തിരുവനന്തപുരം: നാലുപതിറ്റാണ്ടിനുശേഷം വിഷമാലിന്യനീക്കം ഭോപാലിനെ പ്രതിഷേധത്തിലാഴ്ത്തുമ്പോൾ ദുരന്തത്തിന്റെയും സ്വന്തം രക്ഷപ്പെടലിന്റെയും ചരിത്രം ചികയുകയാണ് ചലച്ചിത്രസംവിധായകൻ ആർ. ശരത്. ‘ബറിയൽ ഓഫ് ഡ്രീംസ്’ (സ്വപ്നങ്ങളുടെ ശവസംസ്കാരം) എന്ന ശരത്തിന്റെ ഡോക്യുമെന്ററി മലയാളസിനിമയ്ക്ക് മറ്റൊരു നിമിത്തവുമായി, ജനറൽ പിക്ചേഴ്സ് രവിയെന്ന് അറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻനായരുടെ മകൻ പ്രതാപ്നായരുടെ സിനിമാനിർമാണരംഗത്തേക്കുള്ള തുടക്കം.
1984 ഡിസംബർ രണ്ടിന് ഭോപാൽ സർവകലാശാലയിൽ എം.ഫിലിന് ചേരാനെത്തിയതായിരുന്നു ശരത്. സുഹൃത്തിനൊപ്പം രാത്രി ദൂരദർശനിൽ ക്രിക്കറ്റ് കണ്ടിരിക്കെയാണ് അടുത്തവീട്ടിലെ സൂഫിയെന്ന പെൺകുട്ടി യൂണിയൻ കാർബൈഡിലെ വിഷവാതകച്ചോർച്ച അറിയിച്ചത്. കിലോമീറ്ററോളം ഓടിയാണ് അന്നുരാത്രി രക്ഷപ്പെട്ടത്. എന്നാൽ, സൂഫിയും കുടുംബവും ദുരന്തത്തിനിരയായി. അന്നും പിന്നീടുമായി ജീവൻ നഷ്ടമായത് ആയിരങ്ങൾക്ക്,
മാറാരോഗികളായത് ലക്ഷങ്ങൾ. എം.ഫിലിനുചേരാതെ മടങ്ങിയ ശരത് പിന്നീട് സിനിമാക്കാരനായി. ഭോപാൽ ദുരന്തം സിനിമാക്കഥയായി മനസ്സിൽക്കിടന്നെങ്കിലും നടന്നില്ല.ഡോക്യുമെന്ററിക്ക് പ്രതാപ് നായർ പണം മുടക്കാൻ തയ്യാറായി. അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയനു’ശേഷം ജനറൽ പിക്ചേഴ്സ് സിനിമനിർമിച്ചിട്ടില്ല. ഡോക്യുമെന്ററിയുടെ വരുമാനം ഭോപാൽ ദുരന്തത്തിനിരയായവർക്ക് ചെലവിടുമെന്ന് പ്രതാപ്നായർ പറഞ്ഞു.
സായാഹ്നം, സ്ഥിതി, ശീലാബതി, പറുദീസ, ദി ഡിസയർ, ബുദ്ധനും ചാപ്ലിനും, സ്വയം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശരത്.ദുരന്തവും ഇരയായി ജീവിച്ചിരിക്കുന്നവരുടെ ജീവിതവുമാണ് അരമണിക്കൂറിലുള്ള ഡോക്യുമെന്ററിയിൽ.ഭോപാൽ ഗ്യാസ് പീഡിത് ഫോറവും ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗസംഘടനയുംചേർന്ന് ഡോക്യുമെന്ററി ഭോപാലിൽ പ്രദർശിപ്പിച്ചു.
ഭോപാൽ നഗരമധ്യത്തിലെ പ്ലാന്റിൽനിന്ന് അടുത്തിടെയാണ് ടൺകണക്കിന് മാലിന്യം പിതംപുർ വ്യവസായഎസ്റ്റേറ്റിലേക്ക് സംസ്കരണത്തിന് മാറ്റാൻ തുടങ്ങിയത്. ഇതിൽ ആശങ്കയറിയിച്ച് പരിസ്ഥിതിവാദികളടക്കമുള്ളവർ രംഗത്തെത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ ആശുപത്രിയിലാണിപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]