
ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്നവും തിമഴ്സ സൂപ്പർസ്റ്റാർ രജനികാന്തും 33 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 12-ന് രജനികാന്തിന്റെ പിറന്നാള്‍ ദിവസം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1991 ദീപാവലി റിലീസായ ദളപതിയാണ് ഇരുവരും ഒന്നിച്ച ഏക ചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ. ജയന്, ചാരുഹാസന് എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.
36 വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനുമായി ഒന്നിക്കുന്ന തഗ്ലൈഫാണ് മണിരത്നത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.
കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസിനൊപ്പം മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന് എ.ആര്. റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]