
റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ് ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിന് വിവിധ കോണുകളിൽനിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല
മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് ആടുജീവിതമെന്ന് നിസ്സംശയം പറയാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിലാണ് അദ്ദേഹം സിനിമകണ്ട അനുഭവം പങ്കുവെച്ചത്. സിനിമ കാണുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിൻ്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിൻ്റെ കഥ അതിൻ്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിൻ്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം! പകരം വെക്കാൻ വാക്കുകളില്ല !’ രമേശ് ചെന്നിത്തല കുറിച്ചു.
രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടുനിന്നുള്ളയാളാണ് ആടുജീവിതം നോവലിനും സിനിമയ്ക്കും പ്രേരണയായ നജീബ്. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള 1724 സ്ക്രീനുകളിൽനിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. നേരത്തേ കമൽഹാസൻ, മണിരത്നം, രാജീവ് മേനോൻ, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ തുടങ്ങി നിരവധി പേർ ‘ആടുജീവിത’ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]