
എന്റെ ആരാധന ആരംഭിക്കുന്നത് 1966-ൽ അദ്ദേഹത്തിന്റെ ആദ്യമായി പുറത്തുവന്ന ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ കേൾക്കുന്ന നിമിഷം മുതലാണ്. എം. ജയചന്ദ്രനെ ഏറെ പ്രശസ്തനാക്കിയ ‘സ്മൃതി തൻ ചിറകിലേറി…’(1995) എന്ന ഗാനത്തിന്റെ റെക്കോഡിങ് വേളയിൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ െവച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ സുഹൃത്ത് പ്രദീപ് വഴി. അതിനുശേഷം പല പ്രാവശ്യവും തിരുവനന്തപുരത്ത് വരുമ്പോൾ പ്രദീപിന്റെ വീട്ടിൽ ഞാൻ കാണാൻ പോകുമായിരുന്നു. പക്ഷേ, ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കുറച്ചുസമയം ചെലവഴിച്ചശേഷം ഞാൻ മടങ്ങിപ്പോകും. അപ്പോ അദ്ദേഹം അല്പം ഈർഷ്യയോടെ പ്രദീപിനോട് ചോദിക്കും: ‘‘എന്തിനാ അയാൾ ഇവിടെ വന്ന് നമ്മെ നോക്കി ഇരിക്കുന്നത്?’’ അപ്പോ പ്രദീപ് സമാധാനിപ്പിക്കും: ‘‘അത് ഇഷ്ടം കൊണ്ടാണ്.’’
ഒടുവിൽ ഒരു വരവിൽ, അദ്ദേഹത്തോടൊപ്പം ഒരു ഗാനമേളയ്ക്ക് പോകാൻ അവസരം ലഭിച്ചു. അവിടെ എത്തുംവരെ ഞങ്ങൾ മലയാളത്തിലെ പാട്ടുകളെക്കുറിച്ച് ധാരാളം സംസാരിച്ചു. ഒരു മണിക്കൂർ കൊണ്ട് അദ്ദേഹം എന്റെ ഏറ്റവും അടുത്ത ഒരാളിനെപ്പോലെ എന്നോട് സംസാരിക്കാനും പെരുമാറാനും തുടങ്ങി. ആ ഗാനമേളയുടെ കാശ് വാങ്ങി കലാകാരന്മാർക്ക് വീതിച്ചു കൊടുത്തതും ബാക്കിത്തുക സൂക്ഷിച്ചതും ഒക്കെ ഞാനായിരുന്നു.
അടുത്തതവണ തിരുവനന്തപുരത്ത് എത്തിയപ്പോൾ എന്റെ വാടക വീട്ടിൽ വൈകുന്നേരം ഭക്ഷണം കഴിക്കാൻ എത്തി. ആ വീടിന്റെ ഉടമസ്ഥൻ ഷെയ്ക്ക് മൊയ്തീൻ ഒരു തലത്ത് മഹമൂദ് ആരാധകനായിരുന്നു. അവരുടെ സമാഗമം ഒരു തലത്ത് സന്ധ്യ തന്നെ തീർത്തുതന്നു. രണ്ടുപേരും തലത്തിന്റെ ഗാനങ്ങൾ മതിമറന്നു പാടി. ഒടുവിൽ ജയചന്ദ്രൻ എഴുന്നേറ്റ് ആ കലാകാരന്റെ കാൽതൊട്ടു വണങ്ങാൻ തുടങ്ങി. അയ്യോ അരുത് അങ്ങ് ഒരു വലിയ കലാകാരനാണ് എന്നു പറഞ്ഞ് ജയചന്ദ്രനെ അതിൽനിന്ന് പിന്തിരിപ്പിച്ചു. മഹത്ത്വം എവിടെക്കണ്ടാലും വലുപ്പച്ചെറുപ്പമില്ലാതെ അവരെ ആദരിക്കുന്ന ആ മനോഭാവം. ആ ഗുരുത്വം അതാണ് ജയചന്ദ്രൻ എന്ന ഗായകന്റെ വിജയരഹസ്യം.
1997-ൽ തിരുവനന്തപുരം പേരൂർക്കടയിൽ ഞാൻ ഒരു ചെറിയ വീട് വാങ്ങിയപ്പോൾ, അടുത്തതവണ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോൾ, എന്റെ വീട്ടിൽ താമസിക്കാൻ വന്നു. ഒരാഴ്ച എന്നോടൊപ്പം. രാത്രി മൂന്നുമണി വരെ പാട്ടുകൾ പാടിയും കാര്യങ്ങൾ പറഞ്ഞും ഞങ്ങൾ ചെലവഴിച്ചു.
സാധാരണക്കാരിൽ സാധാരണക്കാരനാണ് ജയചന്ദ്രൻ. എന്നാൽ, പല സന്ദർഭങ്ങളിലും വളരെ അസാധാരണമായി പെരുമാറുകയും ചെയ്യും. ശരിയെന്ന് തോന്നുന്ന കാര്യം വെട്ടിത്തുറന്ന് പറയും.
ഇഷ്ടമുള്ള ആളുകളെ അങ്ങോട്ടുവിളിക്കും. ഇഷ്ടമുള്ള പാട്ടുകളെ കുറിച്ച് മണിക്കൂറുകളോളം സംസാരിക്കും. ഇതെല്ലാം കഴിഞ്ഞു രാത്രി പത്തു മണിയോടെ ഞങ്ങളുടെ സംഭാഷണം തുടങ്ങും. അന്നന്നത്തെ മിക്ക വാർത്തകളും അതിൽപ്പെടും. പല സിനിമകളിലെയും ഹാസ്യരംഗങ്ങളിലെ സംഭാഷണം അതേപോലെ മിമിക് ചെയ്യും കുതിരവട്ടവും ജഗതിയും മാളയും ഭരതനും ഒക്കെ നാവിൽ നന്നായി വഴങ്ങും. ഈ നിലയിൽ അദ്ദേഹവുമായി അടുക്കാൻ ഒരു പിടി ആളുകൾക്കുമാത്രമേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. അതിൽ ഒരാളാകാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.
(മുതിർന്ന ഐ.ടി. പ്രൊഫഷണലായ ലേഖകൻ ജയചന്ദ്രന്റെ ജീവചരിത്രകാരനും കൂടിയാണ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]