തിരുവനന്തപുരം: റിലീസ് ചെയ്ത് 30 വർഷം. മിക്കവാറും ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ചിത്രം. എന്നിട്ടും മണിച്ചിത്രത്താഴിനെ ആർക്കും മടുക്കുന്നില്ല എന്നതാണ് സത്യം. ഇതിനുള്ള നേർസാക്ഷ്യമാണ് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-നോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ കഴിഞ്ഞദിവസം കാണാനായത്. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മണിച്ചിത്രത്താഴിന്റെ ഷോയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
കൈരളി തിയേറ്ററിൽ വൈകീട്ട് ഏഴരയുടെ പ്രദർശനം കാണാൻ മണിക്കൂറുകൾക്ക് മുന്നേതന്നെ സിനിമാപ്രേമികൾ ഒഴുകിയെത്തി. തിരക്ക് വർധിച്ചതോടെ രണ്ട് അധികഷോകളും ഏർപ്പെടുത്തേണ്ടിവന്നു. കനത്ത മഴയെ അവഗണിച്ചാണ് പ്രേക്ഷകർ സിനിമ കാണാനെത്തിയത്. ഇരിക്കാൻ സീറ്റ് ലഭിക്കാത്തവർ നിലത്തിരുന്ന് മണിച്ചിത്രത്താഴ് വീണ്ടും കണ്ടു. സ്ക്രീനിൽ പ്രിയതാരങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും പുതിയ തിയേറ്റർ റിലീസ് ചിത്രമെന്നപോലെയായിരുന്നു ആസ്വാദകർ സ്വീകരിച്ചത്. ചിത്രത്തോടുള്ള ആരാധകരുടെ ആവേശത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മോഹൻലാൽ ഫാൻസും ഇതൊരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
30 വർഷം മുൻപുള്ള സിനിമ വലിയ സ്ക്രീനിൽ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആൾക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നതെന്ന് ചിത്രം കാണാനെത്തിയവരുടെ തിരക്കിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് മന്ത്രി സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂർ നേരത്തെ പ്രദർശനം തുടങ്ങി. നിരവധിപേർ നിലത്തിരുന്നാണ് സിനിമ കണ്ടതെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
ഇതേസമയം പുറത്ത് ആയിരത്തിലധികംപേർ കാത്തുനിൽപ്പുണ്ടായിരുന്നു. തീയേറ്റർ കോമ്പൗണ്ടിൽ അറുന്നൂറോളം പേർ ക്യൂ നിൽക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളംപേർ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തിൽ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മൂന്ന് അധിക പ്രദർശനങ്ങൾ കൂടി നടത്താൻ ചലച്ചിത്ര അക്കാദമിയോട് നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടർന്ന് കൈരളിയിലുമായി സിനിമ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദർശനങ്ങൾ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി. മന്ത്രിയുടെ വാക്കുകൾ.
പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മണിച്ചിത്രത്താഴിനോടുള്ള സ്നേഹം തരിമ്പും കുറഞ്ഞില്ലെന്ന് വിളിച്ചുപറയുകയായിരുന്നു ഈ പ്രദർശനങ്ങൾ. ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. സിദ്ദിഖ്-ലാൽ ടീമിന്റെ ഗോഡ്ഫാദറിന്റെ പ്രദർശനത്തിനും നല്ല തിരക്കാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]