സിനിമയ്ക്ക് പുറമേ സമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന നടനാണ് വിശാല്‍. നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന വിശാല്‍ ഭാവിയില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയെ ഒരു വിദ്യാര്‍ഥിനിയെ തന്റെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് വിശാല്‍.
മാര്‍ക്ക് ആന്റണി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങില്‍ തനിക്ക് ഒരു മകളുണ്ടെന്ന് പറഞ്ഞാണ് വിശാല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. താന്‍ വിവാഹിതനല്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, ഒരു മകളുണ്ട് എന്ന മുഖവുരയോടെയാണ് വിശാല്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചത്. ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും വിശാല്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ ഒരു സുഹൃത്തു വഴിയാണ് വിശാല്‍ കണ്ടുമുട്ടിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സ്റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് പെണ്‍കുട്ടിയുടെ സ്വപ്നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞ വിശാല്‍ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.
വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റണ്‍ മേരി പറഞ്ഞു. “എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത് സ്വപ്നമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്നമാണ്. സാധിക്കില്ല എന്നതൊക്കെ. പക്ഷേ വിശാല്‍ അണ്ണന് വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും”- ആന്റണ്‍മേരി പറഞ്ഞു.