
കോഴിക്കോട്: സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്റെ പേരിനോട് ചേര്‍ത്തുവച്ചത് പി.വി. ഗംഗാധരനാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അത് ജീവിതത്തിന്റെ തുടക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.വി. ഗംഗാധരന്റെ ഒന്നാം അനുസ്മരണ സമ്മേളനം ‘ഗംഗാതരംഗം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ഒരു പുതിയ ഒഴുക്കിന്റെ കാലമായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് വരവ്. കോഴിക്കോടിനെ അങ്ങ് എടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ ഉയിര്പ്പിന് തണലേകിയ കരിപ്പൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് പി.വി.ജി. സര്ഗാത്കമതയുടെ പാരമ്യതയില്‍ നില്ക്കുന്ന ഒരു നിര്‍മ്മാതാവിന്റെ പ്രയത്നത്തിന്റെ ഫലമായിരുന്നു വടക്കന്‍ വീരഗാഥ എന്ന ചലച്ചിത്രം എന്നും അദ്ദേഹം പറഞ്ഞു.
തന്റെ നെറുകയില്‍ ആദ്യം ഒരു നെറ്റിപ്പട്ടം ചാര്‍ത്തിയത് പി.വി.ജി. ആയിരുന്നെന്നും സുരേഷ് ഗോപി ഓര്‍ത്തു. പി.വി ഗംഗാധരന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച ഗംഗാതരംഗം ചലച്ചിത്ര ശില്പശാലയുടെ ഭാഗമായി നിര്‍മ്മിച്ച മികച്ച മൈക്രോ മൂവിക്കുള്ള അവാര്‍ഡും സുരേഷ് ഗോപി സമ്മാനിച്ചു.
പി.വി. ഗംഗാധരന് ഇല്ലാത്ത കോഴിക്കോടിനെക്കുറിച്ച് ആലോചിക്കുക പ്രയാസമാണ്. തന്നെക്കാള്‍ ചെറുതായിട്ടുള്ള ആരുമില്ലെന്ന് ചിന്തിച്ചിരുന്ന, ധൈര്യവും പിന്‍ബലവും തന്ന വ്യക്തിയാണ് പി.വി. ഗംഗാധരന് എന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു. തന്നെ സിനിമാ കുടുംബത്തിലേക്ക് എത്തിച്ചത് പി.വി ഗംഗാധരനാണ്. അദ്ദേഹത്തിന്റെ മക്കള്‍ സിനിമയില്‍ സജീവമാണെന്നത് ഏറെ സന്തോഷം നല്‍കുന്നെന്ന് നടി സംയുക്താ വര്‍മ്മ പറഞ്ഞു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച വടക്കന്‍ വീരഗാഥ സിനിമയുടെ റി റീലിസിന്റെ ടീസറും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ എന്‍.പി. റെക്കോര്‍ഡ് അബ്ദുള്‍ സമദ് സമദാനി എം.പി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് കൈമാറി. സിനിമാ താരം മച്ചാട്ട് വാസന്തിയ്ക്ക് ധനസഹായവും ചടങ്ങില്‍ കൈമാറി. കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പില്‍നിന്ന് മച്ചാട്ട് വാസന്തിയുടെ മകള്‍ ഗീത സഹായം ഏറ്റുവാങ്ങി.
മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി നിധീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.വി. ചന്ദ്രന് അധ്യക്ഷനായി. സാഹോദര്യത്തേക്കാള്‍ വലിയ ഗാഢബന്ധം പി.വി ഗംഗാധരനുമായി ഉണ്ടായിരുന്നെന്ന് പി.വി. ചന്ദ്രന് പറഞ്ഞു. സംവിധായകന് ജിയോ ബേബി, തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍എ, മയൂരാ ശ്രയാംസ് കുമാര്‍ (ഡയറക്ടര്‍ ,ഡിജിറ്റല്‍ ബിസിനസ്സ് – മാതൃഭൂമി), ആര്യാടന് ഷൗക്കത്ത്, പി.വി. ഗംഗാധരന്റെ ഭാര്യ ഷെറിന് ഗംഗാധരന്, മക്കളായ ഷെര്‍ഗ, ഷെഗ്ന, ഷെനുഗ, ബന്ധുക്കള്‍, സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]