
നൂറുകോടിയുടെ തിളക്കവുമായി വിജയത്തേരിൽ മുന്നേറുകയാണ് ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായെത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലൊരാളാണ് നടൻ ആന്റണി വർഗീസ്. മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘മഞ്ഞുമ്മൽ ബോയ്സ്’… കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു… നമ്മുടെ മലയാളസിനിമ, നമ്മുടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ് എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച്ച് ഇട്ടത് ഓർക്കാതെ കയ്യടിച്ചതാ, ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. പെപ്പേ എഴുതി.
തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 15 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണിത്. ഓൺലെെൻ ടിക്കറ്റ് വിൽപ്പനയിലും ചിത്രം വൻകുതിപ്പ് നടത്തുകയാണ്. നേരത്തേ നടന്മാരായ കമൽഹാസൻ, വിക്രം, ധനുഷ്, സിദ്ധാർത്ഥ് എന്നിവരും മന്ത്രി ഉദയനിധി സ്റ്റാലിനും മഞ്ഞുമ്മൽ ബോയ്സ് ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായകരായ സന്താനഭാരതി, പാ രഞ്ജിത്, വെങ്കട്ട് പ്രഭു എന്നിവരും ചിത്രത്തെ അഭിനന്ദിച്ചിരുന്നു.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]