
ബാല്യകാല സുഹൃത്തിൻ്റെ വിയോഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി നടി കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ നേരിടാൻ താൻ ഏറെ ബുദ്ധിമുട്ടിയെന്നും തൻ്റെ സുഹൃത്തിനെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കീർത്തി സുരേഷ് കുറിച്ചു.
ഒരു മാസം മുൻപാണ് കീർത്തി സുരേഷിൻ്റെ ബാല്യകാല സുഹൃത്ത് മനീഷ നായർ അന്തരിച്ചത്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു മനീഷ. മനീഷയുടെ ജന്മദിനത്തിലാണ് കീർത്തി സുരേഷ് ഓർമകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. മനീഷയ്ക്കും മറ്റ് കൂട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.
’കഴിഞ്ഞ കുറച്ച് ആഴ്ചകൾ നേരിടാൻ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എൻ്റെ ബാല്യകാല സുഹൃത്ത് ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല. 21-ാം വയസ്സിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം എട്ട് വർഷത്തോളം അവൾ പോരാടി. കഴിഞ്ഞ നവംബറിൽ അവളുടെ മൂന്നാമത്തെ സർജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓർമയായിരുന്നു അത്. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് അവൾ കരഞ്ഞു. അവളുടെ മുൻപിൽ എന്റെ വേദന പുറത്തറിയിക്കാതെ ഞാൻ പിടിച്ചുനിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു.
അവൾ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഞാൻ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു പെൺകുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അതിനെനിക്ക് ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാൽ, അവൾ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുൻപ് അവൾ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ നിന്നെ ഓർക്കുന്നു. ഈ ഓർമകൾ എന്നെന്നേക്കുമാണ്’, കീർത്തി സുരേഷ് കുറിച്ചു.
നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. നടിക്ക് സാന്ത്വനമേകുന്ന വാക്കുകൾ ഇവർ പങ്കുവെച്ചു. സഹതാരങ്ങളും നടിയെ ആശ്വസിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]