
നടൻ കലാഭവൻ മണിയുടെ ഒൻപതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകൻ വിനയൻ. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് വിനയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അകാലത്തിലുള്ള മണിയുടെ മരണം തന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാഭവൻ മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെന്ന് വിനയൻ കുറിച്ചു. സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ തന്റെ മുന്നിൽ വന്നുപെടാതെ ഓടിമാറുന്ന മണിയേയും താൻ അന്ന് കണ്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ ഉണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ എടുക്കാൻ തന്നെ പ്രേരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ പവർഗ്രൂപ്പ് എന്ന് ഇന്നറിയപ്പെടുന്ന ഫിലിം ഇൻഡസ്ട്രയിലെ വിവരദോഷികളായ ചില സംവിധായകരും നടൻമാരും ചേർന്ന് മലയാള സിനിമയിൽ അന്നു കാട്ടിക്കൂട്ടിയ വൃത്തികേടുകളും താൻപോരിമയും ഒരു വമ്പനേയും ഭയക്കാതെ വിളിച്ചു പറയാനും അത് ചരിത്രത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞുവെന്നും വിനയൻ പറഞ്ഞു.
”അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട എന്നു പേരിട്ട ഒരു സിനിമയുടെ പൂജക്ക് വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകൻ സലിം ബാവയുടെയും മണിയുടെയും നിർബന്ധപ്രകാരം ഞാൻ പോയി ആ കർമ്മം നിർവ്വഹിച്ചിരുന്നു. ഞാൻ വിളക്കു കൊളുത്തി എന്ന ഒറ്റക്കാരണത്താൽ ആ സിനിമ നടത്താൻ ഫെഫ്കയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ചില സംവിധായകർ അന്ന് സമ്മതിച്ചില്ല. ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലേ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു. ഗത്യന്തരമില്ലാതെ ആ നിർമ്മാതാക്കൾ സിനിമയുടെ പേരുമാറ്റി “പ്രമുഖൻ” എന്നാക്കി സംവിധായകൻ ബി.ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി. എങ്ങനുണ്ട് നമ്മുടെ സാംസ്കാരിക നായകർ.
ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്. ഇത്രക്കു പക മനുഷ്യനുണ്ടാകാമോ? പലർക്കും ഇതുകേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ? ഒരു പാവം മനുഷ്യനായ സലിം ബാവ സാക്ഷി ആയുണ്ട്. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചുപറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിരിപ്പുണ്ട് സുഹൃത്തുക്കളേ.. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും.” വിനയന്റെ വാക്കുകൾ.
അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് ഉയർന്നുവരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന കലാഭവൻ മണിയുടെ സ്മാരകം ഇത്രയും കാലം തുടർന്നുഭരിച്ചിട്ടു പോലും ഇടതു പക്ഷ സർക്കാരിനു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നുപറഞ്ഞുകൊണ്ടാണ് വിനയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]