എല്ലാവരേയുംപോലെ സിനിമ എന്ന സ്വപ്നവുമായാണ് പ്രതീഷും കോടമ്പാക്കത്തേക്ക് വണ്ടികയറിയത്. സിനിമ കനിഞ്ഞില്ല. എന്നാല്‍, മുമ്പോട്ട് ജീവിക്കാന്‍ അവിടെനിന്ന് ഒരു തൊഴില്‍ പഠിച്ചു. ഹോട്ടല്‍ പണി. ഇപ്പോള്‍ തൊടുപുഴയിലെ ഒരു ഹോട്ടലില്‍ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കുകയാണ് പ്രതീഷ്.
തിളച്ച എണ്ണയുടെ ചൂടും പുകയും ഏറ്റ് ജോലി ചെയ്യുമ്പോഴും സിനിമമോഹം അണയാതെ ഉള്ളിലുണ്ട്. അതുകൊണ്ടാണ്, ജീവിക്കാനുള്ള തത്രപ്പാടിനിടയിലും ആറ് ഹ്രസ്വചിത്രത്തിന്റേയും മൂന്ന് ആല്‍ബത്തിന്റെയും സംവിധായകനാകാന്‍ പ്രതീഷിനായത്.
കരിമണ്ണൂര്‍ ചിറയില്‍ വീട്ടില്‍ സി.എസ്. പ്രതീഷ്, കട്ടപ്പന ചെമ്പകപ്പാറയിലെ ഒരു മലയോര കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. വീട്ടില്‍ കഷ്ടപ്പാടായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ് 16ാം വയസ്സില്‍ തമിഴ്നാട്ടിലേക്ക് പോയി. ഒരുജോലിയായിരുന്നു ലക്ഷ്യം. സിനിമയില്‍ എത്തണമെന്നും ആഗ്രഹിച്ചു.
ചെന്നൈ എം.ജി.ആര്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി കോടമ്പാക്കത്തേക്ക് വണ്ടികയറി. ചെന്നിറങ്ങിയത് എ.വി.എം. സ്റ്റുഡിയോയുടെ മുന്നില്‍. സിനിമയില്‍ അവസരം തരുമോയെന്ന് ഒരു സെക്യൂരിറ്റിയോട് ചോദിച്ചു. വല്ല ഹോട്ടലിലും പണിക്ക് പോകാനായിരുന്നു മറുപടി.
പട്ടിണി സഹിക്കാനാകാതെ ഒടുവില്‍ ഹോട്ടല്‍ പണിക്കുതന്നെ പോയി. പാചകം പഠിച്ചു. ഇതിനിടെ ഹോട്ടലിലെത്തുന്ന സിനിമാക്കാരോട് അവസരം ചോദിച്ചുകൊണ്ടേയിരുന്നു. യൂണിറ്റ് ബോയി, വാട്ടര്‍ ബോയ്, ജൂനിയര്‍ ആര്‍ടിസ്റ്റ് എന്നീ നിലകളില്‍ സിനിമയുടെ ഭാഗമായി. നാലുവര്‍ഷത്തിലേറെ കോടമ്പാക്കത്തുണ്ടായിരുന്നു.
പ്രായമായ അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതിനാല്‍ തിരികെ നാട്ടിലെത്തി. ജോലിയും പ്രാരബ്ദവുമായി വര്‍ഷങ്ങള്‍ കടന്നുപോയി. അപ്പോഴും സ്വപ്നം കൈവിട്ടില്ല.
2017ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ‘തേന്മാരി’ എന്ന ഹ്രസ്വചിത്രം സംവിധാനംചെയ്തു. അതില്‍ സഹനിര്മാതാവുമായി. ഹോട്ടല്‍ ജോലിയില്‍നിന്ന് കിട്ടുന്നവരുമാനത്തില്‍ മിച്ചംപിടിച്ചായിരുന്നു ഇത്.
നേരിന്റെ വഴി, അറ്റന്ഷന് പേരന്റ്സ്, അമ്മയും അബേലും, ബാഡ് ഹൗസ്, സ്നേഹഭവനം എന്നീ ഷോര്‍ട്ട് ഫിലിമുകളും തിരുമുമ്പില്‍, കാറ്റുപോല്‍ ഒരു പ്രണയം, ഇത് ഞങ്ങളുടെ ബാല്യം എന്നീ ആല്‍ബങ്ങളും പിന്നീട് സംവിധാനംചെയ്തു. യു ട്യൂബിലൂടെയാണ് ഇവ റിലീസ് ചെയ്തത്. തിരക്കഥകളും എഴുതിയിട്ടുണ്ട്. ഏറ്റവുംവലിയ സ്വപ്നമായ മുഴുനീള സിനിമ ചെയ്യാനൊരുങ്ങുകയാണ് പ്രതീഷ്. കരിമണ്ണൂരിലാണ് താമസം. ഭാര്യ: മഞ്ജു. മക്കള്‍: പ്രണവ്, പാര്‍വതി, പാര്‍ഥിപ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]