
നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിൽ ഏറ്റവുമധികം വിസ്മയിപ്പിച്ചതാരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളുടേയും ഉത്തരം ഒന്നുതന്നെയാകും, ബിഗ് ബി… അമിതാഭ് ബച്ചൻ. തന്റെ തലപ്പൊക്കത്തേക്കാൾ തലയെടുപ്പുള്ള അഭിനയം തന്നെയാണ് ബച്ചൻ്റെ പ്രത്യേകത. കരിയറിൽ ഇത്രയും കാലം കാണിച്ച മാസിനും മുകളിൽ വലിയ മാസ് തൻ്റെ 81-ാം വയസ്സിൽ കാണിച്ചിരിക്കുകയാണ് താരം, പ്രഭാസ് നായകനായെത്തിയ ‘കൽക്കി’ എന്ന ചിത്രത്തിലൂടെ.
പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളുമായി അശ്വത്ഥാമാവായി തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ് അമിതാഭ് ബച്ചൻ. പ്രഭാസിനൊപ്പമുള്ള ആക്ഷൻ രംഗങ്ങളിൽ അമിതാഭ് ബച്ചന്റെ അത്യുഗ്രൻ പെർഫോമൻസിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് അമിതാഭ് ബച്ചന്റെ ഒരു ചിത്രം ഇന്ത്യയൊട്ടാകെ അലയൊലികൾ തീർക്കുന്നത്.
അമിതാഭ് ബച്ചൻ്റെ അഭിനയത്തിൻ്റെ മൂർച്ച മുൻപത്തേതിനെക്കാൾ വർധിച്ചുവെന്നാണ് ആരാധകരുടെ അഭിപ്രായം.അഭിനയ സാധ്യതയേറെയുള്ള അശ്വത്ഥാമായുടെ ഓരോ ഘട്ടവും കൃത്യമായി അടയാളപ്പെടുത്താൻ ബച്ചനായിട്ടുണ്ട്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ സിനിമയെ ആവേശഭരിതമാക്കുന്നതിൽ ഈ കഥാപാത്രത്തിന് വലിയ പങ്കുതന്നെയുണ്ട്. ആക്ഷൻ രംഗങ്ങളിൽ പ്രായത്തെ പോലും തോൽപ്പിക്കുന്ന ബച്ചൻ മാജിക്ക് ശരിക്കും തിയറ്റർ അനുഭവം തന്നെയാണ്.
അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് ഭാവപരിണാമങ്ങൾ ഏറെയുണ്ട്. പതിയെ തുടങ്ങി ആവേശത്തിന്റെ കൊടുമുടിയിലേക്ക് കഥാപാത്രം പ്രേക്ഷകരെ എത്തിക്കുന്നു. കഥാപാത്രത്തിൻ്റെ മാറ്റങ്ങൾ താരം തിരശ്ശീലയിൽ പകർന്നാടിയ രീതി അഭിനയം പഠിക്കുന്ന വിദ്യാർഥികൾക്കും ഒരു പാഠമാണ്. ടിവിയിൽ മാത്രം കണ്ടു പരിചയിച്ച അമിതാഭ് ബച്ചന്റെ പ്രകടനം നിറഞ്ഞ സദസ്സിൽ ബിഗ് സ്ക്രീനിൽ കണ്ട് അനുഭവിക്കാനുള്ള അവസരംകൂടിയാണ് കൽക്കി.
ചിത്രം രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കൽക്കിയുടെ കഥ ദ്രുതഗതിയിൽ മുന്നേറുന്നതിൽ ബച്ചൻ്റെ കഥാപാത്രം നിർണായകമാകുന്നുണ്ട്.
സ്റ്റെെലിഷായി പ്രഭാസ് എത്തുമ്പോഴും കെെയടികൾ വീഴുന്നത് ഈ 81-കാരൻ്റെ ചടുല നീക്കങ്ങൾക്കാണ്. പഴയതിനേക്കാൾ ഇരട്ടി വീര്യത്തോടെ ബിഗ്സ്ക്രീനിൽ നിറഞ്ഞാടുന്ന ബച്ചനെയാണ് പ്രേക്ഷകർ കാണുന്നത്. ആക്ഷനിൽ മാത്രമല്ല, വൈകാരിക രംഗങ്ങളിലും ഉഷാറാണ് ബച്ചൻ.
കൽക്കിയുടെ രണ്ടാം വരവിലെ ബച്ചൻ്റെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എതിരെ കമൽഹാസൻ വരുന്നതും ത്രില്ലടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ നെടുംതൂൺ കൂടിയാണ് താനെന്ന് ബച്ചൻ അടിവരയിടുന്നുമുണ്ട് ‘കൽക്കി‘യിലൂടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]