
ബെംഗളൂരു: കന്നഡ യുവനടി രന്യ റാവുവിനെ സ്വർണക്കടത്ത് കേസിൽ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയ സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾകൂടിയായ രന്യ ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായത്. 14.8 കിലോഗ്രാം സ്വർണമാണിവരിൽനിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രന്യയുടെ പിതാവിന്റെ പ്രതികരണവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കർണാടക പോലീസിലെ മുൻ ഡി.ജി.പി ആയ കെ.രാമചന്ദ്ര റാവുവാണ് രന്യയുടെ പിതാവ്. രന്യയുടെ വിവാഹം നാലുമാസങ്ങൾക്കുമുൻപ് കഴിഞ്ഞതാണെന്നും അതിനുശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് സി.എൻ.ബി.സി പുറത്തുവിട്ടിരിക്കുന്ന വിവരം. രന്യ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിന്റേതായ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞതായും അവർ റിപ്പോർട്ട് ചെയ്തു.
കർണാടകയിലെ ചിക്കമംഗളൂരു സ്വദേശിയാണ് രന്യ റാവു. ബെംഗളൂരുവിലെ ദയാനന്ദ സാഗർ എഞ്ചിനീയറിംഗ് കോളേജിലായിരുന്നു പഠനം. ഇതിനുപിന്നാലെയാണ് സിനിമാ പ്രവേശനം. മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് രന്യ വേഷമിട്ടത്. 2014-ൽ നടൻ കിച്ചാ സുദീപ് സംവിധാനംചെയ്ത മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. 2016-ൽ വാഗാ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. 2017-ൽ പുറത്തിറങ്ങിയ പതാകി എന്ന കന്നഡ ചിത്രത്തിനുശേഷം രന്യ പിന്നീട് സിനിമകളിൽനിന്ന് പാടേ വിട്ടുനിൽക്കുകയായിരുന്നു.
14 കിലോ വരുന്ന സ്വർണക്കട്ടികൾ ബെൽറ്റിൽ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങളുമായിട്ടാണ് രന്യ റവന്യൂ ഇന്റലിജൻസിന്റെ പിടിയിലാകുന്നത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ. രന്യയുടെ വീട്ടിലും ഡിആർഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
ഈ വർഷം ജനുവരി മുതൽ രന്യ ഗൾഫിലേക്ക് പത്തിലധികം യാത്രകൾ നടത്തിയതിനെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനിടെ നാലു ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങൾ വർധിപ്പിച്ചു. സ്വർണം ഒളിപ്പിച്ച ബെൽറ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആർഐ ഉദ്യോഗസ്ഥരുടെ സംശയം. വിമാനത്താവളത്തിന് പുറത്തേക്ക് നടിയെ കൊണ്ടുപോകാൻ ഒരു പ്രോട്ടോക്കോൾ ഓഫീസർ സഹായിച്ചിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്.
രന്യയുടെ മുൻകാല യാത്രകളുടെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. കൂടാതെ ഇവർ മുമ്പ് സ്വർണ്ണം എങ്ങനെ കടത്തിയെന്ന് മനസ്സിലാക്കാനും ശ്രമം നടക്കുന്നുണ്ട്. കേസിൽ രന്യ ഒറ്റയ്ക്കാണോ അതോ വലിയൊരു കള്ളക്കടത്ത് ശൃംഖലയുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]