തിയേറ്ററിനുവേണ്ടി സിനിമകൾ ചെയ്യുന്നത് നിർത്തുകയാണെന്ന സംവിധായകൻ അൽഫോൺസ് പുത്രന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ആരാധകരും സിനിമാ പ്രേമികളും കേട്ടത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കഴിഞ്ഞദിവസം അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞത്. അൽഫോൺസിന്റെ ഈ തീരുമാനത്തിനോടുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായിക സുധാ കൊങ്കര.
സിനിമ ചെയ്യുന്നത് നിർത്തരുതെന്നാണ് അൽഫോൺസിനോട് സുധാ കൊങ്കര ആവശ്യപ്പട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകളിലൂടെയാണ് സുധാ കൊങ്കര അൽഫോൺസ് പുത്രനോട് ഇനിയും സിനിമകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പ്രേമം തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ്. താൻ ഏറ്റവും താഴ്ന്നുനിന്നിരുന്ന സമയത്ത് ഉണർവേകിയത് ആ ചിത്രമാണെന്നും നിരവധി തവണ ആ ചിത്രം കണ്ടിട്ടുണ്ടെന്നും സുധാ കൊങ്കര കുറിച്ചു.
‘‘പ്രിയ അൽഫോൺസ് പുത്രൻ, നിങ്ങളുടെ സിനിമകൾ ഞാൻ മിസ്സ് ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. വളരെ മോശമായ മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ എനിക്ക് ഉണർവ് തന്നത് ആ ചിത്രമാണ്. ആ ചിത്രം ഞാൻ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയിൽ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.’’–സുധ കൊങ്കരയുടെ വാക്കുകൾ.
‘ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’,–അൽഫോൻസ് പുത്രൻ സാമൂഹിക മാധ്യമത്തിൽ ഇങ്ങനെയായിരുന്നു കുറിച്ചത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് അദ്ദേഹം നീക്കം ചെയ്തു.
നൃത്തസംവിധായകൻ സാൻഡിയെ നായകനാക്കി അൽഫോൺസ് പുത്രൻ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇളയരാജയായിരുന്നു സംഗീതം. അതേസമയം സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ് സുധാ കൊങ്കര. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ ഏതാനും ദിവസങ്ങൾക്കുമുമ്പ് പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]