ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമ മേഖലയിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു. തമിഴ് സിനിമ ഇപ്പോൾ മുതലെങ്കിലും ശുദ്ധികലശം ആരംഭിക്കണമെന്ന് സംവിധായകൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു വെങ്കട് പ്രഭുവിൻ്റെ പ്രതികരണം.
‘എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം വേണം. തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുക, അതോടെ പുരുഷന്മാർ തെറ്റ് ചെയ്യാൻ ഭയപ്പെടും. മീഡിയ, ഐടി, സ്പോർട് തുടങ്ങി എല്ലാ ഇൻഡസ്ട്രിയിലും സമാന അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകുന്നുണ്ട്’, വെങ്കട് പ്രഭു പറഞ്ഞു.
കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേകസമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചിരുന്നു. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചിരുന്നു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]