
നെറ്റ്ഫ്ളിക്സ് സീരീസായ ദ ആർച്ചീസിലൂടെ അഭിനയരംഗത്തേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാൻ. സോഷ്യൽ മീഡിയാ ട്രോളുകളെ എങ്ങനെയാണ് നേരിട്ടതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുഹാന ഇപ്പോൾ. തന്റെനേർക്കുവരുന്ന നെഗറ്റിവിറ്റിയെ പതിയെപ്പതിയെ നേരിടാൻ പഠിച്ചുവെന്ന് അവർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഒരുപാട് ആലോചിച്ചുകൂട്ടുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങളിൽപ്പോലും വളരെയധികം വിഷമിക്കാറുണ്ടെന്നും സുഹാന പറഞ്ഞു. യഥാർത്ഥത്തിൽ ട്രോളുകളെ നന്നായി കൈകാര്യം ചെയ്യാത്തയാളാണ് താനെന്ന് സുഹാന വ്യക്തമാക്കി. വിരോധാഭാസമെന്താണെന്നുവെച്ചാൽ ആ കമന്റുകളാണ്, തന്നെ സഹായിക്കുന്നത്, അവ മോശമാണെങ്കിൽപ്പോലും. കോളേജുകളിലും മറ്റും പോകുമ്പോൾ ആളുകളെ കാണുമ്പോൾ, പ്രത്യേകിച്ച് പെൺകുട്ടികളെ കാണുമ്പോഴാണ് യഥാർത്ഥ ആളുകളെ കണ്ടുമുട്ടുന്നതായി തോന്നുന്നത്. അവർ അത്രമാത്രം ഊഷ്മളമായാണ് നമ്മളെ കാണുന്നത്. ട്രോളുകളല്ല, ഇതാണ് യാഥാർഥ്യമെന്നും സുഹാന കൂട്ടിച്ചേർത്തു.
സുഹാനയുടെ വാക്കുകൾ ഇന്റർനെറ്റിൽ വൈറലാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. ബോളിവുഡിലെ മറ്റുള്ളവരേക്കാൾ മിടുക്കിയാണ് സുഹാനയെന്നായിരുന്നു അതിൽ ഒരു കമന്റ്. പിതാവിനേപ്പോലെ തന്നെയാണ് മകളുമെന്നായിരുന്നു മറ്റൊരു പ്രതികരണം. സുഹാന പറഞ്ഞതാണ് ശരിയെന്നും കമന്റുകൾ വന്നു.
ഷാരൂഖിന്റെയും ഗൗരി ഖാന്റെയും ഒരേയൊരു മകളാണ് സുഹാന. ആര്യൻ ഖാനാണ് സഹോദരൻ. ഡിസംബർ ഏഴിനാണ് ആർച്ചീസ് സംപ്രേഷണം ആരംഭിക്കുന്നത്. അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ അഗസ്ത്യ നന്ദ, ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂർ എന്നിവരുടെയും അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണ് ദ ആർച്ചീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]