
കോഴിക്കോട്, ലോകത്തിലെ പ്രധാന സാഹിത്യനഗരങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടതിന്റെ ആഘോഷങ്ങളോടൊപ്പം ഓര്‍ക്കേണ്ട ഒന്നുകൂടിയുണ്ട്, നമ്മുടെ സംസ്കാരചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു സംഗീതനഗരവും നാടകനഗരവുംകൂടിയാണ് കോഴിക്കോട്. സംഗീതത്തിന്റെയും നാടകത്തിന്റെയും ഈ മഹിതപൈതൃകംകൂടി ചേര്‍ന്നതാണ് ‘സാഹിത്യനഗരം’ എന്ന പദവിയുടെ സമഗ്രത.
കോഴിക്കോടിന്റെ ചരിത്രപ്രസിദ്ധമായ സംഗീതപ്രണയങ്ങളില് രാജ്യമില്ലാത്ത രാജകുമാരനായിരുന്ന ബാബുരാജിനെ ഓര്‍ത്തുകൊണ്ടുതുടങ്ങാം. പതിന്നാലാമത്തെ വയസ്സില്‍ ഈ നഗരത്തിലെ തെരുവുകളില്‍ പാടിനടന്ന മുഹമ്മദ് സാബിര്‍ ബാബു എന്ന അനാഥബാലനെ കുഞ്ഞിമുഹമ്മദ് എന്ന സംഗീതപ്രണയിയായ പോലീസ് കോണ്‍സ്റ്റബിള്‍ കണ്ടെത്തുകയും തെരുവില്‍നിന്ന് വീണ്ടെടുത്ത് ‘ബാബുരാജ്’ എന്ന സംഗീത ജീനിയസ്സിനെ സൃഷ്ടിക്കുകയും ചെയ്ത ഒരു വലിയ ജീവിതകഥ ഒരിക്കല്‍, നാടകാചാര്യനായ കെ.ടി. മുഹമ്മദ് എന്നോടു നേരിട്ട് പറഞ്ഞതോര്‍ക്കുന്നു.
ബാബുരാജിനെക്കുറിച്ച് മധു ജനാര്ദനന് സംവിധാനംചെയ്ത ഒരു ഡോക്യുമെന്ററി സിനിമയുടെ ചിത്രീകരണത്തില്‍ ഞങ്ങള്‍ രണ്ടുപേരും സഹകരിച്ചിരുന്ന കാലത്താണത്. ”ഞാനും കുഞ്ഞിമുഹമ്മദ്ക്കയുംകൂടി ടൗണിലങ്ങനെ ചുറ്റിനടക്കുമ്പോഴുണ്ട്, പുതിയ പോലീസ് ലൈന്‍ റോഡില്‍ ഒരാള്‍ക്കൂട്ടം. മനോഹരമായ ഒരു പാട്ടുകേള്ക്കുന്നു. പത്തുപതിന്നാലു വയസ്സായ ഒരു പയ്യന് തെരുവില്‍നിന്ന് പാടുകയാണ്. ഹൃദയദ്രവീകരണശേഷിയുള്ള ഹിന്ദുസ്ഥാനി രാഗം”-നാടകീയമായ രീതിയിലാണ് കെ.ടി. എന്തും വിസ്തരിക്കുക.
ഒരു നാടകംപോലെ കെ.ടി. അന്ന് ബാബുരാജിന്റെ കഥ പറഞ്ഞു. തെരുവില്‍നിന്ന് തുടങ്ങുകയും താരാപഥങ്ങളോളം വളര്ന്നുചെല്ലുകയും വീണ്ടും സ്വന്തം മണ്ണിലേക്കും ദാരിദ്ര്യത്തിലേക്കും മടങ്ങിച്ചെല്ലുകയുംചെയ്ത അനാഥനായ പച്ചമനുഷ്യന്റെ സംഗീതനിര്‍ഭരമായ ജീവിതയാത്ര. ”പാവമായിരുന്നു ബാബു. അവനെ ആര്‍ക്കും വേണ്ടവിധത്തില്‍ മനസ്സിലായില്ല. അര്‍ഹിക്കുന്ന അംഗീകാരം, ജീവിച്ചിരുന്നകാലത്ത് നമ്മള് അവനു നല്‍കിയില്ല.”-അതുപറയുമ്പോഴേക്കും കെ.ടി. വല്ലാതെ കിതച്ചിരുന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഒരുപക്ഷേ, തനിക്കുതന്നെയും അപരിചിതമായിരുന്ന സംഗീതാനുഭൂതിമണ്ഡലങ്ങളില് കണ്ണീരും സ്വപ്നങ്ങളും വില്ക്കാന് ചെന്ന ‘പാമരനാം പാട്ടുകാരന്’ ഇതിഹാസസമാനമായ ജീവിതം അപ്പോഴെനിക്ക് കാണാമായിരുന്നു. പ്രണയത്തിലും വിരഹത്തിലും ദുഃഖത്തിലും മരണത്തിലും ഹൃദയരാഗങ്ങള്‍ ചാലിച്ച് മനുഷ്യാത്മാവിന്റെ ഏകാന്തനിലവിളികളെ സംഗീതമാക്കിത്തീര്ത്ത സമാനതകളില്ലാത്ത ജീവിതം.
ബാബുരാജിനെ സൃഷ്ടിച്ച കോഴിക്കോടിന്റെ, വേണ്ടത്ര മനസ്സിലാക്കപ്പെടാതെപോയ ചരിത്രത്തില്‍, ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ട എത്രയോ സംഗീതപരമ്പരകളുണ്ട്. ഉസ്താദ് സദക്കത്തുള്ള, ഉസ്താദ് ഗുല്‍മുഹമ്മദ് സാഹിബ്, ഉസ്താദ് ജാന്‍ മുഹമ്മദ് സാഹിബ്, പണ്ഡിറ്റ് ദിലീപ് ഛന്ദ് ജോഗി, പുരന്ദര്‍ദാസ്, പണ്ഡിറ്റ് രാംറാവു മങ്കേഷ്കര്‍, തബലിസ്റ്റ് ബങ്കിച്ചന്, ഉസ്താദ് അന്വര്ഖാന്, വിന്‍സന്റ് മാഷ്, വയലിനിസ്റ്റ് ഹരിശ്ചന്ദ്ര ബോലെ, തിരൂര്‍ ഷാ തുടങ്ങി ഒട്ടുവളരെ നാടോടികളായ സംഗീതജ്ഞര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ ഉത്തരേന്ത്യന്‍ സംഗീതം പഠിച്ച് കോഴിക്കോട്ടും തിരൂരും പൊന്നാനിയിലുമൊക്കെ സംഗീതസദസ്സുകളില്‍ അതിഥികളായി എത്തിയിരുന്നു. അവരിലൊരാളാണ് ബാബുരാജിന്റെ പിതാവ് ഉസ്താദ് ജാന്‍ മുഹമ്മദ് സാഹിബ്.
സംഗീതം പഠിക്കാന്‍ സമ്പന്നസവര്ണര്ക്കുമാത്രം അവകാശമുള്ള കാലത്ത് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തിരസ്കൃതരുമായ അനേകം സാധാരണക്കാരെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഈ ബൊഹീമിയന്‍ സംഗീതജ്ഞരാണ്. അവരില്‍ പലരുമായും അവരുടെ ശിഷ്യപരമ്പരകളുമായും കഥാപ്രസംഗജീവിതകാലത്ത് അടുത്തിടപഴകാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.
1983-ല്‍ ഗ്രാമീണ്‍ ബാങ്കില്‍ ജോലികിട്ടി, ഒരു വര്‍ഷം കോഴിക്കോട് കല്ലായിറോഡില്‍ താമസിച്ച കാലത്ത് സഹപ്രവര്‍ത്തകനായ ദേവു (ഡ്രമ്മര്‍ ദേവദാസ്)വിനോടൊപ്പം ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബില്‍ ഞാന്‍ സ്ഥിരക്കാരനായിരുന്നു. ഉസ്താദ് രാഗ് റസ്സാക്ക്, തബലിസ്റ്റ് ഹരിനാരായണന്, സി.എം. വാടിയില്‍ തുടങ്ങി പലരും അന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബില്‍ അതിഥികളാണ്.
നാല്പതുകള്തൊട്ട് കോഴിക്കോട്ട് സജീവമായിരുന്ന പോസ്റ്റ്മാന് സേതുഭായിയുടെ ഈവനിങ് ക്ലബ്ബ്, ഉപ്പു മൊത്തവ്യാപാരിയായിരുന്ന സാള്‍ട്ട് മുഹമ്മദ്കോയയുടെ മാളിക, ആലിച്ചന്‍ എന്ന വലിയകം ആലിയുടെ നാലാം ഗേറ്റിലെ മാളിക, അറബിന്റകത്ത് കോയയുടെ കല്ലായിയിലെ മാളിക, ഹിന്ദുസ്ഥാന്‍ മ്യൂസിക് ക്ലബ്ബ്, ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബ് തുടങ്ങി നഗരത്തിന്റെ ഇടുക്കുകളിലും മടക്കുകളിലും പ്രവര്‍ത്തിച്ചിരുന്ന എണ്ണമറ്റ മ്യൂസിക് ക്ലബ്ബുകള്‍ കോഴിക്കോട് നഗരത്തില്‍ അത്യന്തം ജനകീയമായ ഒരു സംഗീതസംസ്കാരം സൃഷ്ടിച്ചെടുത്തിരുന്നു. വളരെ സാധാരണക്കാരായ തൊഴിലാളികള്‍വരെ അതില്‍ പങ്കുചേര്‍ന്നിരുന്നു.
ഒരര്‍ഥത്തില്‍ കെ.ടി.യുടെ നാടകജീവിതവും ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിന്റെ തുടര്‍ച്ചയാണ്. കോഴിക്കോടിന്റെ ആധുനിക നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണത്. വി.ടി., നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെ അരങ്ങത്തെത്തിക്കാനാണ് നാടകത്തിലൂടെ ശ്രമിച്ചതെങ്കില്‍, കെ.ടി., മുസ്ലിംസ്ത്രീകള്ക്കാണ് അരങ്ങിലൂടെ സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്നുകൊടുത്തത്. കെ.ടി.തന്നെ എഴുതിയ ‘കയിലുകള്‍ പിടിയ്ക്കണ കൈകളുണ്ടുയരണ്’ എന്ന നാടകഗാനം ഒരു കാലത്ത് മലബാറില്‍ സ്ത്രീമുന്നേറ്റത്തിന്റെ ശക്തിഗാഥയായിരുന്നു.
കെ.ടി.യുടെ നാടകങ്ങള്‍ കേരളത്തിന്റെ നവോത്ഥാനകലാചരിത്രത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. മതാതീതമായ മാനവികതയ്ക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു കെ.ടി.യുടെ ഓരോ നാടകവും. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന് കാരാഗൃഹത്തിലേക്ക്, അച്ഛനും ബാപ്പയും, കടല്‍പ്പാലം, കാഫര്‍, കൈനാട്ടികള്‍, സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങി നാല്പതിലേറെ നാടകങ്ങള്‍ കെ.ടി. എഴുതിയിട്ടുണ്ട്. മതങ്ങള്‍ക്കതീതമായ മനുഷ്യബന്ധങ്ങളായിരുന്നു എന്നും കെ.ടി.യുടെ പ്രമേയം. അവസാനശ്വാസംവരെ തന്റെ മാനവിക-മതേതര ബോധം അദ്ദേഹം പണയപ്പെടുത്തിയില്ല. മനുഷ്യനിലുള്ള വിശ്വാസം കൈവിട്ടതുമില്ല.
കോഴിക്കോട്ടെ നാടകഅരങ്ങിന്റെ വസന്തകാലമായിരുന്നു കെ.ടി.യുടെ നാടകക്കാലം. കോഴിക്കോട് കേന്ദ്രകലാസമിതി രൂപപ്പെട്ട കാലം. അതുപിന്നെ മലബാര്‍ കേന്ദ്രകലാസമിതിയായി. തിക്കോടിയന്, നെല്ലിക്കോട് ഭാസ്കരന്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ്, കെ.ടി. മുഹമ്മദ് യൂനസ്, കുഞ്ഞാവ, കുഞ്ഞാണ്ടി, ശാന്താദേവി, കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, ആഹ്വാന്‍ സെബാസ്റ്റ്യന്‍, വിക്രമന് നായര്‍, പി.എം. താജ് തുടങ്ങി അതുല്യ പ്രതിഭകളായ കലാകാരന്മാര്. ആ പൈതൃകത്തിന്റെ പ്രതിനിധിയായി വില്‍സണ്‍ സാമുവലും ഇബ്രാഹിം വെങ്ങരയുമൊക്കെ ഇന്നും ഇവിടെയുണ്ട്. എല്ലാ നാട്ടുവഴികളിലും നാടക അരങ്ങുകള്‍. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞാണെങ്കിലും കലാകാരന്മാരും കലാസമിതികളും സൃഷ്ടിച്ച സമ്പന്നമായ മനുഷ്യസംസ്കാരം.
പണിയെടുക്കുന്നവരുടെ പടയണി സൃഷ്ടിച്ചുകൊണ്ട് മലബാറിലെ കലാസമിതിപ്രസ്ഥാനം കലയുടെ രാഷ്ട്രീയപ്രയോഗങ്ങള്‍ക്ക് വഴിവെട്ടിത്തുറന്ന കാലം. തിക്കോടിയന് മാഷോടൊപ്പം കോഴിക്കോട്ടെ വേദികളില്‍ പ്രഭാഷകനായിരുന്ന കാലത്ത് അദ്ദേഹം എണ്ണമറ്റ കലാകാരന്മാരുടെ പേരുകള്‍ ഓര്ത്തുപ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. കോഴിക്കോടിന്റെ പരിസരങ്ങളില്‍ എല്ലാ ഗ്രാമത്തിലും അന്ന് നാടകവും സംഗീതവുമുണ്ട്.
ഒറ്റയ്ക്കൊരു നാടകചരിത്രമായിരുന്നു തിക്കോടിയന്. മലബാറിന്റെ നാടകവേദിയെ നിരന്തരം ചലനവത്താക്കിയ ആചാര്യന്. തിക്കോടിയന് എഴുതുകയും സംവിധാനം ചെയ്യുകയുംചെയ്ത നാടകങ്ങളെക്കാള്‍ പ്രധാനമാണ് അദ്ദേഹം സൃഷ്ടിച്ചെടുത്ത ജനകീയ അരങ്ങുകള്‍. ഒരുകാലത്ത് നാടകത്തെ അടിസ്ഥാനജനതയുടെ സ്വാതന്ത്ര്യപ്രക്ഷോഭമാക്കി മാറ്റിക്കൊണ്ട് കോഴിക്കോടിന്റെ ഓണംകേറാമൂലകളില്നിന്നുവരെ ഒട്ടേറെ പ്രതിഭകളെ അദ്ദേഹം കണ്ടെടുത്തു. കോഴിക്കോടിനെ സദാ ഉണര്ന്നിരിക്കുന്നൊരു സര്ഗകലാസങ്കേതമാക്കി.
ഒരിക്കലും മറക്കാത്ത സ്നേഹമായി തിക്കോടിയന് മാഷ് ഹൃദയത്തിലുണ്ട്. തിക്കോടിയില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രഭാഷണത്തിന് പില്ക്കാലത്ത് നിയോഗിക്കപ്പെട്ടതും ഓര്‍ത്തുപോവുന്നു. ഞങ്ങളെല്ലാം ആദരപൂര്‍വം ‘ആണ്ടിയേട്ട’നെന്ന് വിളിച്ചിരുന്ന കുഞ്ഞാണ്ടിയെ, അദ്ദേഹത്തിന്റെ അവസാനനാളുകളില്‍ കോഴിക്കോട്ടുനിന്ന് തിരൂരിലേക്ക് ഒരു പരിപാടിക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഭാഗ്യമുണ്ടായി. യാത്രയിലുടനീളം കോഴിക്കോടിന്റെ പഴയ നാടകകഥകള്‍ ആണ്ടിയേട്ടന്‍ പറഞ്ഞു. വളരെ ദുഃഖിതനായിരുന്നു അദ്ദേഹം. ”കോഴിക്കോട്ടെ നാടകക്കാര് മുഴുവന്‍ ഒരു കുടുംബമായിരുന്നു. ദുഃഖവും സന്തോഷവും ദാരിദ്ര്യവുമൊക്കെ ഒരുമിച്ച് പങ്കുവെച്ചവര്‍. ഇപ്പോഴതുപോലത്തെ സ്നേഹവും അടുപ്പവുമൊന്നുമില്ല.”
വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട്ടെ നാടകസുഹൃത്തുക്കളൊക്കെ ചേര്‍ന്ന് യാത്രയ്ക്ക് പണമുണ്ടാക്കി, സിനിമയിലഭിനയിക്കാന്‍ മദിരാശിയിലേക്ക് വണ്ടികയറ്റി വിട്ട കഥ അന്നദ്ദേഹമോര്ത്തു. വളരെ വൈകാതെ ആണ്ടിയേട്ടന്‍ പോയി. വാസുപ്രദീപ് ഏകാകിയും തിരസ്കൃതനുമെങ്കിലും അവസാനകാലത്തും കരുത്തനും ധിക്കാരിയുമായിരുന്നു. ചരിത്രംനടന്ന മിഠായിത്തെരുവിലെ ഇടുങ്ങിയ ഒരു വഴിയിലൂടെ, ഒരു കാലത്ത് കോഴിക്കോടിനെ കലയുടെ വിശാലസ്വാതന്ത്ര്യങ്ങളിലേക്കുനയിച്ച ‘പ്രദീപ് ആര്‍ട്സ്’ എന്ന കലാസങ്കേതത്തില്‍, പലതവണ ഞാനും തീര്‍ഥാടകനായി ചെന്നിട്ടുണ്ട്.
കോഴിക്കോട് അബ്ദുള്‍ ഖാദര്‍ എന്ന ‘കേരളത്തിന്റെ സൈഗാള്‍’ ജീവിതത്തിലുടനീളം അനുഭവിച്ചുതീര്‍ത്ത ദാരിദ്ര്യവും അവഗണനയും യാതനയും ലോകത്തെ അറിയിക്കാന്‍ വേണ്ടി, ജീവിച്ചിരുന്ന അബ്ദുള്‍ഖാദറിനെ ‘എ.കെ. കോഴിക്കോട്’ എന്നുപേരിട്ട് സ്വന്തം നാടകത്തില്‍ കൊന്നുകളഞ്ഞ ആളാണ് വാസുപ്രദീപ്. മരണാനന്തരം എ.കെ. കോഴിക്കോടിന് സ്മാരകമുണ്ടാക്കാന്വേണ്ടി പിരിച്ചെടുത്ത സ്മാരകസമിതിയിലേക്ക് മരിച്ച എ.കെ.. കോഴിക്കോട് നടന്നുചെല്ലുന്നു.’എന്റെ സ്മാരകത്തിനുവേണ്ടി പിരിച്ചപണം എനിക്കു താ. എനിക്ക് വിശക്കുന്നു. എന്റെ കുടുംബം പട്ടിണിയിലാണ്’ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ആ നാടകത്തില്‍ എ.കെ. കോഴിക്കോടായി അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ അതുപറഞ്ഞപ്പോള്‍ വാസുപ്രദീപ് ഉറക്കെ ചിരിച്ചു: ”മരിച്ചുകാണിച്ചുകൊടുത്താലും ഇവര്‍ക്കൊന്നും ഖാദര്‍ക്കായെ മനസ്സിലാവൂല മാഷേ” നവോത്ഥാനത്തിന്റെ പാട്ടുകാരനായിരുന്നു കോഴിക്കോട് അബ്ദുള്‍ഖാദര്‍. മലയാളിക്ക് മഹാസ്വപ്നങ്ങള്‍ കാണാന്‍ കഴിവുണ്ടായിരുന്ന ഒരുണര്ച്ചയുടെ കാലത്ത് ഓരോ കിനാവിന്റെ മാമ്പൂവുതിന്ന്, ഓരോരോ മോഹത്തിന് തേന്പഴംതന്ന്, കണ്ണീരിലും ചിരിച്ച് വസന്തസ്വപ്നങ്ങളുടെ പാട്ടുകള്‍ പാടിത്തന്ന പാട്ടുകാരന്.
ക്രിസ്തീയ കുടുംബത്തില്‍ പിറന്ന്, മുസല്‍മാനായി വളര്‍ന്ന് ഒടുവില്‍ ഒരു ഹിന്ദുസ്ത്രീയെ വിവാഹംകഴിച്ച് (കോഴിക്കോട് ശാന്താദേവി) അദ്ദേഹം ഒരു നവോത്ഥാനമാതൃക സൃഷ്ടിച്ചു. സമൂഹത്തിന്റെ വ്യവസ്ഥാപിതമായ നീതിശാസ്ത്രങ്ങളെ സ്വന്തം ജീവിതംകൊണ്ട് ചോദ്യംചെയ്തു. പോലീസ് കോണ്‍സ്റ്റബിള്‍ കുഞ്ഞിമുഹമ്മദാണ് കോഴിക്കോട് അബ്ദുള്‍ ഖാദറിനെയും കണ്ടെത്തി വളര്‍ത്തിയെടുത്തത്. ‘എങ്ങിനെ നീ മറക്കും കുയിലേ’ (പി. ഭാസ്കരന്, നീലക്കുയില്‍), ഇരുനാഴി മണ്ണിനായലയുന്ന കര്ഷകന് (പൊന്‍കുന്നം ദാമോദരന്റെ രചന), മായരുതേ വനരാധേ (വാസുപ്രദീപ്), പച്ചപ്പനംതത്തേ (പൊന്‍കുന്നം ദാമോദരന്‍, ബാബുരാജ്) തുടങ്ങിയ അനശ്വരഗാനങ്ങള്‍ ജീവിക്കുന്ന കാലംവരെ അബ്ദുള്‍ ഖാദറിനും മരണമില്ല.
കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ജന്മശതാബ്ദി ആഘോഷം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യാനും എനിക്ക് നിയോഗമുണ്ടായി.
തെരുവോരങ്ങളെയും പീടികവരാന്തകളെയും ക്ലബ്ബുകളെയും ചേരികളെയും അരങ്ങുകളാക്കി പട്ടിണിരാവുകള് പാടിപ്പാടി വെളുപ്പിച്ചാണ് അബ്ദുള്‍ ഖാദറിനെപ്പോലുള്ളവര് കോഴിക്കോടന്‍ സംഗീതചരിത്രത്തെ നവോത്ഥാനഭരിതമാക്കിയത് എന്നോര്‍ക്കാതെ വയ്യ.
ഒരുകാലത്ത് മലബാറില്‍ കമ്യൂണിസ്റ്റ് ശക്തിക്ക് അടിത്തറയിടുന്നതില്‍ കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജും മച്ചാട്ടു കൃഷ്ണനും മച്ചാട്ടു വാസന്തിയുമൊക്കെ പാടിയ പാട്ടുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്ട്ടിയോഗങ്ങളില് പാടിയാല്‍ അന്ന് പ്രതിഫലമില്ല. വിശന്നുപൊരിഞ്ഞ്, കൂലിയില്ലാതെ പാടിയ ആ വിപ്ലവത്തിന്റെ പാട്ടുകാരെ, അധികാരത്തിലേറിയ പുരോഗമനപ്രസ്ഥാനങ്ങളും പിന്നീട് മറന്നു.
ആഹ്വാന്‍ സെബാസ്റ്റ്യനോ മറ്റോ മുന്‍കൈയെടുത്ത് കോഴിക്കോട് ശാന്താദേവിക്ക് ടൗണ്‍ഹാളില്‍ നല്കിയ ആദരസമ്മേളനത്തില്‍ പ്രസംഗിക്കാനിടവന്നതും ഓര്‍ക്കുന്നു. ഒടുക്കം ഞാന്‍ ചെന്നുകാണുമ്പോള്‍ ശാന്താദേവി അവശയും അനാഥയുമായിരുന്നു. നിത്യസഹനത്തിന്റെയും യാതനയുടെയും നിഴല്പ്പാടുവീണ, ഇപ്പോള്‍ കരഞ്ഞുപോയേക്കുമെന്ന് തോന്നിപ്പിക്കുന്ന പക്ഷേ, നിശ്ചദാര്‍ഢ്യം നിറഞ്ഞതായിരുന്നു. ആ മുഖം
അവര്‍ ഉറപ്പിച്ചുപറഞ്ഞു:”നിങ്ങള്‍ നോക്കിക്കോ. ഞാന്‍ അഭിനയിച്ചുകൊണ്ടു നില്ക്കുമ്പോള്ത്തന്നെ മരിക്കും”.
അത്രത്തോളം കഴിഞ്ഞില്ലെങ്കിലും പിന്നീടും ഒരു സിനിമയില്‍ അഭിനയിച്ചാണ് അവര്‍ ജീവിതത്തിന്റെ അരങ്ങിനോട് വിടപറഞ്ഞത്.
ആഹ്വാന്‍ സെബാസ്റ്റ്യനും കോഴിക്കോടന്‍ അരങ്ങുകളുടെ ബഹുമുഖപ്രതിഭാ പ്രതിഭാസമായിരുന്നു. നടന്, സംവിധായകന്, ഗായകന്, സംഗീതസംവിധായകന് എന്നിങ്ങനെ പല വേഷങ്ങളാടി മറഞ്ഞ സെബാസ്റ്റ്യന്‍ അനുസ്മരണസമ്മേളനത്തിലും കോഴിക്കോട്ട് എനിക്ക് പ്രസംഗിക്കേണ്ടിവന്നു -അതൊക്കെ ഓര്‍ത്താല്‍ സങ്കടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]