കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതിന് സര്‍ക്കാര്‍ നല്കിയ മറുപടി പൊളിക്കുന്ന രേഖകള്‍ പുറത്ത്. സാക്ഷിമൊഴികള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍വാദം കള്ളമെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. സാക്ഷിമൊഴികള്‍ ഇല്ലാത്തതിനാല്‍ പൊതുവായൊരു റിപ്പോര്‍ട്ടിന്റെ പുറത്ത് നടപടികള്‍ എടുക്കാന്‍ പരിമിതിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുന്‍സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ പ്രതികരണം.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോ എന്നായിരുന്നു സാംസ്കാരിക വകുപ്പിനോടുള്ള ചോദ്യം. അതിന് ഉണ്ട് എന്നാണ് വകുപ്പ് മറുപടി നല്‍കിയത്. മുന്‍മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് സാംസ്കാരിക വകുപ്പിന്റെ മറുപടി.
പുറത്തുവരാത്ത 400-ഓളം പേജുകള്‍ ഇപ്പോഴുണ്ട്. അതില്‍ മൊഴികളും രേഖകളുമുണ്ട്. അതൊന്നും കമ്മിഷന് സര്‍ക്കാരിനും നല്‍കിയിട്ടില്ല, പുറത്തുംവിട്ടിട്ടില്ലെന്നും എ.കെ. ബാലന് പറഞ്ഞിരുന്നു. ഇതും വിവരാവകാശരേഖ തള്ളി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ മുഴുവന്‍ മൊഴികളും രേഖകളുമുണ്ടോയെന്ന ചോദ്യത്തോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനൊപ്പം അനുബന്ധ രേഖകളും സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നാണ് മറുപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കൈമാറിയത്. അന്ന് മുഖ്യമന്ത്രിക്കൊപ്പം കമ്മിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയത് അന്നത്തെ സാംസ്കാരികമന്ത്രിയായ എ.കെ. ബാലനാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട മൊഴികളും ഏതെങ്കിലും ഘട്ടത്തില്‍ പോലീസിന് കൈമാറിയിരുന്നോയെന്നും വിവരാവകാശനിയമപ്രകാരം ചോദിച്ചിരുന്നു. ഇതിന് അതേയെന്നായിരുന്നു മറുപടി. 2021 ജൂലായിയില്‍ സംസ്ഥാന വനിതാ കമ്മിഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് രഹസ്യരേഖയായി കത്ത് കൈമാറിയിരുന്നുവെന്ന് രേഖയില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. പോലീസിന് റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാര്‍ കൈമാറിയതെന്നാണ് വിവരാവകാശമറുപടി വ്യക്തമാക്കുന്നത്. ഹൈക്കോടതി ഇടപെടലിന് ശേഷമാണ് അനുബന്ധ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പിക്ക് കൈമാറിയതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
രേഖകള്‍ പുറത്തുവന്നതോടെ എന്തുകൊണ്ട് സര്‍ക്കാര്‍ നാലുവര്‍ഷം റിപ്പോര്ട്ടിന്മേല് മൗനംപാലിച്ചുവെന്ന ചോദ്യം പ്രസക്തമാവുകയാണ്. ഇതേ ചോദ്യം കോടതികള്‍ തന്നെ ഉന്നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]