കാണുന്ന പ്രേക്ഷകന് അധികം ചിന്തിക്കാൻ ഇടം നൽകാതെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ക്വീനും ജന ഗണ മനയും. കൃത്യമായ രാഷ്ട്രീയം സംസാരിച്ചുകൊണ്ട് മുന്നേറിയ ഈ ചിത്രങ്ങളിലെ കോടതി രംഗങ്ങൾ തീപ്പൊരി ഡയലോഗുകൾ കൊണ്ട് സമ്പന്നമായിരുന്നു. റിയലിസ്റ്റിക് എന്നതിനെക്കാളുമുപരി സിനിമാറ്റിക്കാകാനാണ് ഈ ചിത്രങ്ങൾ ശ്രമിച്ചത്. പഴയകാല സിനിമകളിൽ ഭൂരിഭാഗവും ഇത്തരത്തിലാണ് കോടതികളെ സിനിമയിൽ കാണിക്കാൻ ശ്രമിച്ചിട്ടുള്ളതും. കോടതിയിലെ വാദപ്രതിവാദങ്ങൾ ചൂടേറുമ്പോഴാണ് പലപ്പോഴും തിയേറ്ററിൽ കെെയടികളും വീഴുന്നതും.
ഫിക്ഷനും റിയാലിറ്റിയും രണ്ടും രണ്ടാണ്. സിനിമ ഫിക്ഷനായി കാണിക്കുകയാണെങ്കിൽ റിയലിസ്റ്റിക് ആവേണ്ട ആവശ്യമില്ല. പക്ഷേ സിനിമയിൽ ചിത്രീകരിക്കുന്നത് റിയലിസ്റ്റിക്കായ സംഗതികളാണെങ്കിൽ അത് റിയലിസ്റ്റിക് ആയിട്ടുതന്നെ ചെയ്യണം. അല്ലാത്തപക്ഷം ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാകും. സിനിമയെന്നത് വലിയ തോതിൽ ആളുകളെ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമയിൽ കണ്ടൊരു കാര്യം യാഥാർഥ്യമാണെന്ന് ആളുകൾ വിശ്വസിക്കും. എല്ലാവരും കോടതിയിലെ കാര്യങ്ങൾ നേരിട്ടുപോയി കണ്ടിട്ടുണ്ടാവില്ല. കേസിൽപ്പെട്ടവരും വക്കീലന്മാരുമൊക്കെയാണ് സാധാരണയായി കോടതിയിൽ പോകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ കോടതി രംഗങ്ങൾ പരമാവധി റിയലിസ്റ്റിക് ആക്കുകയെന്നത് ജനങ്ങളെ അറിവുള്ളവരാക്കുന്നതിൻ്റെ ഭാഗമായി കാണിക്കാം. ഒരു മാസ് മീഡിയം എന്ന നിലയിൽ ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ സത്യസന്ധമായി കോടതി രംഗങ്ങൾ ചിത്രീകരിക്കുന്നതായിരിക്കും ഗുണകരമാവുക.
‘ന്നാ താൻ കേസ് കൊട്’ കോടതിക്രമങ്ങളുമായി ചേർന്ന് നിൽക്കുന്ന ചിത്രമാണ്. അതിലെയൊരു പ്രശ്നമെന്തെന്നാൽ മജിസ്ട്രേറ്റ് കുറച്ച് അതിശയോക്തി കലർന്ന വേർഷനാണ്. അങ്ങനെയുള്ള മജിസ്ട്രേറ്റുമാർ ഉണ്ടാവില്ല എന്നല്ല, സാധാരണ ഗതിയിൽ കാണാറില്ല. അതുമാത്രമാണ് ആ സിനിമയിൽ റിയലിസ്റ്റിക് എന്നതിനോട് കുറച്ച് മാറിനിൽക്കുന്ന ഘടകം. അതുപോലെ തന്നെയാണ് ‘നേര്’ എന്ന ചിത്രവും. കോടതി ക്രമങ്ങളോട് ചിത്രം ഏറെക്കുറെ നീതിപുലർത്തിയിട്ടുണ്ട്. ചിലയിടത്ത് മാത്രമാണ് ചിത്രം കോടതി ക്രമങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. കോടതിയിലെ സങ്കീർണമായ കാര്യങ്ങൾ പോലും ചിത്രത്തിൽ കെെകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തിലെ ‘മേൽവിലാസം’, മറാഠി ചിത്രം ‘കോർട്ട്’ ഒക്കെ മികച്ചതെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നവയാണ്. ‘ജന ഗണ മന’ പോലുള്ള ചിത്രങ്ങൾ കോടതിക്രമങ്ങളെ അതിശയോക്തി കലർത്തി കാണിച്ചവയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം കോടതിയിൽ തിരിഞ്ഞ് നിന്നാണ് സംസാരിക്കുന്നത്. അതൊന്നും കോടതിയിൽ സംഭവിക്കുന്ന കാര്യമല്ല. സിനിമാറ്റിക് ആണെങ്കിൽ അത് പ്രശ്നമല്ല. ഫിക്ഷൻ കാണിക്കുമ്പോൾ ആ രീതിയിലാകും അവതരിപ്പിക്കുന്നത്. ‘സൗദി വെള്ളക്ക’ കുറേക്കൂടി റിയലിസ്റ്റിക്കായി അവതരിപ്പിച്ച സിനിമയാണ്. കേസിന്റെ കാലതാമസം കാരണം ഒരുപാട് പേർ ബുദ്ധിമുട്ടുന്നുണ്ട്. 20,000 കേസുകളൊക്കെ കെട്ടിക്കിടക്കുന്ന മജിസ്ട്രേറ്റ് കോടതികൾ കേരളത്തിലുണ്ട്. ആറും ഏഴും കൊല്ലം കഴിഞ്ഞ് വിചാരണയ്ക്ക് വരുമ്പോൾ സാക്ഷികൾക്ക് എല്ലാം ഓർമ വരണമെന്നില്ല. കാലതാമസം ഒരു പ്രശ്നമാണ്, പക്ഷേ വേറെ വഴിയില്ല. ജുഡീഷ്യൽ ഓഫീസർമാരുടെ എണ്ണം കുറവാണ്. മറ്റ് ഒരുപാട് അസൗകര്യങ്ങളുണ്ട്.
ചില സിനിമകളിൽ കാണുന്നത് പോലെ നെടുനീളൻ ഡയലോഗുകൾ ഒന്നും കോടതിക്കുള്ളിൽ ഇല്ല. ഏറ്റവും ചുരുക്കിപ്പറയുക എന്നതാണ് കോടതിയിൽ ഉപയോഗിക്കുന്ന രീതി. ചെറിയ സമയം കൊണ്ട് വ്യക്തമായും കൃത്യമായും കാര്യങ്ങൾ പറയണം. കോടതിരംഗങ്ങൾ കാണിക്കുമ്പോൾ കുറച്ചുകൂടി റിയലിസ്റ്റിക് ആകണമെന്നാണ് എന്റെ അഭിപ്രായം. നന്നായി റിസർച്ച് നടത്തിയിട്ട് വേണം കാര്യങ്ങൾ ചെയ്യാൻ. ആരെങ്കിലും പറയുന്നത് കേട്ട് ചെയ്യുന്നതിന് പകരം കോടതിയെ നിരീക്ഷിച്ച് ചെയ്യണം. കോടതിയിലെ നടപടിക്രമങ്ങൾ എല്ലാം എഴുതിവെച്ച് ചെയ്യുന്നതല്ല, ശീലം കൊണ്ട് ചിലത് കിട്ടും. സീനിയർ വക്കീലന്മാർ ചെയ്യുന്നത് കണ്ട് ജൂനിയർമാർ പഠിക്കും. പൊതുവേ ജുഡീഷ്യൽ ഓഫീസർമാർ ഇരിക്കുന്ന സമയത്ത് അവരെ ക്രോസ് ചെയ്ത് പോകുന്ന പതിവ് വളരെ കുറവാണ്. ‘നേരി’ൽ പ്രിയാമണിയും സിദ്ദിഖ് സാറും ഡയസ് ക്രോസ് ചെയ്ത് മറുഭാഗത്ത് പോയി ചോദിക്കുന്നുണ്ട്. സാധാരണ ഗതിയിൽ അങ്ങനെ ചെയ്യാറില്ല. പക്ഷേ നിയമപരമായി അതിൽ തെറ്റൊന്നുമല്ല.
ധീരമായ പരീക്ഷണങ്ങൾ, കൃത്യമായ ഇടവേളകളിൽ ‘കോടതി കയറുന്ന’ മലയാള സിനിമ
കോടതിയെ മുൻനിർത്തി പരീക്ഷണങ്ങൾക്കും സംവിധായകർ മുതിരാറുണ്ട്. അത്തരത്തിലൊരു ധീരമായൊരു പരീക്ഷണമായിരുന്നു നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്ത ‘മഹാവീര്യർ’. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രം ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്നു. കോടതി കയറുന്ന രാജാവും ഇതാണോ നീതിയെന്ന് തോന്നിപ്പിക്കുന്ന കോടതി നടപടിക്രമങ്ങളുമൊക്കെ ഫാന്റസിയുടെ മറ്റൊരു തലത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചു.
വർഷം തോറും ഒരുപാട് ചിത്രങ്ങൾ പല ഭാഷകളിലായി കോടതി പരിസരമായി പുറത്തിറങ്ങുന്നുണ്ട്. മികച്ച കോർട്ട് റൂം ഡ്രാമകൾക്കും ഇന്ത്യൻ സിനിമയിൽ പഞ്ഞമില്ല. ജയ് ഭീം, പിങ്ക്, ജോളി എൽ.എൽ.ബി, കോർട്ട് തുടങ്ങി മികച്ച പ്രേക്ഷക പ്രതികരണം നേടിയ നിരവധി ചിത്രങ്ങൾ ഉദാഹരണമായി മുൻപിലുണ്ട്.
മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങളാണ് കോടതി പരിസരമായി പുറത്തിറങ്ങിയിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’, അടിക്കുറിപ്പ്, അംബികയും ബാലചന്ദ്ര മേനോനും ഒന്നിച്ച ‘വിളംബരം’, ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരായണൻ കുട്ടി’, മെക്കാർട്ടിൻ-ജയറാം ചിത്രം സൂപ്പർമാൻ, ശ്രീനിവാസൻ നായകനായ വി. എം വിനു ചിത്രം ‘യെസ് യുവർ ഓണർ’, ആസിഫ് അലി നായകനായ വി.കെ. പ്രകാശ് ചിത്രം ‘നിർണായകം’, ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിലെ ‘കോടതി’, ദിലീപ് നായകനായ ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ടൊവിനോയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ ‘വാശി’, വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’, മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘ഒഴിമുറി’, ജിയോ ബേബി-മമ്മൂട്ടി ചിത്രം ‘കാതൽ’, കാനഡയിലെ കോടതിരംഗം കാണിച്ച ടു കൺട്രീസ്… തുടങ്ങി കോടതി പരിസരമാകുന്ന, കോടതി രംഗങ്ങളും അഭിഭാഷകരും ഒക്കെ കഥാപാത്രങ്ങളാകുന്ന ചിത്രങ്ങൾ കൃത്യമായ ഇടവേളകളിൽ മലയാളത്തിൽ സംഭവിക്കാറുണ്ട്, വിജയിക്കുന്നുമുണ്ട്.
”കോടതി രംഗങ്ങൾ നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. സ്റ്റേജിൽ നിന്ന് ആർട്ടിസ്റ്റുകൾ സംസാരിക്കുന്ന തരത്തിലുള്ള കോടതിരംഗങ്ങളാണ് നമ്മൾ മുൻപ് കണ്ടിട്ടുള്ളത്. ഭൂരിഭാഗം പേർക്കും കോടതിയെന്നത് തികച്ചും അപരിചിതമാണ്. അതുകൊണ്ട് തന്നെ കോടതിയിലെ വാദങ്ങളെപ്പറ്റി പ്രേക്ഷകർക്ക് വ്യക്തമായ കാഴ്ചപ്പാടില്ല. സിനിമയെന്ന രീതിയിൽ അതിഭാവുകത്വമൊക്കെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്റെ അഭിപ്രായത്തിൽ ഇന്നത്തെക്കാലത്ത് റിയലിസ്റ്റിക്കായി കോടതിയെ ചിത്രീകരിക്കുന്നതായിരിക്കും നല്ലത്. ‘യെസ് യുവർ ഓണർ’ ചിത്രീകരിക്കുന്ന സമയത്ത് വരെ സിനിമയിലല്ലാതെ ഞാൻ കോടതി കണ്ടിട്ടില്ല. വാദങ്ങൾ കാണാൻ വേണ്ടി കോഴിക്കോടുള്ള കോടതിയിൽ പോയിരുന്നു. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയ ദാമോദരൻ മാഷ് എന്നോട് കോടതി പരിസരം കാണുന്നത് നന്നായിരിക്കുമെന്നും പറഞ്ഞു. കോടതി ക്രമങ്ങളൊക്കെ നിരീക്ഷിച്ചതിന് ശേഷമാണ് ചിത്രത്തിലെ കോടതിരംഗങ്ങൾ ഞാൻ പ്ലാൻ ചെയ്തത്. ചിത്രത്തിൽ ഹ്യൂമറിന് വേണ്ടി കുറച്ച് അതിഭാവകത്വം വരുത്തിയിരുന്നു. കോർട്ട് റൂം എപ്പോഴും ഡ്രെെ ആയിരിക്കും. രസകരമായിട്ട് ചെയ്തില്ലെങ്കിൽ പ്രേക്ഷകന് ബോറടിക്കും. ‘ന്നാ താൻ കേസ് കൊട്’ ഒക്കെ രസകരമായി കോടതിയെ അവതരിപ്പിച്ച ചിത്രങ്ങളാണ്. സീരിയസ് ആയ കാര്യങ്ങൾ രസകരമായിട്ടാണ് അവതരിപ്പിച്ചത്. ഇതുപോലെയാണ് ‘യെസ് യുവർ ഓണർ’ വർഷങ്ങൾക്ക് മുൻപ് തമാശയുടെ മേമ്പൊടിയോടെ പറഞ്ഞുപോയത്. തമാശയായത് കൊണ്ടാണ് റിയലിസ്റ്റിക്കിൽ നിന്നും അൽപം വിട്ടുനിൽക്കുന്ന രീതിയിൽ കുറച്ച് അതിഭാവുകത്വം കലർത്തിയത്. കോടതിയാണെങ്കിലും പോലീസ് സ്റ്റേഷൻ ആണെങ്കിലും ആ ഒരു സീനിൽ പ്രേക്ഷകനെ എൻ്റർടെയിൻ ചെയ്യിക്കുക എന്നതാണ് സംവിധായകൻ്റെ ഡ്യൂട്ടി സംവിധായകൻ വി. എം വിനു
കാലാകാലങ്ങളിൽ കോടതിയും പോലീസ് സ്റ്റേഷനുമൊക്കെ പശ്ചാത്തലമാകുന്ന സിനിമകളെക്കുറിച്ച് ഭിന്നാഭിപ്രായം ഉയരാറുണ്ട്. റിയലിസ്റ്റിക് ചിത്രങ്ങൾ വിജയിക്കുന്നത് പുതിയ ഫിലിം മേക്കേർസിനെ സംബന്ധിച്ച് ശുഭസൂചനകളാണ്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന റിയലിസ്റ്റിക് സിനിമകളെപ്പോലെ തന്നെ മികച്ച രീതിയിലൊരുക്കുന്ന സിനിമാറ്റിക് അനുഭവങ്ങൾ സമ്മാനിച്ച ചിത്രങ്ങളും വിജയമായിട്ടുണ്ട്.
മലയാളത്തിൽ കോടതി പശ്ചാത്തലമാകുമ്പോൾ റിയലിസ്റ്റിക്കിനെക്കാളും സിനിമാറ്റിക് ആക്കാനാണ് മിക്കപ്പോഴും അണിയറ പ്രവർത്തകർ ശ്രമിക്കാറുള്ളത്. സമീപകാലങ്ങളിലാണ് മലയാള സിനിമ കോടതിയുടെ അവതരണത്തിൽ പതിയെ ട്രാക്ക് മാറ്റിത്തുടങ്ങിയത്. ഇന്ന് റിയലിസ്റ്റിക്കും സിനിമാറ്റിക്കും ആയിട്ടുള്ള ചിത്രങ്ങൾ സംഭവിക്കുന്നു. കഥയ്ക്കും സിനിമയുടെ അവതരണത്തിനും അനുയോജ്യമായത് ഏതാണോ ആ രീതി പൂർണ സ്വാതന്ത്ര്യത്തോടെ അവലംബിക്കാൻ സംവിധായകർക്ക് സാധിക്കുന്നുണ്ട്. റിയലിസ്റ്റിക് എന്നോ സിനിമാറ്റിക് എന്നോ വേർതിരിവില്ലാതെ നല്ല ചിത്രങ്ങളാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പതിവ് തുടരുമെന്ന് പ്രത്യാശിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]