
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടനാണ് സുബീഷ് സുധി. കഴിഞ്ഞവർഷം ഒരു സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹമെത്തി. ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ അകാല വിയോഗം. നിസാമിന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുബീഷ്. സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ ബാധ്യതകളും പേറി താനിന്നും നെട്ടോട്ടമോടുകയാണെന്ന് സുബീഷ് എഴുതി.
‘പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വർഷമാകുന്നു. നിസാമിക്ക ഒരുപക്ഷേ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മൾ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം, ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാൾക്കാരിലേക്കെത്തിക്കാൻ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്. ഒരുപക്ഷേ എൻ്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.
ഒരു നല്ല സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്. മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ടുപോയ സിനിമകൂടിയാണിത്. പക്ഷെ ഈ സിനിമ ഇന്നല്ലെങ്കിൽ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതൽ എഴുതാൻ പറ്റുന്നില്ല. ബാധ്യതകൾ തീർക്കാനുള്ള എൻ്റെ നെട്ടോട്ടം തുടരുകയാണ്. അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്.
എന്നത്തേയും പോലെ നിസ്സാമിക്കയെ ഓർത്തുകൊണ്ട് നിർത്തുന്നു.’ സുബീഷിന്റെ വാക്കുകൾ.
സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ നിസാം റാവുത്തർ അവസാനമെഴുതിയ തിരക്കഥയായിരുന്നു ഒരു സർക്കാർ ഉത്പ്പന്നം. സുബീഷ്, ഷെല്ലി കിഷോർ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ചിത്രം റിലീസാവുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു നിസാമിന്റെ വിയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]