
കണ്ണൂർ:ഹൃദയം കവരുന്ന പ്രണയകഥകളുടെയും ത്രസിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുടെയും പൂക്കാലമാണിപ്പോൾ പയ്യന്നൂരിൽ. ഈയിടെ തിയേറ്ററുകളിലെത്തിയ ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ ഉൾപ്പെടെ പയ്യന്നൂർ വേദിയായത് നിരവധി സിനിമാ ചിത്രീകരണങ്ങൾക്ക്. ഈ മണ്ണിൽനിന്ന് സിനിമയുടെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ അതിലേറെ.
അഭിനയം മുതൽ ഛായാഗ്രഹണം വരെയും ഗാനരചന തൊട്ട് എഡിറ്റിങ് വരെയും സിനിമയുടെ സർവ മേഖലകളേയും സ്പർശിക്കുന്ന പ്രതിഭകളുടെ കുരുത്തിലാണ് പയ്യന്നൂർ.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രതിഭ തെളിയിച്ച ഒരുപിടി കലാകാരന്മാരാണ് പയ്യന്നൂരിന്റെയും പരിസരങ്ങളുടെയും അരങ്ങ് വാഴുന്നത്. കോടമ്പാക്കത്തും കൊച്ചിയിലും വാണ മലയാളസിനിമ ഇങ്ങ് വടക്കും പടർന്നുപന്തലിക്കുന്നതിന്റെ നേർച്ചിത്രമാണിത്.
അഭിനയത്തികവ്
മലയാള സിനിമയിലെ മുത്തശ്ശൻ എന്ന് വിശേഷിപ്പിക്കുന്ന പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി മുതൽ ‘മഞ്ഞുമ്മൽ ബോയ്സി’ലെ ഗണപതിയും യുവതാരം അനശ്വര രാജൻ വരെയും നീളുന്നതാണ് അഭിനേതാക്കളുടെ നിര. ദീപക് പറമ്പോൽ, മാളവിക മോഹൻ (പട്ടംപോലെ, പേട്ട, മാസ്റ്റർ), അഭിരാമി ഭാർഗവൻ (തമി, വാർത്തകൾ ഇതുവരെ), അഖില ഭാർഗവൻ (പ്രേമലു), ബാബു അന്നൂർ, കെ.യു. മനോജ് (തിങ്കളാഴ്ച നിശ്ചയം, ചാവേർ), അഭിറാം രാധാകൃഷ്ണൻ (പറവ, ഉണ്ട, മഞ്ഞുമ്മൽ ബോയ്സ്, ജാൻ എ മൻ), സുബീഷ് സുധി, വി.പി. രാമചന്ദ്രൻ, രഞ്ജി കാങ്കോൽ (തിങ്കളാഴ്ച നിശ്ചയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ), രാജീവൻ വെള്ളൂർ, കോക്കാടൻ നാരായണൻ (ന്നാ താൻ കേസ് കൊട്, അന്ത്രു ദി മാൻ), പി.ടി. മനോജ് (പുലിജന്മം), സി.കെ. സുനിൽ (മദനോത്സവം, അന്ത്രു ദി മാൻ), സുധീർ അന്നൂർ, സി.പി. ശുഭ, ഉഷ കണ്ടോത്ത് എന്നിങ്ങനെ നീളുന്നു നടീനടന്മാരുടെ പട്ടിക.
സംവിധാനത്തിലെ പെരുമ; രചനയിലേയും
സി.വി. ബാലകൃഷ്ണൻ, സുരേഷ് പൊതുവാൾ, മനോജ് മാതമംഗലം, എം. സുകുമാർജി എന്നിവർ തിരക്കഥാ രംഗത്തുണ്ട്. ‘നന്ദിനി ഓപ്പോൾ’ ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനംചെയ്ത മോഹൻ കുപ്ലേരി മുതൽ ഹിറ്റ് സംവിധായകരായ ചിദംബരവും (മഞ്ഞുമ്മൽ ബോയ്സ്, ജാൻ എ മൻ), രതീഷ് ബാലകൃഷ്ണ പൊതുവാളും (ന്നാ താൻ കേസ് കൊട്, സുരേശന്റേയും…) വരെ ഇക്കൂട്ടത്തിൽപ്പെടും. മറ്റുള്ളവർ ഇവർ: മനോജ് കാന, (അമീബ, ചായില്യം, കെഞ്ചിര), എം.ടി. അന്നൂർ (കാൽച്ചിലമ്പ്), പ്രമോദ് പയ്യന്നൂർ (ബാല്യകാലസഖി), ശ്രീജിത്ത് പലേരി (എം.എൽ.എ. മണി പത്താം ക്ലാസും ഗുസ്തിയും), മൃദുൽ നായർ (ബി. ടെക്, കാസർഗോൾഡ്), ലിജു തോമസ് (കവി ഉദ്ദേശിച്ചത്), ശിവകുമാർ കാങ്കോൽ (അന്ത്രു ദി മാൻ), ആദിത്യൻ ചന്ദ്രശേഖരൻ (എങ്കിലും ചന്ദ്രികേ), ഉണ്ണി ഗോവിന്ദരാജ് (ഹെവൻ), സന്തോഷ് പെരിങ്ങത്ത് (ബോൺസായ്), മനോജ് കെ. സേതു (കുത്തൂട്), അജിത്ത് പുല്ലേരി (ആകാശത്തിന്റെ നിറം).
ബോളിവുഡ് വരെയെത്തിയ പ്രശസ്തി
’ഡോൺ’, ‘തലാഷ്’ തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് പടങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കെ.യു. മോഹനന്റെ വേരുകൾ പയ്യന്നൂരാണ്. ഗാനരചനയിലും സംഗീത സംവിധാനത്തിലും പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും അനുജൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയും ഇന്നാട്ടുകാർ. അധ്യാപകൻകൂടിയായ യുവ ഗാനരചയിതാവ് വൈശാഖ് സുഗുണൻ ഇൗരംഗത്ത് ശ്രദ്ധേയനായിക്കഴിഞ്ഞു. ജിനേഷ് കുമാർ എരമം, ഹരീഷ് മോഹൻ, സുരേഷ് രാമന്തളി, പ്രശാന്ത് പ്രസന്നൻ എന്നിവരുമുണ്ട് ഈ പട്ടികയിൽ.
സാങ്കേതികരംഗത്ത് നിരവധി പേരാണുള്ളത്. ആനന്ദ് പയ്യന്നൂർ (നിർമാതാവ്), ജിൽജിത്ത് (സഹസംവിധാനം), മനോജ് കണ്ണോത്ത്, നാരായണൻ പൊന്നമ്പാറ (എഡിറ്റിങ്), സ്നേഹ പലിയേരി (ഡബ്ബിങ്), ലിജി പ്രേമൻ (കോസ്റ്റ്യൂം), കിഷോർ വണ്ണാടിൽ (കോസ്റ്റ്യൂം അസിസ്റ്റന്റ്), ജയപ്രകാശ് പയ്യന്നൂർ (സ്റ്റിൽ ഫോട്ടോ), വി.പി. കൃഷ്ണകുമാർ (സൗണ്ട് എൻജിനിയർ), രാഗിൽ രാമന്തളി (പ്രൊഡക്ഷൻ ഡിസൈനർ)… നിര നീളുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]