ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ വലിയ പ്രേക്ഷപിന്തുണ നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവിയുമാണ് വേഷമിട്ടിരിക്കുന്നത്. അതിനിടെ, ചിത്രത്തിൽ മുകുന്ദിന്റെ ജാതി പരാമർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി.
മുകുന്ദിന്റെ ഭാര്യ ഇന്ദുവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചിത്രം ആരംഭിക്കുന്നതിന് മുമ്പ് ചില അഭ്യർഥനകൾ മുന്നോട്ട് വച്ചതായി സംവിധായകൻ പറഞ്ഞു. മുകുന്ദ് ഒരു തമിഴ് വംശജനായതിനാൽ ശക്തമായ തമിഴ് വേരുകളുള്ള ഒരാളെ കാസ്റ്റ് ചെയ്യണമെന്ന ഒരേയൊരു ആവശ്യം മാത്രമേ ഇന്ദു ഉന്നയിച്ചിരുന്നുള്ളൂ. അത് താൻ ശിവകാർത്തികേയനിൽ കണ്ടെത്തി.
മറ്റെന്തിനേക്കാളേറെ ഇന്ത്യക്കാരനാണെന്ന് ലോകത്തോട് പറയാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മുകുന്ദ് എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. തന്റെ സർട്ടിഫിക്കറ്റിലും ഇന്ത്യക്കാരൻ, തമിഴ് എന്നീ ഐഡൻ്റിറ്റി മാത്രമേ അദ്ദേഹം വച്ചിരുന്നുള്ളൂ. സംവിധായകൻ എന്ന നിലയിൽ മുകുന്ദിന്റെ ജാതി പരാമർശിക്കാൻ തനിക്ക് തോന്നിയില്ലെന്നും രാജ്കുമാർ പെരിയസാമി വ്യക്തമാക്കി.
ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥയാണ് അമരൻ. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]