
ആഗോള സംഗീതത്തിന് ഇന്ത്യ നല്കിയ സമ്മാനമാണ് എ.ആര്. റഹ്മാന്. മലയാളത്തിന് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച ആര്.കെ. ശേഖറിന്റെ മകന് തമിഴും ഹിന്ദിയുമെല്ലാം കടന്ന് ഓസ്കര് വേദിയോളമെത്തി. ഇന്ത്യന്‍ സിനിമാസംഗീതത്തെ മാറ്റിമറിച്ച ആ വിസ്മയം ജനുവരി 6-ന് 58-ാം പിറന്നാളാഘോഷിക്കുകയാണ്. എ.ആര്. റഹ്മാനുമായി മാതൃഭൂമി പ്രതിനിധി പി. പ്രജിത്ത് നടത്തിയ ദീര്‍ഘസംഭാഷണം റഹ്മാൻ്റെ പിറന്നാൾ ദിനത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു.
ആദ്യ ചലച്ചിത്രഗാനത്തിലൂടെ ദേശീയപുരസ്കാരം. റോജയിലെ ഗാനങ്ങള്‍ പിറന്നത് വീടിനോടുചേര്‍ന്ന് ഒരുക്കിയ ചെറിയ സ്റ്റുഡിയോയില്‍നിന്നാണ്. അന്ന് പാട്ടുപാടാനെത്തിയ എസ്.പി. ബാലസുബ്രഹ്മണ്യം, സിനിമാഗാനങ്ങളൊരുക്കുന്ന സ്റ്റുഡിയോയ്ക്ക് അല്പം കൂടി സൗകര്യങ്ങളാകാമെന്ന് ഉപദേശിച്ചു. എന്നാല്‍, പാട്ട് തരംഗമായതോടെ ഹൃദയങ്ങളെ കീഴടക്കുന്ന ഗാനം എവിടെനിന്നും ജനിക്കാമെന്ന് മനസ്സിലാക്കിത്തന്നതിന് റഹ്മാനെ കെട്ടിപ്പിടിച്ച് എസ്.പി.ബി. നന്ദിപറഞ്ഞു-തമിഴകത്ത് റഹ്മാനെയും അദ്ദേഹം സൃഷ്ടിച്ച സംഗീതത്തെയും ചുറ്റിപ്പറ്റി ഇത്തരത്തില്‍ ഒരുപാട് കഥകള്‍ ഒഴുകിനടക്കുന്നുണ്ട്.
അച്ഛന് ആര്.കെ. ശേഖറിനോടൊപ്പമായിരുന്നു സംഗീതരംഗത്തേക്കുള്ള പ്രവേശനം. കഷ്ടതകള്‍ നിറഞ്ഞ ബാല്യം. ഓര്‍ക്കാപ്പുറത്ത് അച്ഛനെ ബാധിച്ച അസുഖം ജീവിതതാളം തകിടംമറിച്ചു. ഒന്‍പതാംവയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട മകന് കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുകയായിരുന്നു. വീട്ടിലെ സംഗീതോപകരണങ്ങള്‍ വാടകയ്ക്കുകൊടുത്തും മദിരാശിയിലെ സ്റ്റുഡിയോകളില്‍ കീബോര്‍ഡ് വായിക്കാന്‍ ഓടിനടന്നും ജീവിതം കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചു. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം.എസ്. വിശ്വനാഥന്, ശങ്കര്‍ ഗണേശ്, അര്‍ജുനന്‍മാസ്റ്റര്‍, ഇളയരാജ, സലില്‍ ചൗധരി… പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് സ്വയം സ്ഫുടംചെയ്തെടുത്ത നാളുകളായിരുന്നു അത്.
സംഗീതമാണ് മകന്റെ വഴിയെന്ന് അമ്മ ഉറച്ചുവിശ്വസിച്ചു. പ്രാരാബ്ധങ്ങള്‍ക്കിടയിലും മകന്റെ സ്വപ്നങ്ങള്‍ക്ക് അവര്‍ വെളിച്ചം പകര്‍ന്നു, പാശ്ചാത്യസംഗീതം പഠിച്ച റഹ്മാന് സ്വതന്ത്ര ഈണങ്ങള്‍ സൃഷ്ടിക്കാന്‍തുടങ്ങി. പരസ്യചിത്രങ്ങളിലും ജിംഗിളുകളിലുമായിരുന്നു തുടക്കം. വാച്ച്, ടയര്‍, പെയ്ന്റ്… നിരവധി ഉത്പന്നങ്ങള്‍ക്ക് റഹ്മാന് സംഗീതംപകര്‍ന്നു. ലിയോ കോഫിക്കുവേണ്ടി ഒരുക്കിയ സംഗീതം ശ്രദ്ധിച്ചാണ് മണിരത്നം റോജയിലേക്ക് ക്ഷണിക്കുന്നത്. ആദ്യം ചിട്ടപ്പെടുത്തിയ പാട്ട് യോദ്ധ സിനിമയ്ക്കുവേണ്ടിയാണെങ്കിലും പ്രദര്‍ശനത്തിനെത്തിയത് റോജയാണ്.
പാട്ടില്‍ ടെക്നോളജിയുടെ സാധ്യതകള്‍ റഹ്മാനോളം ഉപയോഗിച്ചവര്‍ കുറവാണ്, ജനപ്രിയഗാനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി എത്തിക്കൊണ്ടിരുന്നു. റോജയും ബോംബെയുമെല്ലാം തമിഴകം കടന്ന് അലകള്‍ തീര്‍ത്തതോടെ സംഗീതസംവിധായകന് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. മണിരത്നത്തിനോടൊപ്പമുള്ള ആ യാത്ര തഗ് ലൈഫില്‍ എത്തിനില്‍ക്കുന്നു. സംവിധായകന് ഷങ്കറുമായി കൈകോര്‍ത്തത് റഹ്മാന്സംഗീതത്തിന് മറ്റൊരു വഴിത്തിരിവായി. ജെന്റില്‍മാനിലും കാതലനിലും തുടങ്ങിയ ആ യാത്ര 2.0-വില്‍ വന്നുനില്ക്കുന്നു.
ഇലക്ട്രോണിക് സംഗീതത്തിന്റെ തമ്പുരാന് എന്ന അടക്കംപറച്ചിലുകള്‍ ഉയരുന്ന സമയത്താണ് റഹ്മാന് ഭാരതിരാജയുമായി ചേരുന്നത്. കിഴക്ക് ചീമയിലെ നാട്ടു ഗാനങ്ങള്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് പാട്ടില്‍ത്തന്നെ തീര്‍ത്ത മറുപടിയായി. മണിരത്നമാണ് റഹ്മാനെ രാംഗോപാല്വര്മയ്ക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെ രംഗീല പിറന്നു. താല്, ദില്‍സേ, ലഗാന്‍… ചെറിയകാലംകൊണ്ടുതന്നെ ആ സംഗീതം ബോളിവുഡ് സിരകളിലേക്കും തീകോരിയിട്ടു. ഇന്ത്യന്‍ ചലച്ചിത്രലോകം എ.ആര്. സംഗീതത്തിനായി കാത്തുനിന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വൈരമുത്തു, വാലി, ജാവേദ് അക്തര്‍, ഗുല്‍സാര്‍ എന്നിവരുടെയെല്ലാം വരികള്‍ക്ക് റഹ്മാന് സംഗീതംപകര്‍ന്നു. കാസെറ്റുകള്‍, സി.ഡി., ഡി.വി.ഡി., പെന്‍ഡ്രൈവ്, ഹോംതിയേറ്റര്‍… സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ക്കിടയിലും റഹ്മാന്സംഗീതത്തിന് പ്രചാരം കൂടിയതേയുള്ളൂ. റഹ്മാന്റെ സിനിമയിതര ഗാനങ്ങളായ ‘വന്ദേമാതര’വും ‘ജനഗണമന’യും വില്‍പ്പനയില്‍ തീര്‍ത്ത കണക്ക് ഇന്നും സമാനതകളില്ലാത്തതാണ്. ഇന്ത്യന്‍ സംഗീതകുലപതികളുടെ സമ്മേളനമായ റഹ്മാന് ആല്‍ബങ്ങള്‍ സംഗീതത്തിന് പുതിയ മാനം നല്കി. തമിഴന്റെ ഇസൈപുയലായും ഏഷ്യയുടെ മൊസാര്ട്ടായും റഹ്മാന് ഉയര്‍ന്നു. രാജ്യം പദ്മഭൂഷന്‍ നല്കി ആദരിച്ചു. ലോകം ഗോള്‍ഡന്‍ ഗ്ലോബും ഓസ്കറും ഗ്രാമിയും സമ്മാനിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇന്നും ആ സംഗീതം വിസ്മയങ്ങള്‍തീര്‍ത്ത് കുതിക്കുകയാണ്. സൂഫിസം ജീവിതചര്യയാക്കി മുന്നോട്ടുപോകുന്ന റഹ്മാന്റെ സംസാരങ്ങളില്‍ നിറയെ വിശ്വാസവും വിനയവും നിറഞ്ഞുനില്ക്കുന്നു.
സുഹൃത്തുക്കളില്ലാത്ത, കളികള്‍ നഷ്ടപ്പെട്ട ബാല്യമായിരുന്നു എന്ന് കേട്ടിട്ടുണ്ട്?
എ.ആര്. റഹ്മാന്: കളിചിരികള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടും കേട്ടുമാണ് വളര്‍ന്നത്. സമപ്രായക്കാരായ സുഹൃത്തുക്കളും കുറവായിരുന്നു. പാട്ടുപുസ്തകങ്ങള്‍ തേടി മദ്രാസിലെ അശോക്നഗറില്നിന്ന് മൗണ്ട് റോഡിലേക്ക് സൈക്കിളോടിച്ചുപോയ ഓര്‍മകളെല്ലാം ഇന്നും മനസ്സിലുണ്ട്. എന്റെ വഴി സംഗീതത്തിനൊപ്പമാണെന്ന് അമ്മ വിശ്വസിച്ചു. നന്നേ ചെറുപ്പത്തില്‍തന്നെ അച്ഛനൊപ്പം സ്റ്റുഡിയോയില്‍ പോയിത്തുടങ്ങി. ഇവന് പെരിയവനാകുമെന്ന് എന്നെ നോക്കി ചിലരെല്ലാം പറയുമ്പോള്‍ അച്ഛന് ചിരിക്കും. അച്ഛന് സമ്മാനിച്ച സംഗീതോപകരണങ്ങളില്നിന്നാണ് എന്റെ തുടക്കം.
സാങ്കേതികവിദ്യയുടെ മാറ്റത്തിനൊപ്പം നീങ്ങിയ കൗമാരം, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കണമെന്നത് വാശിയായിരുന്നോ?
ടെക്നോളജിയില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയത്താണ് എന്റെ ഹൈസ്കൂള്‍കാലം. റെക്കോഡിങ്ങുകളിലെ മാറ്റം, കംപ്യൂട്ടറുകളുടെ വരവ്… ചുറ്റുമുള്ള ലോകം മാറുകയായിരുന്നു. ആ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്കഴിഞ്ഞു എന്നതാണ് നേട്ടം.
പുതിയകാര്യങ്ങള്‍ പഠിച്ചെടുത്ത് അത് പ്രയോഗത്തില്‍ കൊണ്ടുവന്നു. ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരും നിര്മാതാക്കളുമെല്ലാം ആ സമയത്ത് അതെല്ലാം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തയ്യാറായി എന്നതാണ് വലിയ കാര്യം.
രാജാസാറിനൊപ്പം പ്രവര്‍ത്തിച്ചശേഷം ഞാനവിടംവിട്ടുപോന്നപ്പോള് നല്ല ജോലി ഒഴിവാക്കിയതിനെക്കുറിച്ച് പലരും ചോദിച്ചു. കംഫര്‍ട്ട് സോണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ നമുക്കൊരിക്കലും മാറ്റമുണ്ടാകില്ല. എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരോടും ഞാന്‍ ഇതേക്കുറിച്ച് പറയാറുണ്ട്. പുതുമയാണ് ലോകം തേടുന്നത്, അതിനായി പ്രവര്‍ത്തിക്കണം. തുടക്കകാലത്ത് ലക്ഷങ്ങള്‍ ചെലവിട്ട് ഞാന്‍ സംഗീതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ അന്ന് പലരും അതിശയപ്പെട്ടു. ടെക്നോളജിയും മനുഷ്യഭാവനയും ചേരുമ്പോഴുള്ള സാധ്യതകളെക്കുറിച്ചാണ് അന്നെല്ലാം ചിന്തിച്ചുകൊണ്ടിരുന്നത്.
സംഗീതരംഗത്തേക്കുള്ള സാങ്കേതികവിദ്യയുടെ കടന്നുവരവിനെ വലിയൊരുവിഭാഗം സംശയത്തോടെ വീക്ഷിക്കുന്ന സമയമായിരുന്നില്ലേ അത്?
നമ്മുടെ സംഗീതത്തിന്റെ പാരമ്പര്യം നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. പഴമ നിലനിര്‍ത്തുകയും പിന്തുടരുകയും ചെയ്യണം, പക്ഷേ, അതില്‍മാത്രം ഊന്നി വളരാതെപോകരുത്. ബാലന്സ്ചെയ്യാന് പറ്റണം. കുട്ടിക്കാലംമുതലേ സ്റ്റുഡിയോകളിലിരുന്ന് ജോലിചെയ്ത പരിചയമെനിക്കുണ്ട്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരേതരത്തില്‍ ജോലിചെയ്ത് ബോറടിച്ചുതുടങ്ങി, ചില മാറ്റങ്ങള്‍ വേണമെന്ന് തോന്നി. അങ്ങനെയാണ് പരീക്ഷണങ്ങളിലേക്ക് കടക്കുന്നത്. ടെക്നോളജി വരവറിയിച്ച കാലമായതിനാല്‍ അതിനൊപ്പം ചേര്‍ന്നു.
പുതിയൊരു ഉപകരണമോ ടെക്നിക്കലായൊരു കാര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതേക്കുറിച്ച് ആഴത്തില്‍ പഠിക്കും. ഉപയോഗിക്കാന്‍പാകത്തില്‍ അറിവുനേടിയശേഷംമാത്രമേ അവയെല്ലാം സ്റ്റുഡിയോയിലേക്ക് കയറ്റാറുള്ളൂ. ടെക്നോളജി എനിക്കൊരു ടൂളാണ്, മികച്ചരീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന ഉപകരണം.
എത്ര സംശയത്തോടെ വീക്ഷിച്ചാലും പാട്ടൊരുക്കുന്നതില്‍ സാങ്കേതികവിദ്യയുടെ സഹായം വളരെ വലുതാണ്. മുന്‍പ് നാല്പതും അന്‍പതും പേരടങ്ങുന്ന ഓര്‍ക്കസ്ട്ര ടീമിനൊപ്പമാണ് റെക്കോഡിങ് നടക്കുക. ഒരാളുടെ ചെറിയൊരു വീഴ്ച മൊത്തം കാര്യങ്ങള്‍ തകരാറിലാക്കും. പലതവണ ടേക്കുകള്‍ പോകേണ്ടിവരും. ടെക്നോളജിയുടെ കുതിപ്പില്‍ ആ കാലമെല്ലാം മാഞ്ഞുപോയി.
ശബ്ദത്തിലും പുതുമ തേടിക്കൊണ്ടിരിക്കുന്നു, റഹ്മാന്‍ഗാനങ്ങള്‍ ആലപിച്ച് ഒന്നാംനിരയിലേക്കെത്തിയ പാട്ടുകാര്‍ നിരവധിയാണല്ലോ…
കഴിവുള്ളവരെ കണ്ടെത്തിക്കൊണ്ടിരിക്കണം. അതിനായുള്ള തിരച്ചില്‍ ഈ യാത്രയുടെ ഭാഗമാണ്. ഒരേ ശബ്ദവും ഒരേ ഉപകരണങ്ങളും എല്ലാറ്റിലും ഉപയോഗിക്കുക സാധ്യമല്ല. ആവര്‍ത്തനങ്ങള്‍ മടുപ്പുളവാക്കും. ഓരോരുത്തര്‍ക്കും ഓരോതരം കഴിവുകളായിരിക്കും. ഓരോ ശബ്ദവും ആവശ്യപ്പെടുന്ന ചില തലങ്ങളുണ്ട്. ചിത്രാജി പാടുന്നതുപോലെ മറ്റൊരാള്‍ക്ക് പാടാന്‍കഴിയില്ല. പരസ്യചിത്രങ്ങളിലെയും ടി.വി. പരിപാടികളിലെയും ശബ്ദം ശ്രദ്ധിച്ച് പലരെയും ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശബ്ദത്തിന്റെ മാജിക്കാണ് ഞാന്‍ തേടിക്കൊണ്ടിരിക്കുന്നത്. ഉചിതമായത് ഉചിതസ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവര്‍ ഇന്ന് ടീമിലേക്കെത്തുന്നുണ്ട്.
സിനിമകള്‍ക്ക് പാട്ടൊരുക്കുമ്പോള്‍ പിന്തുടരുന്ന രീതികള്‍?
കഥ, കഥാപശ്ചാത്തലം, വൈകാരികത അങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് സിനിമയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത്. വരികള്‍ എഴുതിവാങ്ങി സംഗീതം നല്‍കിയും ഈണത്തിനൊപ്പിച്ച് വരികള്‍ എഴുതിച്ചും പാട്ടുകള്‍ ഒരുക്കാറുണ്ട്. അതെല്ലാം സന്ദര്ഭങ്ങള്ക്കനുസരിച്ചിരിക്കും. ഗാനരചയിതാക്കളെ പരമാവധി പ്രയോജനപ്പെടുത്തി വരികള്‍ എഴുതിവാങ്ങുന്ന സംവിധായകനാണ് ഞാന്‍. അവരില്‍നിന്ന് മികച്ചത് ലഭിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. പ്രചോദിപ്പിക്കുന്ന ഒരു വരിയില്‍നിന്ന് ചിലപ്പോഴൊക്കെ ഒരു ഗാനത്തിന്റെ ഈണം പൂര്‍ണമായി പിറവികൊള്ളും. ‘ടേക്കിറ്റ് ഈസി പോളിസി’ എന്ന ക്യാച്ച് ലൈനാണ് ആ പാട്ടിനെ മുന്നോട്ടുകൊണ്ടുപോയത്. ഈണത്തിനനുസരിച്ചാണ് ‘ചിന്നചിന്ന ആശൈ’ പിറന്നത്. ജെന്റില്മാന് സിനിമയുടെ കഥ ഗൗരവമുള്ളതായതിനാല്‍ പാട്ടുകള്‍ വേറിട്ടുനില്ക്കുന്നതാകണമെന്ന് സംവിധായകന് ആവശ്യപ്പെടുകയായിരുന്നു.
ആടുജീവിതത്തിനായി ബ്ലെസ്സി ആവശ്യപ്പെട്ടത് എല്ലാം നഷ്ടപ്പെട്ട ഒരുവന്, പരമകാരുണ്യവാനെ വിളിച്ച് കേഴുന്നതരത്തിലുള്ള ഗാനം വേണമെന്നാണ്. മരുഭൂമിയുടെ ചൂടും ഏകാന്തവാസവും നാട്ടിലെ പച്ചപ്പുനിറഞ്ഞ ഓര്‍മ്മകളും രക്ഷപ്പെടലിന്റെ കുഞ്ഞുപ്രതീക്ഷകളുമെല്ലാം ഇടകലര്‍ന്ന വരികളാണ് റഫീഖ് അഹമ്മദ് എഴുതിനല്‍കിയത്. സംഗീതം ചെയ്തുകഴിഞ്ഞപ്പോള്‍ ബ്ലെസ്സി പറഞ്ഞതിലേക്കെത്താന് എന്തിന്റെയോ ഒരു കുറവുള്ളതായി സ്വയം തോന്നി. അങ്ങനെയാണ് പാട്ടിന്റെ തുടക്കത്തില്‍ ‘പെരിയോനേ റഹ്മാനേ…’ എന്ന വരി സ്വയം എഴുതിച്ചേര്‍ത്തത്.
എന്റെ പാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത് ഞാനായതുകൊണ്ടുതന്നെ എനിക്കത് ഇഷ്ടപ്പെടണം. ചില പാട്ടുകള്‍ ആദ്യം സന്തോഷം നല്‍കും. കുറച്ചുദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോള്‍ എനിക്കുതന്നെ വിയോജിപ്പ് വരും. അപ്പോള്‍ത്തന്നെ മാറ്റാന്‍ തീരുമാനിക്കും. ആദ്യംചെയ്ത ഈണത്തില്‍നിന്ന് പൂര്‍ണമായി മാറ്റി അവതരിപ്പിച്ച പാട്ടുകള്‍ അങ്ങനെ ഒരുപാടുണ്ട്. ആടുജീവിതം സിനിമയിലെ ചില ഈണങ്ങള്‍ ബ്ലെസ്സി ഒക്കെ പറഞ്ഞിട്ടും, ഞാന്‍ മാറ്റിച്ചെയ്യുകയായിരുന്നു.
സംഗീതത്തിന് ഭാഷ പ്രശ്നമല്ലെന്ന് പൊതുവേ പറയാറുണ്ട്. പാട്ടൊരുക്കുമ്പോള്‍ ഭാഷയുടെ അതിരുകള്‍ വെല്ലുവിളിതീര്ക്കാറില്ലേ?
ഭാഷയും ദേശവും വ്യത്യസ്തമാണെങ്കിലും എല്ലാവര്ക്കും പൊതുവായ ഒരു പള്‍സുണ്ട്. സംഗീതത്തിലെ കോമണ്‍ റിഥം, ബേസ് കണ്ടെത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാണ്.
ട്രെന്‍ഡുകള്‍ക്ക് പിറകേ പോകാറില്ല. മനുഷ്യജീവിതത്തിന്റെ സംഗീതം എല്ലാ നാട്ടിലും ഒരുപോലെയാണെന്ന് വിശ്വസിക്കുന്നു. ആടുജീവിതത്തിലെ പാട്ടുകള്‍ ഇതിന് ഉദാഹരണമാണ്. സ്നേഹം, കരുണ, പ്രയാസം, പ്രതിഷേധം, കണ്ണീര്, പുഞ്ചിരി എന്നിവയെല്ലാം മുന്‍നിര്‍ത്തി ഈണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഭാഷ വെല്ലുവിളിയാകില്ല.
ചേരുവകള്‍ കൃത്യമായിരിക്കണം. ‘ജയജയഹോ’ ഇന്ത്യന്‍ റിഥമല്ല. ജാപ്പനീസ് റിഥമുണ്ട്, സ്പാനിഷ് ഇന്ഫ്യൂഷനുണ്ട്, എന്നാല്‍ ഭാഷ ഇന്ത്യനാണ്. കൊലവെറി ഗാനത്തില്‍ ഇംഗ്ലീഷ് വാക്കുകളാണുള്ളത്. ശ്രദ്ധിച്ച് കൈകാര്യംചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഏതുകാര്യം ചെയ്യുമ്പോഴും അതിന്റെ പൂര്‍ണതയ്ക്കായി പരിശ്രമിക്കുക.
ഇന്ത്യയ്ക്ക് പുറത്തെ സിനിമകളില്‍ സംഗീതമൊരുക്കുമ്പോഴുള്ള പ്രധാന വ്യത്യാസം എന്താണ്?
ഹോളിവുഡിലെല്ലാം മിലിട്ടറി ചിട്ടയിലാണ് കാര്യങ്ങള്‍. ഷെഡ്യൂളുകള്‍ കൃത്യമാകും. മുന്‍കൂട്ടി നിശ്ചയിച്ചതില്‍നിന്ന് മാറ്റങ്ങളുണ്ടാകില്ല. പറയുന്നതുമാത്രം ചെയ്തുതരുന്ന ടീമാകും ഒപ്പമുണ്ടാകുക. പത്രം വായിക്കുന്നതുപോലെ, എഴുതിനല്‍കിയത് വായിച്ചുപോകുന്നവരാണ് അധികവും.
പരിശ്രമം, പ്രാര്‍ഥന, വിശ്വാസം – സംസാരത്തിനിടെ നിരന്തരം കടന്നുവരുന്ന വാക്കുകളാണല്ലോ ഇവയെല്ലാം…
സംസാരിക്കുമ്പോഴും സംഗീതം ചിട്ടപ്പെടുത്തുമ്പോഴും മാത്രമല്ല, എല്ലാസമയത്തും പരമകാരുണ്യവാനോട് കടപ്പെട്ടിരിക്കുന്നു. ഓരോ ശ്വാസവും വിലപ്പെട്ടതാണെന്ന ബോധ്യത്തിലാണ് മുന്നോട്ടുപോകുന്നത്. എന്ത് മനസ്സിലാക്കി, എന്ത് പഠിച്ചു എന്നതിലല്ല, നമ്മളിലത് എന്ത് മാറ്റമുണ്ടാക്കി എന്നതാണ് കാര്യം. ഈ യാത്രയില്‍ ഒരുപാടുപേരോട് കടപ്പെട്ടിട്ടുണ്ട്. പരിശ്രമം മാത്രമായിരുന്നു എന്റെ മുതല്‍മുടക്ക്.
പ്രാര്‍ഥന എനിക്ക് സ്വയം നവീകരിക്കാനുള്ള മാര്‍ഗമാണ്. കാറ്റില്‍ ഇലകള്‍ പൊഴിയുംപോലെ നെഗറ്റീവ്ചിന്തകളെ അതില്ലാതാക്കുന്നു. ഉള്ളിലെ ഈഗോയെ നശിപ്പിക്കുന്നതാണ് വിശ്വാസം. തെളിഞ്ഞ മനസ്സോടെ ശാന്തമായി ഇരിക്കാന്‍ അതെന്നെ നിരന്തരം പ്രാപ്തനാക്കുന്നു.
ഇത്തരം ചിന്തകള്‍ക്കെല്ലാം പ്രാധ്യാന്യം കൊടുക്കുന്നതുകൊണ്ട്, ദേഷ്യം വരാറില്ലേ?
ദേഷ്യപ്പെടാറില്ല എന്നല്ല, പെട്ടെന്നുതന്നെ അത് വിട്ടുകളയും. ആ സമയം ഒപ്പമുള്ളവരോടും അത് മറന്നേക്കാന്പറയും. വലിയ സ്റ്റേജ് ഷോകളെല്ലാം ഒരുക്കുമ്പോള്‍ ഒരേസമയം ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടിവരും. ഉത്തരവാദിത്വം കൂടും. സ്വാഭാവികമായും നമ്മളിലത് സമ്മര്‍ദമുണ്ടാക്കും. ഉള്ളിലെ വിശ്വാസവും ചിന്തകളുമെല്ലാമാണ് ശാന്തമായി പോകാന്‍ സഹായിക്കുന്നത്. അതിനര്‍ഥം ദേഷ്യപ്പെടില്ലെന്നല്ല (ചിരി).
ഞങ്ങളുടെയെല്ലാം പ്ലേലിസ്റ്റില്‍ ഒരുപാട് റഹ്മാന്ഗാനങ്ങളുണ്ട്. ഇത്രയധികം പാട്ടുകള്‍ സമ്മാനിച്ച താങ്കളുടെ ഇഷ്ടഗാനങ്ങളെക്കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്…
ഇഷ്ടഗാനങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം നല്കാന് പ്രയാസമാണ് (ആലോചിക്കുന്നു). ഫേവറിറ്റ് സോങ്ങുകള്‍ ഇല്ല എന്നതാണ് സത്യം. ഒരു ഗാനം ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് അതിനൊപ്പം സഞ്ചരിക്കുന്ന പതിവില്ല. ഒരുപാട്ടും ഒരുപാടുതവണ കേള്‍ക്കാറില്ല. നിരന്തരം കേട്ടുകൊണ്ടിരുന്നാല്‍, മനസ്സില്‍ തങ്ങിക്കിടന്നാല് അതിന്റെയൊരു സ്വാധീനം അറിയാതെയെങ്കിലും നമ്മളിലുണ്ടാകും. ഒരു പാട്ടുപോലെ മറ്റൊരു പാട്ട് സൃഷ്ടിക്കാന്‍ ശ്രമിക്കാറില്ല. ഒരു ഗാനംപോലെ ഒരു ഗാനംമാത്രം.
മലയാളത്തിലായിരുന്നല്ലോ തുടക്കം. യോദ്ധയിലെ പടകാളി ചണ്ഡി ചങ്കരി…ഇന്ന് യുവതലമുറയും ആഘോഷിക്കുകയാണ്
ആടുജീവിതത്തിന്റെ മ്യൂസിക് ലോഞ്ച് ചടങ്ങിലും യോദ്ധയിലെ പാട്ട് അവതരിപ്പിക്കപ്പെട്ടു. ആ പാട്ട് പിറന്നസമയത്ത് ജനിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ആ വരികള്‍ പാടുകയും അതിനൊത്ത് ആടുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷം. സംഗീത് ശിവനില്‍നിന്നാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. ഏറ്റുമുട്ടലിന്റെ ഈണവും താളവും കലര്‍ന്ന ഗാനമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേരളത്തിന്റെ നാടോടി താളങ്ങളിലൂടെയെല്ലാം സഞ്ചരിച്ചാണ് അന്ന് ഈണം ചിട്ടപ്പെടുത്തിയത്.
ആദ്യമായി ആ പാട്ട് കേട്ടവരില്‍ ഒരാള്‍ അര്ജുനന്മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇന്നും മനസ്സിലുണ്ട്. മുഖം അസ്വസ്ഥമായി, ”എന്താണ് മോനേ നീ ചെയ്തുവെച്ചിരിക്കുന്നത്, എന്തൊരു വേഗമാണീ പാട്ടിന്, സ്പീഡൊന്ന് കുറച്ചുകൂടേ?” എന്നെല്ലാം ആശങ്കനിറഞ്ഞ മുഖത്തോടെ അന്ന് ചോദിച്ചു.
പുതിയ പരീക്ഷണങ്ങളുമായെത്തി സൗത്ത് ഇന്ത്യയില്‍ തരംഗംതീര്‍ത്ത നിരവധി ചെറിയ തമിഴ് സിനിമകളുണ്ട്. ചെറുസിനിമകളിലേക്കൊന്നും എ.ആര്. റഹ്മാനെ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ചെറിയ സിനിമകള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. തമിഴ്സിനിമകള്ക്കുപുറത്ത് ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചെന്നൈയില്തന്നെയാണ് ഞാന്‍ കഴിയുന്നത്. സമയമാണ് പലപ്പോഴും പ്രശ്നം. ഭാഷ നോക്കിയല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. സംഗീതം ആവശ്യമായ കഥാപശ്ചാത്തലം, പ്രൊഡക്ഷന്‍ യൂണിറ്റ്, ടെക്നിക്കല്‍ വിഭാഗം എന്നിവയെക്കുറിച്ചെല്ലാം അന്വേഷിച്ച് സിനിമകള്‍ക്കൊപ്പം നീങ്ങുന്നതാണ് പതിവ്.
സംഗീതത്തിനപ്പുറത്തെ താത്പര്യങ്ങള്‍, വിനോദങ്ങള്‍?
കുട്ടിക്കാലംമുതല്ക്കേ സംഗീതമാണ് ചുറ്റും. ഒരുപാട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പല വിഷയങ്ങളെക്കുറിച്ചും പരിമിതമായി മാത്രമേ സംസാരിക്കാനറിയൂ. പ്രകൃതിയുമായി ഇടപഴകിക്കഴിയുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും. ബോറടിക്കുമ്പോഴാണ് പലപ്പോഴും യാത്രകള്‍ക്ക് മുതിരുന്നത്. അന്യനാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ കണ്മുന്പിലേക്കും മനസ്സിലേക്കും വന്നുകയറും. പുതിയ ചിന്തകള്‍ ജനിക്കും. അവ കാഴ്ചപ്പാടുകള്‍ പുതുക്കിപ്പണിയും.
ചലച്ചിത്രസംഗീതരംഗത്തേക്കിറങ്ങാന് ഒരുങ്ങുന്ന പുതുതലമുറയ്ക്ക് റഹ്മാന്റെതായി എന്ത് ഉപദേശമാണ് നല്‍കാനുള്ളത്?
പുതുതലമുറയ്ക്ക് എന്നല്ല ആര്‍ക്കും ഉപദേശങ്ങളില്ല. നമ്മുടെ പ്രവൃത്തികളാവണം അവര്‍ക്കുള്ള പാഠം. എന്റെ അച്ഛന് എനിക്ക് ഉപദേശങ്ങള്‍ തന്നിട്ടില്ല, പക്ഷേ, അച്ഛന്റെ സുഹൃത്തുക്കളില്‍നിന്നും പരിചയക്കാരില്നിന്നുമെല്ലാം അച്ഛന് അവര്‍ക്കായി നല്കിയ നല്ലകാര്യങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. ചിലപ്പോഴെല്ലാം കണ്ണുനിറയും. പ്രവൃത്തികള്‍കൊണ്ടാണ് അച്ഛന് എന്നെ പലതും പഠിപ്പിച്ചത്.
ഇന്ന് എല്ലാവര്ക്കും പുതുമയാണ് വേണ്ടത്, അതുകൊണ്ടുതന്നെ തുടക്കക്കാര്‍ക്ക് സാധ്യതകള്‍ ഏറെയാണ്. അവസരങ്ങള്‍ ഒരുപാടുണ്ട്. സ്വന്തം കഴിവുകള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ നല്കുന്ന സഹായം വളരെ വലുതാണ്. പരിശ്രമിച്ചുകൊണ്ടിരിക്കുക. കഴിവുള്ളവരെ തേടി വിളികള്‍ എത്തും. നിങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കുന്നത് ഒരുപരിധിവരെ നിങ്ങളുടെ പരിശ്രമങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]