
റിലീസ് ചെയ്ത് 20 വർഷങ്ങൾക്കുശേഷവും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ് ധരണി-വിജയ് ടീമിന്റെ ഗില്ലി. അടുത്തിടെ റീ റിലീസ് ചെയ്ത ചിത്രത്തിന് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിനെന്നപോലെയുള്ള വരവേല്പാണ് തമിഴ് പ്രേക്ഷകർ നൽകിയത്. റീ റിലീസ് സമയത്ത് സിനിമയേക്കുറിച്ച് പ്രചരിച്ച ഒരു കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ധരണി.
വിജയ് ആയിരുന്നില്ല, വിക്രം ആയിരുന്നു ഗില്ലിയിലെ നായകവേഷത്തിൽ എത്തേണ്ടിയിരുന്നത് എന്നൊരു വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. വിക്രമിന്റെ ഡേറ്റ് പ്രശ്നം കാരണം ഈ കഥാപാത്രം വിജയിലേക്ക് എത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ വന്നു. അടുത്തിടെ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ധരണി. ഗില്ലിയിലെ നായകനായി വിജയ് മാത്രമേ മനസിലുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
“ധൂൾ എന്ന ചിത്രം ഇറങ്ങിയതിനാൽ അടുത്തചിത്രവും വിക്രമിനെവെച്ച് ചെയ്യാമെന്നുള്ള രീതിയിൽ ചില ചർച്ചകളൊക്കെ നടന്നിരുന്നു. ധൂൾ ഹിറ്റായതിന് പിന്നാലെ വിക്രം നല്ല തിരക്കിലായി. സാമി എന്ന സിനിമ ചെയ്യാൻ അദ്ദേഹം പോയി. യഥാർത്ഥത്തിൽ ധൂളിന് മുൻപ് ചെയ്യേണ്ടിയിരുന്ന പടമായിരുന്നു സാമി. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ മഹേഷ് ബാബുവിന്റെ ഒക്കഡു എന്ന ചിത്രം തിയേറ്ററിൽ കാണുന്നത്. കബഡി താരത്തിന്റെ കഥയായും റോഡ് മൂവിയായുമെല്ലാം കാണാവുന്ന കഥയാണത്.
നിർമാതാവ് എ.എം. രത്നത്തെ കണ്ട് ഈ ചിത്രം റീമേക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നും വിജയ് നായകനായാൽ നന്നായിരിക്കുമെന്നും പറഞ്ഞു. വിജയ് ഒക്കഡു കണ്ടശേഷം ഈ ചിത്രം ധരണി ചെയ്താൽ നന്നാവുമെന്ന് ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട്. പോസിറ്റീവ് ആറ്റിറ്റ്യൂഡും എനർജിയുമുണ്ടായാൽ എല്ലാം നല്ലതുപോലെ നടക്കും.” ധരണി വിശദീകരിച്ചു.
ഇന്ത്യയിൽ മാത്രമല്ല യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും ഗില്ലി റീ റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ റിറിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയിലും ഗില്ലി സ്ഥാനം നേടി. കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തിൽ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാർഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]