
ഈ വർഷം പുറത്തിറങ്ങിയ മലയാളസിനിമകളിൽ ട്രെൻഡ്സെറ്റർ എന്ന് വിശേഷണമുള്ള ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിക്കുകയും നേരിൽക്കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകിയിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്.
രണ്ട് ദിവസങ്ങൾക്കുമുമ്പ് രജനികാന്തിനുവേണ്ടി മഞ്ഞുമ്മൽ ബോയ്സിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സംവിധായകൻ ചിദംബരം ഉൾപ്പെടെയുള്ളവരെ രജനികാന്ത് ചെന്നൈയിലെ വസതിയിലേക്ക് ക്ഷണിച്ചത്. സംവിധായകന് പുറമേ നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ, അരുൺ കുര്യൻ എന്നിവരും രജനികാന്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാനെത്തിയിരുന്നു.
സൂപ്പർതാരത്തിനൊപ്പമുള്ള മഞ്ഞുമ്മൽ ബോയ്സ് സംഘത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സംവിധായകൻ ചിദംബരവും രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിൽ ആദ്യമായി 200 കോടി നേടുന്ന സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാളചിത്രവും മഞ്ഞുമ്മൽ ബോയ്സ് ആണ്. 50 കോടിയിലധികംരൂപയാണ് ഡബ് ചെയ്യാതെ മലയാളത്തിൽത്തന്നെ പ്രദർശനത്തിനെത്തിയ ചിത്രം തമിഴകത്തുനിന്ന് നേടിയത്. അമേരിക്കയിൽ ആദ്യമായി 10 ലക്ഷം ഡോളർ നേടിയ മലയാളചിത്രമെന്ന നേട്ടവും സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിറും മാനേജർ ഷോൺ ആന്റണിയും ചേർന്ന് നിർമിച്ച ഈ സിനിമയ്ക്കുതന്നെ. കർണാടകയിലും വൻഹിറ്റാണ്. ഫെബ്രുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്.
175 കോടി നേടിയ ‘2018’ ആയിരുന്നു ഇതുവരെ മലയാളത്തിൽ ഏറ്റവുമധികം വരുമാനം നേടിയ സിനിമ. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുഗു മൊഴിമാറ്റപ്പതിപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്. ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നതിനുള്ള ഓഫറും സംവിധായകൻ ചിദംബരത്തെ തേടിയെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]