‘‘നൻപകൽ നേരത്ത് മയക്കം ഗംഭീരമായ സിനിമയാണല്ലേ. മമ്മുക്കയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. എന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം ചോദിച്ചപ്പോൾ ഒരുപാട് സന്തോഷംതോന്നി…’’ കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ഒരു നൻപകലിൽ കണ്ടുമുട്ടുമ്പോൾ സംസ്ഥാന അവാർഡ് നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിക്കാൻ വിളിച്ച കഥ പറഞ്ഞാണ് പ്രാചി ടെഹ്ലാൻ സംസാരിച്ചുതുടങ്ങിയത്. എന്നാൽ, ആ സംസാരം ഒഴുകിയെത്തിയത് മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന മറ്റൊരു വലിയ ‘അവാർഡി’ന്റെ മോഹത്തിലായിരുന്നു. ‘‘എനിക്ക് വീണ്ടും മലയാള സിനിമയിൽ അഭിനയിക്കണം. ഒരു അവാർഡ് കിട്ടുന്നതുപോലെ സന്തോഷമുള്ള കാര്യമാണ് അത്. ഇനിയും ഈ വഴിയിൽത്തന്നെ ഒഴുകിയെത്താനാണ് എന്റെ മോഹം…’’ മാമാങ്കം എന്ന സിനിമയിലെ ഉണ്ണിമായയായി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ പ്രാചി ടെഹ്ലാൻ ഇപ്പോൾ ഏറെ കൊതിക്കുന്നത് മലയാളത്തിലേക്കുള്ള മടക്കമാണ്. വിശേഷങ്ങളും പ്രതീക്ഷകളും പങ്കിട്ട് പ്രാചി ടെഹ്ലാൻ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.
മാമാങ്കത്തിലെ ഉണ്ണിമായയുടെ വിശേഷങ്ങൾ തന്നെയാണ് ഇപ്പോഴും പ്രാചിയുടെ മനസ്സിൽ പെയ്തൊഴിയാതെ നിൽക്കുന്നത്. ‘‘എന്റെ സിനിമാജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് മാമാങ്കത്തിലെ ഉണ്ണിമായ. ആ കഥാപാത്രം ചെയ്തിട്ട് ഇത്രയും കാലമായെങ്കിലും അതിന്റെ ഹാങ്ഓവർ എനിക്ക് ഇതുവരെ മാറിയിട്ടില്ലെന്നതാണ് സത്യം. മുംബൈയിൽ ഇക്യാവൻ എന്ന ടി.വി. സീരിയലിൽ അഭിനയിക്കുന്നതിനിടയിലാണ് എന്നെ മാമാങ്കത്തിന്റെ ഓഡിഷന് വിളിക്കുന്നത്. മുംബൈയിലെ ഓഡിഷനുശേഷം 25 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. കൊച്ചിയിൽനടന്ന ഫൈനൽ ഓഡിഷൻ കുഴപ്പമില്ലാതെ ചെയ്തെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തിൽ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഉണ്ണിമായയായിമാറാൻ മമ്മുക്കയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അഭിനയിക്കാനെത്തിയപ്പോൾ അദ്ദേഹം പകർന്നുതന്ന പാഠങ്ങൾ ഏറെയാണ്. ഉണ്ണിമായ എന്ന കഥാപാത്രം മനസ്സിൽവരുമ്പോഴൊക്കെ ഞാൻ മമ്മുക്കയെയും ഓർക്കും’’ -പ്രാചിയുടെ വാക്കുകളിൽ ഇപ്പോഴും മാമാങ്കത്തിന്റെ ഓർമകൾതന്നെ.
എല്ലാവർക്കും സുഖമല്ലേ
കേരളത്തിലേക്ക് വീണ്ടും വരുമ്പോഴും പ്രാചി പണ്ട് പഠിച്ചെടുത്ത ചില മലയാളം വാക്കുകൾ മറന്നിട്ടില്ല. ‘‘മലയാളം പഠിക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഭാഷതന്നെയാണ്. പക്ഷേ, ഇപ്പോൾ നിങ്ങളുടെ ഭാഷയിലെ ചില വാക്കുകളൊക്കെ എനിക്കറിയാം. ചേട്ടാ, ചേച്ചീ എന്നൊക്കെ വിളിക്കാനും സുഖമാണോ എന്നു ചോദിക്കാനുമൊക്കെ അറിയാം. എല്ലാവരോടും മലയാളത്തിൽ നമസ്കാരം പറയാനും അറിയാം. ചില മലയാളം വാക്കുകൾ പറയാൻ അറിയില്ലെങ്കിലും മറ്റുള്ളവർ പറയുമ്പോൾ അതിന്റെ അർഥം മനസ്സിലാകുന്നുണ്ട്. മാമാങ്കത്തിൽ അഭിനയിക്കുമ്പോൾ ഓരോ ഷോട്ടുകൾക്കുമുമ്പും മലയാളം ഡയലോഗുകൾ പറയാൻ പരമാവധി പരിശീലനം നടത്തിയിരുന്നു. അഭിനയത്തിനൊപ്പം ചുണ്ടുകളുടെ ചലനം കൃത്യമായി ചേരുന്നതാണ് പ്രധാനം. വലിയ കുഴപ്പമില്ലാതെ അത് ചെയ്യാൻകഴിഞ്ഞെന്നാണ് കരുതുന്നത്. മമ്മുക്കയും എന്റെ മലയാളം വാക്കുകൾ കേൾക്കാൻവേണ്ടി ചില തമാശകളൊക്കെ പറയുമായിരുന്നു.’’ -പ്രാചി മലയാളം പഠിച്ച കഥ പറഞ്ഞു.
പൊക്കം ഒരു പ്രശ്നമാണോ
മലയാള സിനിമയിലേക്ക് വീണ്ടും വരാൻ തീവ്രമായി ആഗ്രഹിക്കുന്ന പ്രാചി അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, തന്റെ ഉയരം മലയാളത്തിലെത്താൻ തടസ്സമാകുന്നുണ്ടെന്ന സങ്കടവും പ്രാചിക്കുണ്ട്. ‘‘മാമാങ്കത്തിന്റെ ഫൈനൽ ഓഡിഷനെത്തുമ്പോൾ കൂട്ടത്തിലെ ഏറ്റവും ഉയരക്കാരി ഞാനായിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരവും അത്ലറ്റിക് ശരീരവുമുള്ള എനിക്ക് കോസ്റ്റ്യൂം കൃത്യമാകുമോയെന്ന ആശങ്ക ചിലർക്കുണ്ടായിരുന്നു. എന്നാൽ, എന്റെ അഭിനയപാടവവും ചലനങ്ങളുമാണ് താൻ നോക്കിയതെന്നാണ് മാമാങ്കത്തിന്റെ സംവിധായകൻ പറഞ്ഞത്. ഓഡിഷൻ കഴിഞ്ഞ് അടുത്തദിവസം എന്നെ തിരഞ്ഞെടുത്തതായി സംവിധായകന്റെ ഫോൺവിളി വന്നപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എന്നാൽ, എന്നെപ്പോലെ ഉയരമുള്ള ഒരാൾക്ക് മലയാളത്തിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കിട്ടാൻ സാധ്യത കുറവാണെന്നാണ് പിന്നീടുള്ള കാലം തെളിയിച്ചത്. മലയാളത്തിലേക്ക് വരാൻ ചില ശ്രമങ്ങൾ നടത്തിയപ്പൊഴൊക്കെ അക്കാര്യം എനിക്ക് മനസ്സിലായി. നായകനെക്കാൾ ഉയരമുള്ള നായിക എന്ന സങ്കല്പം പലർക്കും ഉൾക്കൊള്ളാൻ കഴിയില്ലല്ലോ.’’ -പ്രാചി ചോദിക്കുന്നു.
പെൺസ്വപ്നങ്ങൾ പൂക്കട്ടെ
സിനിമയുടെ മേൽവിലാസത്തിനപ്പുറം കായികമേഖലയിൽ തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമായുള്ള പ്രാചി ആ വഴിയിൽ ചിലകാര്യങ്ങളൊക്കെ ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ്. ‘‘കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ്ബോൾ ടീമിനെ നയിക്കാൻ ഭാഗ്യംകിട്ടിയ ആളാണ് ഞാൻ. സ്കൂൾ പഠനകാലത്ത് ബാസ്കറ്റ്ബോളിലായിരുന്നു എനിക്ക് താത്പര്യം. സ്കൂളിൽ തുടങ്ങിയ ബാസ്കറ്റ്ബോളിലൂടെ ദേശീയതലത്തിൽവരെ എത്താനായി. പെൺകുട്ടികൾക്ക് കായികമേഖലയിൽ മുന്നേറാൻ ഇപ്പോൾ പണ്ടെത്ത ക്കാൾ കൂടുതൽ അവസരങ്ങളും സാഹചര്യങ്ങളുമുണ്ട്. അതേസമയം അതൊക്കെ നിഷേധിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം പെൺകുട്ടികളെ കായികരംഗത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് ചില പ്രോജക്ടുകൾ ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രാചി ടെഹ്ലാൻ ഫൗണ്ടേഷൻ (പി.ടി.എഫ്.) ഏറ്റവും വലിയ പ്രോജക്ടായി കാണുന്നത് ഈ പെൺസ്വപ്നങ്ങളുടെ പൂവിടൽതന്നെയാണ്.’’ -പ്രാചി പറയുന്നു.
സദ്യയും പരിപ്പ് പായസവും
ഇത്തവണ ഓണം കേരളത്തിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷവും പ്രാചിക്കുണ്ട്. ‘‘ഓണത്തിന് മലയാളികൾക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണ് സമ്മാനിച്ചത്. ഇത്തവണ ഓണത്തിന് കൊച്ചിയിൽ കുറെ പരിപാടികളിൽ ഞാൻ പങ്കെടുത്തു. നിങ്ങളുടെ സദ്യ എനിക്ക് എന്നും ഒരുപാടിഷ്ടപ്പെട്ട വിഭവമാണ്. പരിപ്പ് പായസമാണ് സദ്യയിലെ ഫേവറിറ്റ് ഐറ്റം. പരിപ്പ് പായസം എത്ര കുടിച്ചാലും എനിക്ക് മതിവരില്ല. മലയാളത്തിലെ അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ നടത്തുന്ന കലാഷോയിലേക്ക് ക്ഷണം കിട്ടിയതും ഒരു ഓണസമ്മാനമായിരുന്നു. കൊച്ചിയിൽ ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ പങ്കെടുത്തപ്പോൾ കിട്ടിയ അനുഭവങ്ങളെല്ലാം ഏറെ രസകരമായിരുന്നു. നേരത്തേ മാമാങ്കത്തിൽ അഭിനയിക്കാൻ ഞാൻ മോഹിനിയാട്ടം പഠിച്ചിരുന്നു. മുംബൈയിൽ മുരളി എന്നയാളിന്റെ കീഴിലാണ് മോഹിനിയാട്ടത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചത്. ദിവസം മുഴുവൻ തിരക്കുള്ള കാലത്താണ് മോഹിനിയാട്ടം പഠിക്കേണ്ടിവന്നത്. മാമാങ്കത്തിൽ അഭിനയിക്കുമ്പോഴാണ് ഞാൻ പഠിച്ച നൃത്തമൊന്നും മതിയായിരുന്നില്ലെന്ന് മനസ്സിലായത്.’’ -ഓണത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും പറയുമ്പോൾ പ്രാചിയുടെ മുഖത്ത് നിറഞ്ഞ ചിരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]