
തങ്ങൾക്കെതിരായി സൈബർ ആക്രമണം ആരംഭിച്ചുവെന്ന് ഡബ്ല്യൂ.സി.സി. ഇതിനായി ചിലർ വ്യാജ ഐഡികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വ്യക്തിഹത്യകളെ നിയമപരമായി നേരിടുമെന്നും സംഘടന സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സ്വന്തം അവസ്ഥ വ്യക്തമാക്കാൻ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവൻ അല്ലെങ്കിൽ അവൾ ഒരു ഭീഷണിയാകുന്നു. എന്ന ജെയിംസ് ബാൾഡ് വിന്നിന്റെ വാചകങ്ങളാണ് ഡബ്ല്യൂ.സി.സി കുറിപ്പിന്റെ ആമുഖമായി നൽകിയിരിക്കുന്നത്.
ഡബ്ല്യൂ.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:
നാലര വർഷം നീണ്ട ശ്രമങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ രംഗത്ത് നിലനിൽക്കുന്ന തൊഴിൽഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതിൽ ലൈംഗിക ആരോപണവും പറയുന്നുണ്ട്.
ജോലി ചെയ്യാനുള്ള അവസരത്തിനും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്ത്രീക്കു കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ്, പൊതുമധ്യത്തിൽ ശക്തരായി നിൽക്കുന്ന സ്ത്രീകൾക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങൾ.
റിപ്പോർട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കയാണ്. എന്നാൽ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സന്തോഷവും പിന്തുണയും അറിയിച്ചവർക്കായി പറയുകയാണ്. ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിൻ്റെ കാലമാണ്.
ഫേക്ക് ഐഡികൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകൾ. അതിനെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങൾ മുന്നോട്ടു പോകും.
നേരത്തെ വന്ന സൈബർ അറ്റാക്കുകളുടെ തീയിൽ വാടാതെ പിടിച്ചു നിന്ന ഞങ്ങൾക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്.
ഞങ്ങളെ കൂടുതൽ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]