന്, നമ്മള് ഒന്നായി ചിന്തിച്ച്, ഒന്നായി പ്രയത്നിച്ച്, കേരളത്തിനെ ലോകത്തിന്റെ ഒന്നാംനിരയിലേക്ക്, ലോകത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി, ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ലോകം ആദരിക്കുന്ന ഒരു ജനതയായി കേരള ജനത മാറട്ടെയെന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]