
ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ലാപ്ടേപ്പിലേയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. കുറഞ്ഞ കാലയളവില്‍ 30 ഓളം തവണ ദുബായ് സന്ദര്‍ശനം നടത്തിയിട്ടുള്ള രന്യ വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭാഗമായതായാണ് ഡി.ആര്.ഐ സംശയിക്കുന്നത്. ലോക്കായതിനാല്‍ രന്യയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ് തുറന്ന് പരിശോധിക്കാന്‍ ഡി.ആര്.ഐക്ക് ആയിട്ടില്ല. ഇത് തുറന്ന് പരിശോധിച്ചാല്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ രന്യയുടെ മുഖത്തുള്ള ക്ഷതവും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്താണ് സ്വര്‍ണക്കടത്തിന് നിയോഗിച്ചതെന്നായിരുന്നു രന്യ ഡിആര്‍ഐക്ക് ആദ്യം നല്കിയ മൊഴി. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങളും നടക്കും.
ദുബായില്‍ ശക്തമായ ബന്ധം രന്യക്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ദുബായില്‍നിന്ന് എത്തിക്കുന്ന സ്വര്‍ണം ഒരു സംഘത്തിനാണ് കൈമാറുന്നതെന്ന് രന്യ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ് വിമാനത്താവളത്തില്‍വെച്ചാണ് രന്യ തുടയിലും അരക്കെട്ടിലും വെച്ച് സ്വര്‍ണക്കെട്ടികള്‍ ടേപ്പും ക്രേപ്പ് ബാന്‍ഡേജും ഉപയോഗിച്ച് പൊതിഞ്ഞതെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
ദുബായിയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രന്യയെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രോട്ടോക്കോള്‍ സംരക്ഷണം നല്കി പരിശോധനകളില്ലാതെ പുറത്തേക്ക് കൊണ്ടുപോയിരുന്നത്.
നടിയുടെ മൊഴി മൂന്നുതവണ രേഖപ്പെടുത്തിയതിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റങ്ങളൊന്നും അവര്‍ നിഷേധിച്ചിട്ടില്ലെന്നും കേസില്‍ മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിആര്‍ഐ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രന്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നടന്നത് സംബന്ധിച്ചും കള്ളക്കടത്തിന്റെ കൂടുതല്‍ വിവരങ്ങളറിയുന്നതിനും രന്യയുടെ കസ്റ്റഡി ആവശ്യമാണെന്നും ഡിആര്‍ഐ അഭിഭാഷകന് കോടതിയെ അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]