
കോഴിക്കോടിനെ ഇളക്കിമറിച്ച് ദിലീപിന്റെ ‘ബാന്ദ്ര’ ലൈവ് ഡാൻസ്. രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ടിം കോഴിക്കോട് എത്തിയത്. പ്രദർശനത്തിനൊരുങ്ങിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുന്നതിനിടെ തമന്നക്കൊപ്പമുള്ള ഡാൻസിനെക്കുറിച്ച് അവതാരക ദിലീപിനോട് ചോദിച്ചു.
ബാന്ദ്രയിലെ പാട്ടും നൃത്തവുമായി ബന്ധപ്പെട്ട ചിത്രീകരണ അനുഭവങ്ങൾ ദിലീപ് വിശദീകരിക്കുമ്പോൾ, ലൈവായി ഡാൻസ് കളിക്കാമോയെന്ന ചോദ്യം ആൾക്കൂട്ടത്തിൽ നിന്നും ഉയരുകയായിരുന്നു. തമന്നക്കൊപ്പമുള്ള നൃത്തരംഗം ഒറ്റക്ക് കളിച്ചാൽ ഭംഗിയാവില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. തമന്നയുടെ അഭാവത്തിൽ പകരക്കാരനായി ഇറങ്ങാമെന്ന് കലാഭവൻ ഷാജോൺ പ്രഖ്യാപിച്ചതോടെ ആൾക്കൂട്ടം കയ്യടികളോടെ നൃത്തം കാണാനുള്ള ആവേശത്തിലായി. സ്റ്റേജിനുപുറകിലെ ബിഗ് സ്ക്രീനിൽ ബാന്ദ്രയിലെ റക്ക… റക്ക… ഗാനം തെളിഞ്ഞു.
സ്റ്റേജിൽ വച്ചുതന്നെ ദിലീപ് ഷാജോണിന് സ്റ്റെപ്പുകൾ കാണിച്ചുകൊടുത്തു. പിന്നീട് ഇരുവരും പാട്ടിനൊത്ത് ചുവടുവക്കുകയായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് ദിലീപിന്റേയും ഷാജോണിന്റേയും നൃത്തം ആൾക്കൂട്ടം ഏറ്റെടുത്തത്. സംവിധായകൻ അരുൺ ഗോപിയും ചടങ്ങിൽ പങ്കെടുത്തു. ടീസർ കണ്ട് പലരും ബാന്ദ്രയൊരു ഗ്യാങ്ങ്സ്റ്റർ സിനിമയാണോ എന്ന് ചോദിക്കുന്നുണ്ടെന്നും എന്നാൽ പക്വതയുള്ള ഒരു പ്രണയചിത്രമാണ് ബാന്ദ്രയെന്നും അരുൺഗോപി പറഞ്ഞു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഉദയകൃഷ്ണന്റേതാണ്.
തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, ലെന, മംമ്തമോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]