ബെംഗളൂരു: തമിഴ്നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിനെതിരേ കന്നഡ-കർഷകസംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച കർണാടകയിൽ ഇവർ ബന്ദും നടത്തിയിരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടൻ സിദ്ധാർത്ഥിന് നേരെയും പ്രതിഷേധമുയർന്നിരുന്നു. പുതിയ ചിത്രമായ ചിറ്റായുടെ കന്നഡ മൊഴിമാറ്റപ്പതിപ്പായ ചിക്കുവിന്റെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ഈ ദുരനുഭവം നേരിട്ടത്. സംഭവത്തിൽ കർണാടകയിലെ സൂപ്പർതാരം ശിവരാജ് കുമാർ ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസമാണ് ചിക്കുവിന്റെ പ്രചാരണാർത്ഥം സിദ്ധാർത്ഥ് കർണാടകയിലെത്തിയത്. ബെംഗളുരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്വി തിയേറ്ററില് അദ്ദേഹം മാധ്യമങ്ങളെ കാണുന്നതിനിടെ ഒരുസംഘം പ്രതിഷേധക്കാർ ഇവിടേക്ക് എത്തുകയും വാർത്താസമ്മേളനം നിർത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ സംഘാടകരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് താരം വാർത്താസമ്മേളനം നിർത്തി, കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ മടങ്ങിപ്പോവുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കന്നഡയിലെ സൂപ്പർ താരം ശിവരാജ് കുമാർ പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ നാടായ കർണാടകയിൽ വെച്ച് തമിഴ് നടനായ സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ശിവരാജ് കുമാർ ഖേദം പ്രകടിപ്പിച്ചു. കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് താൻ മാപ്പുപറയുന്നെന്ന് സൂപ്പർതാരം പറഞ്ഞു.
“വളരെയധികം വേദനിക്കുന്നു. ഇങ്ങനെയൊരു തെറ്റ് ഇനിയാവർത്തിക്കില്ല. കർണാടകയിലെ ജനങ്ങൾ വളരെ നല്ലവരാണ്. എല്ലാ ഭാഷകളേയും എല്ലാ ഭാഷകളിലേയും സിനിമകളേയും സ്നേഹിക്കുന്നവരാണവർ. എല്ലാത്തരം സിനിമകളും കാണുന്നവരാണ് കന്നഡ പ്രേക്ഷകർ.” ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.
ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സിദ്ധാർഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് സംവിധായകൻ. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. എറ്റാക്കി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്.
Content Highlights: Shiva Rajkumar apologises to Siddharth over press meet issue, chithha movie
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]