
ചെന്നൈ: തമിഴ് സിനിമയിൽ മലയാളത്തിലെപ്പോലെ നടിമാർ ലൈംഗികാതിക്രമം നേരിടുന്നില്ലെന്നും അതിനാൽ ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യമില്ലെന്നും നടി ചാർമിള. ഒരു തമിഴ് ചാനലിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലാണ് ചാർമിള ഇങ്ങനെ അഭിപ്രായപ്പെട്ടത്. തമിഴിൽ ഒരു പ്രായംകഴിഞ്ഞാൽ നടിമാർക്ക് വലിയ ബഹുമാനം ലഭിക്കും. മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ലെന്നും ചാർമിള ആരോപിച്ചു.
തമിഴിൽ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ താരസംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാർത്തിയെയോ സമീപിച്ചാൽമതി. ഇവർ പരിഹാരംകാണും. മലയാളത്തിൽനിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെയുള്ള കോളുകൾ വന്നിട്ടുണ്ടെന്നും ചാർമിള പറഞ്ഞു.
സംവിധായകൻ ഹരിഹരൻ അടക്കം മലയാളത്തിൽ 28 പേർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ചാർമിള ആരോപിച്ചിരുന്നു.
തമിഴിലും നടിമാർ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്ന് നടി രാധിക ശരത്കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിയെപ്പോലെ തമിഴ്നാട്ടിലും സർക്കാർ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നടികർ സംഘം സമിതി രൂപവത്കരിക്കുമെന്ന് വിശാൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചാർമിളയുടെ പരാമർശംവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]