കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ നടി ഹണി റോസിനെതിരേയുണ്ടായ സൈബര്‍ ആക്രമണത്തിലും ഇതേതുടര്‍ന്നുള്ള നിയമനടപടിയിലും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഈ വിഷയത്തില്‍ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് അമ്മ സംഘടനയുടെ പരിപൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുമെന്നുമാണ് അമ്മ അഡ്ഹോക്ക് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
ഞങ്ങളുടെ ഒരു അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനേത്രിയുമായ ഹണി റോസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാനും അതുവഴി അവരുടെ തൊഴിലിനെ അപഹസിക്കാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇതിനൊപ്പമാണ് നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണയും സംഘടന ഉറപ്പുനല്‍കിയിരിക്കുന്നത്.
തനിക്കെതിരെ നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരേ കഴിഞ്ഞ ദിവസം ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് നടിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ വന്നത്. ഇതിനെതിരേ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 30 പേര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ഒരാളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
പോലീസ് നടപടിക്ക് പിന്നാലെ തനിക്കെതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ യുദ്ധത്തിനൊരുങ്ങുകയാണെന്നും ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. എന്റെ നേരേ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യ-അശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. സമൂഹമാധ്യമങ്ങളിലെ അസഭ്യ-അശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്നായിരുന്നു കുറിപ്പ്.
സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]