ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലന് രംഗത്തെത്തിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് താരം സ്വയം ടീമില്‍ നിന്ന് ഒഴിവായതാണെന്നാണ് പകരം നായകസ്ഥാനം ഏറ്റെടുത്ത പേസര്‍ ജസ്പ്രീത് ബുംറ അറിയിച്ചത്. താരത്തിന് പിന്തുണയറിച്ച് വിദ്യാബാലന് നടത്തിയ പ്രതികരണം പക്ഷേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നടിയുടേത് പി.ആര് ടീമിന്റെ നിര്‍ദേശപ്രകാരമുള്ള പ്രതികരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ ഒഫീഷ്യൽ ടീം.
നടിയുടെ പ്രസ്താവന പി.ആര് ടീമിന്റെ നിര്‍ദേശപ്രകാരമല്ലെന്നാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. നടി സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരത്തിലൊരു പോസ്റ്റിട്ടത്. അത് പി.ആര് ടീമിന്റെ അഭ്യര്ഥനപ്രകാരമല്ല. നടി കടുത്ത കായികപ്രേമിയൊന്നുമല്ലെങ്കിലും പ്രയാസമേറിയ സാഹചര്യങ്ങളില്‍ മാന്യതയും ക്ലാസും കാണിക്കുന്നവരെ ആരാധിക്കുന്നയാളാണ്. പ്രശംസനീയമെന്ന് തോന്നിയ ഒന്നിനോടുള്ള സ്വതസിദ്ധമായ പ്രതികരണത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കുന്നത് അപഹാസ്യമാണ്.-പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിദ്യാ ബാലന് രോഹിത്തിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്. അതിന് പിന്നാലെയാണ് പലരും നടിയെ ആക്ഷേപിച്ച് രംഗത്തെത്തിയത്. രോഹിത്തിനെ നടി സാമൂഹികമാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നില്ലെന്നും ട്വീറ്റ് വെറും പി.ആറിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിച്ചു. വിദ്യാ ബാലന് രോഹിത്തിനെ പ്രശംസിച്ചുകൊണ്ടുള്ള സ്ക്രീന്‍ ഷോട്ടാണ് ആദ്യം പങ്കുവെച്ചതെന്നും ഇത് പെട്ടെന്ന് തന്നെ നീക്കിയെന്നും ആരോപിക്കുന്നു. സംഭവം വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് പ്രതികരണവുമായി നടിയുടെ പി.ആര് ടീമെത്തിയത്.
പരിശീലകന് ഗംഭീറുള്പ്പെടെയുള്ളവരും രോഹിത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ രോഹിത് വിട്ടുനിന്നെങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായില്ല. ഓസീസിനോട് തോറ്റ് ടീമിന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തും നഷ്ടമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]