
കൊച്ചി: സിനിമകളുടെ സാമൂഹികമാധ്യമപ്രചാരണം ഏറ്റെടുക്കുന്ന ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾക്കും ഓൺലൈൻ ചാനലുകൾക്കും കടിഞ്ഞാണിടാൻ നിബന്ധനകളുമായി സിനിമാനിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
നിബന്ധനകൾ പാലിക്കുന്നവർക്കേ അക്രെഡിറ്റേഷൻ നൽകൂ. അസോസിയേഷന്റെ അംഗീകാരമുള്ള ഓൺലൈൻ ചാനലുകളെ മാത്രമേ പ്രമോഷൻ പരിപാടികളിൽ പ്രവേശിപ്പിക്കൂവെന്നും സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
നിബന്ധനകൾ
ചാനലുകൾ കേന്ദ്രസർക്കാരിന്റെ ഉധ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ജി.എസ്.ടി. രജിസ്ട്രേഷൻ, ടാൻ നമ്പർ എന്നിവ നിർബന്ധം.
സ്ഥാപനത്തിന്റെ ലോഗോക്ക് ട്രേഡ് മാർക്ക് രജിസ്ട്രേഷൻ വേണം. പ്രവർത്തനക്ഷമമായ വെബ്സൈറ്റ് ഉണ്ടായിരിക്കണം.
കമ്പനിയുടെ പ്രവർത്തനത്തെയും ഉടമകളെയും കുറിച്ചുള്ള വിശദാംശങ്ങൾ, സിനിമാമേഖലയിലെ അംഗീകൃത പി.ആർ.ഒ.യുടെ സാക്ഷ്യപത്രം എന്നിവ വേണം.
അപേക്ഷകൾ ജൂലായ് 20-നുള്ളിൽ നൽകണം. ഫെഫ്കയ്ക്കു കീഴിലാണ് പി.ആർ.ഒ. യൂണിയൻ പ്രവർത്തിക്കുന്നത്. അതിനാലാണ് അവർ മുഖേനെ ഓൺലൈൻ ചാനലുകളെ വിവരമറിയിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തുനൽകിയത്.
ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളും ഓൺലൈൻ ചാനലുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അസോസിയേഷന് പരാതികൾ ലഭിച്ചിരുന്നു. ഫെഫ്കയുമായും ഓൺലൈൻ ചാനൽപ്രതിനിധികളുമായും നടത്തിയ ചർച്ചയ്ക്കുശേഷമാണ് നിബന്ധനകൾ കൊണ്ടുവരാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]