തിരുവനന്തപുരം: ഭൂമിശാസ്ത്രപരവും ഭാഷാ അടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാള സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് നടൻ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ കേരളഘടകത്തിന് മുന്‍കൈ എടുക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൈതൃക പ്രൗഢിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്പില് ഒരു ഓര്‍മ്മപ്പെടുത്തലായി സംസ്ഥാന സര്‍ക്കാര്‍ ഇത് ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം ഉദ്ഘാടന വേദിയില്‍ തനിക്കും ഇടം ഉണ്ടായതില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് സ്വന്തം നഗരമാണ്. ഇത് തന്റെ കൂടി സ്വന്തം തിരുവനന്തപുരം. തിരുവനന്തപുരത്തോളം തനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാം. ഇവിടുത്തുകാരെയും ഇവിടുത്തുകാരുടെ സംസ്കാരവും ഏറെ പരിചിതമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
“സര്‍ക്കാര്‍ കേരളീയം എന്ന ഈ വന്‍ സാംസ്കാരിക പദ്ധതിയ്ക്കായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാംസ്കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരിയില്‍ ആണെന്ന് എനിക്ക് അറിയാം. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളത്. സ്വാഭാവികമായും സാംസ്കാരിക കേരളത്തെക്കുറിച്ചുള്ള ഭാവി ചിന്തനവും അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ പ്രതിനിധികരിക്കുന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍ ഭൂമിശാസ്ത്രപരവും ഭാഷാഅടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാള സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുന്ന ഇത്തരമുള്ള ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ കേരളഘടകത്തിന് മുന്‍കൈ എടുക്കാവുന്നതേയുള്ളൂ.” താരം വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയുംപോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിനും വഴികാട്ടികളാകാം. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ സംസാരം അവസാനിപ്പിച്ചത്.