വാഗമൺ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്‍ഡി ലിവര്‍ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും വാഗമണ്ണില്‍ ഇന്നു സഞ്ചാരികള്‍ക്കായി തുറന്നുനല്‍കും. ചില്ലുപാലം അടക്കം ത്രില്ലടിപ്പിക്കുന്ന എട്ട് അഡ്വഞ്ചര്‍ റൈഡുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വൈകുന്നേരം അഞ്ചിനു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ഓണത്തോടനുബന്ധിച്ചു തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു.
അതേസമയം മൂന്നു കോടി മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ഗ്ലാസ് ബ്രിഡ്ജിനു പുറമെ ആകാശ ഊഞ്ഞാല്, റോക്കറ്റ് ഇജക്ടര്‍, ജയന്റ് സിംഗ്, സിപ്ലൈന്‍, സ്കൈ സൈക്ലിംഗ്, സ്കൈ റോളര്‍, ഫ്രീഫോള്‍ എന്നിവയാണ് പുതുതായി ഒരുക്കിയിരിക്കുന്ന അഡ്വഞ്ചര്‍ റൈഡുകള്‍. വിദേശ രാജ്യങ്ങളിലും മറ്റുമുള്ള കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. ആറു കോടിയുടെ സാഹസിക റൈഡുകളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്നു ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഡിടിപിസിയും പെരുമ്ബാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. 500 രൂപയാണ് പ്രവേശന ഫീസ്. പദ്ധതിയില്‍നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനം ഡിടിപിസിക്കു ലഭിക്കും.
സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ ഒരു വശത്തു മാത്രം ഉറപ്പിച്ചിരിക്കുന്ന ചില്ലുപാലമാണ് സജ്ജമാക്കിയിരിക്കുന്നത്. നീളം 40 മീറ്റര്‍. അഡ്വഞ്ചര്‍ പാര്‍ക്കില്‍നിന്നു കാടിന്റെ മുകളിലൂടെ നീണ്ടുനില്‍ക്കുന്ന ചില്ലുപാലം 150 അടി ഉയരത്തില്‍നിന്നുള്ള കാഴ്ചകള്‍ സമ്മാനിക്കും. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും. ജര്മനിയില്നിന്നെത്തിച്ച ഗ്ലാസും 35 ടണ്‍ സ്റ്റീലുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്.
സമ്മേളനത്തില്‍ വാഴൂര്‍ സോമന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാവും. എംഎല്‍എമാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. നിത്യ എന്നിവര്‍ പ്രസംഗിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]