
ബോളിവുഡ് സിനിമയും മുംബൈയും വിട്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. അടുത്തിടെ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യയിലേക്ക് താമസം മാറി ഇവിടത്തെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടോക്സിക് എന്നാണ് അദ്ദേഹം ബോളിവുഡിനെ വിശേഷിപ്പിച്ചത്.
ബോളിവുഡ് വളരെയധികം വിഷലിപ്തമായിരിക്കുന്നെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. അപ്രാപ്യമെന്ന് തോന്നിക്കുന്ന ടാർഗറ്റുകളായ 500 കോടിയും 800 കോടിയുമെല്ലാം കളക്ഷൻ നേടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. സർഗാത്മകതയുടേതായ അന്തരീക്ഷമെല്ലാം പോയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ബെംഗളൂരുവിലായിരിക്കും അനുരാഗ് കശ്യപ് ഇനി ചിലവഴിക്കുക എന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലും ബോളിവുഡിൽനിന്ന് മാറിനിൽക്കാനും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ഫൂട്ടേജ് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് അനുരാഗ് കശ്യപ്. സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. കഴിഞ്ഞവർഷമാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. മാർച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞവർഷം ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന മലയാള ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലെത്തിയത് അനുരാഗ് കശ്യപ് ആയിരുന്നു. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രത്തിലെ അനുരാഗിന്റെ വേഷവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദിവി ശേഷം നായകനായി വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ ഡക്കോയിറ്റിൽ സുപ്രധാന വേഷമാണ് അനുരാഗ് കശ്യപിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]