തൃപ്പൂണിത്തുറ: പഴയകാലത്തെ പ്രമുഖ നാടക-സിനിമ നടൻ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിൽ വർഗീസ് കാട്ടിപ്പറമ്പൻ (88) അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു കാലത്ത് വെള്ളിത്തിരയിലും നാടക അരങ്ങിലും നായകനായി നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു വർഗീസ്.
അക്കാലത്ത് നാടകവേദികളിൽ ‘സ്റ്റേജിലെ സത്യൻ’ എന്ന വിശേഷണമായിരുന്നു കാട്ടിപ്പറമ്പന് ഉണ്ടായിരുന്നത്.
സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ആ വിളിപ്പേരിനു കാരണം. സിനിമയിൽ പ്രസാദ് എന്നായിരുന്നു പേര്. 1971-ൽ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങൾ’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ വർഗീസ് കാട്ടിപ്പറമ്പൻ വെള്ളിത്തിരയിൽ നായകനായത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയിൽ ഷീലയായിരുന്നു വർഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയിൽ രാഗിണി, ജയഭാരതി എന്നിവർ നായികമാരായി. പിന്നീട് അധികനാൾ സിനിമയിൽ തുടർന്നില്ല.
1954-ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയിൽ നായകനായാണ് വർഗീസ് കാട്ടിപ്പറമ്പൻ നാടകരംഗത്തെത്തിയത്. തുടർന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിൾ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകൾക്കു വേണ്ടിയും നായകനായി അഭിനയിച്ചു. ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു.
1977-ൽ നാടകരംഗത്തോടും വിടപറഞ്ഞു. ഇടയ്ക്ക് ശാപമോക്ഷം, വാരഫലം, ഇത്തിരി നേരം ഒത്തിരി കാര്യം എന്നീ സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ‘തലമുറകൾ’ എന്ന മെഗാ സീരിയലിൽ ഡബിൾ റോളിലും അഭിനയിച്ചു.
സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമടക്കം ബഹുമതികൾ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അഭിനേതാവായിരുന്നു വർഗീസ് കാട്ടിപ്പറമ്പൻ.
ഭാര്യ: തൃപ്പൂണിത്തുറ അമ്പലത്തിങ്കൽ കുടുംബാംഗം റോസമ്മ. മക്കൾ: പരേതനായ അലൻ റോസ്, അനിത റോസ്, ആർളിൻ റോസ്, മരുമക്കൾ: ഷാർമിള ആർളിൻ, എം.പി. വർഗീസ് (എഫ്.എ.സി.ടി. ഉദ്യോഗമണ്ഡൽ). സംസ്കാരം ശനിയാഴ്ച 4-ന് തൃപ്പൂണിത്തുറ സെയ്ൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]