
നിഷ സാരംഗിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘എഴുത്തോല’ നാളെ (5 ജൂൺ 2024) മുതൽ തിയറ്ററുകളിലെത്തും. സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നരേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഈ ചിത്രം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സാധാരണക്കാരായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ദൃശ്യാവിഷ്കരിക്കുന്നത്. പാറുക്കുട്ടി ആശാതിയുടെയും ഭർത്താവ് കൃഷ്ണൻ ആശാൻ്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ടി.ശങ്കറും സതീഷ് ഷേണായിയും ചേർന്നാണ് നിർമ്മിക്കുന്നത്.
പഴയ അർദ്ധ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ സ്ത്രീ അധ്യാപികയെയാണ് ആശാതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പുരുഷ അധ്യാപകനെ ആശാൻ എന്നും വിളിക്കുന്നു. ആശാതിയുടെ മുതിർന്ന വിദ്യാർത്ഥിയായ നന്ദൻ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയ ശേഷം മകളുടെ ആദ്യാക്ഷരം എഴുതിക്കുന്നതിനായ് നാട്ടിലെത്തിയപ്പോൾ ആശാൻ്റെയും ആശാത്തിയുടെയും ദുഃഖകരമായ വിയോഗത്തെക്കുറിച്ചും അവരുടെ ദുരിതപൂർണവും ദാരുണവുമായ അവസാന നാളുകളെക്കുറിച്ചും അറിയുന്നു. തുടർന്ന് നന്ദൻ അവർക്കായ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
ശങ്കർ, കൃഷ്ണ പ്രസാദ്, ഹേമന്ദ് മേനോൻ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘എഴുത്തോല’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഗോപൻ മങ്കാട്ട്, സുന്ദര പാണ്ഡ്യൻ, ജയകൃഷ്ണൻ, പ്രഭു, അനുപമ, സ്വപ്ന പിള്ള, പോളി വൽസൻ, രഞ്ജിത്ത് കലാഭവൻ, മാസ്റ്റർ ജെറാമി, മാസ്റ്റർ ശ്രീയാൻഷ്, എല്ല മരിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒളപ്പമണ്ണ, ബിലു വി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാരയും പ്രശാന്ത് കർമ്മയും ചേർന്ന് സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ മധു ബാലകൃഷ്ണൻ, നയന നായർ, ശ്രേയ ജയദീപ്, അഭിജിത്ത് വിജയൻ എന്നിവരാണ് ആലപിക്കുന്നത്.
ഛായാഗ്രഹണം: ശ്രീജിത്ത് പാച്ചേനി, ചിത്രസംയോജനം: ഹരീഷ് മോഹൻ, കലാസംവിധാനം: സതീഷ് നെല്ലായ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]