
മലയാളത്തില്‍ മികച്ച അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു. സിനിമയില്‍ ഒരുമത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജിയോ ബേബി.
സിനിമയുലുള്ളത് ഹിന്ദു സംസ്കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് ഹിന്ദു സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമല വിഷയമില്ലായിരുന്നെങ്കില്‍ ചിത്രം ഇതിലും മികച്ചതാവുമായിരുന്നുവെന്നും തന്റെ കഴിവിന്റെ പോരായ്മകൊണ്ടാണ് ഈ വിധത്തിൽ സിനിമ നിര്മിക്കേണ്ടിവന്നതെന്നും ജിയോ ബേബി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന.
ജിയോ ബേബി പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍:
(സിനിമ) ഏതുതരം വീട്ടില്‍ പറയണം എന്നത് ആലോചിച്ചിരുന്നു. പല പല വീട്ടില്‍ സെറ്റ് ചെയ്തുനോക്കി. ക്രിസ്ത്യന്‍, മുസ്ലിം സംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് നോക്കി. ആ സമയത്ത് മനഃപൂര്‍വ്വമായി പെണ്ണുങ്ങള് എഴുതുന്ന കണ്ടന്റ് വായിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുവര്‍ഷത്തെ എന്റെ വായനയും സിനിമാകാണലും അന്വേഷണങ്ങളും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ഉപകരിച്ചു. എന്റെ അന്വേഷണത്തില്‍ മനസിലായ കാര്യം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നൊരു സിനിമ ചെയ്യുമ്പോ, ഇന്ത്യന്‍ എന്ന് പറയുമ്പോള്‍ ഹിന്ദുത്വം ആണ്… ആരെയെങ്കിലും ഞാന്‍ ഇതിനകത്ത് വിമര്‍ശനാത്മകതയോടെ സമീപിക്കണമെങ്കില്‍, ഹിന്ദു എന്ന കള്ച്ചറിനെയല്ല, ഇന്ത്യയിലെ അവസ്ഥയില്‍ ഇപ്പോള്‍ നില്ക്കുന്ന പുരുഷാധിപത്യം ശക്തമായി നില്ക്കുന്ന സിസ്റ്റം ഇതിലാണ്. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. മതത്തോടുള്ള വിരോധമല്ല.
വിമര്‍ശനമാണ് സിനിമയെങ്കില്‍ അവിടെതന്നെ വിമര്‍ശിക്കണമെന്ന് തോന്നി. കേവലം ഹിന്ദു കള്‍ച്ചറിനോടുള്ള വിരോധമല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതങ്ങളോടുള്ള പ്രതിഷേധം തന്നെയാണ്.
ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയിരുന്നില്ലെങ്കില് കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ക്രിയേറ്റീവ്ലി ഹൈ ആണെന്ന അഭിപ്രായം എനിക്കില്ല. സിനിമ എഴുതി, ആലോചിച്ചുപോയി ഒരു ഘട്ടംവരെ എത്തിയപ്പോള്‍ മുന്നോട്ടുപോകാന്‍ പറ്റുന്നില്ല. എപ്പോഴും ഫിലിംമേക്കേഴ്സ് ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ഉണ്ടാവും. ക്രിയേറ്റീവായുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഈ ടെക്നിക് എടുത്ത് ഉപയോഗിക്കേണ്ടി വരിക. ശബരിമല വിഷയമില്ലാത്ത ഇതിലും മികച്ചൊരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉണ്ടാക്കാമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അറിയില്ല. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട്, സിനിമയെ മുന്നോട്ടുകൊണ്ടുപോകണം, യാദൃച്ഛികവശാല്‍ ആ സമയത്ത്, ഞാന്‍ സിനിമ ആലോചിക്കുമ്പോ നാട്ടില്‍ ഈ വിഷയം നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതരം രക്ഷപ്പെടലാവുമോയെന്ന് പലവട്ടം ആലോചിച്ചു. കുറേയൊക്കെ അങ്ങനെ ആവുമ്പോഴും, അത് പ്രസക്തമല്ലെന്ന് ഞാന്‍ സമ്മതിച്ചുതരില്ല.
അതില്ലാത്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇതിലും മനോഹരമായിരിക്കും. എന്നാല്‍, അതുണ്ടാക്കാന്‍ എനിക്കറിയില്ല. പക്ഷേ ഞാന്‍ ചെയ്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കാര്യമല്ല. എന്റെ ഫിലിംമേക്കറുടെ കഴിവുകുറവുകൊണ്ട് കൂടെയാണത് സംഭവിക്കുന്നത്. ഈ വിമര്‍ശനവും സ്വീകാര്യതയുമൊക്കെയാണ് സിനിമയുടെ വിജയമെന്ന് വിചാരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]