
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലായത് എന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും അവർ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങളെ ദയ തള്ളിക്കളയുകയും ചെയ്തു.
ബുധനാഴ്ചയാണ് ഗായിക കല്പന രാഘവേന്ദറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പോലീസാണ് ഗായികയെ നിസാം പേട്ടിലെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വ്യക്തതവരുത്തിയത്.
“എന്റെ അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. അവർ പൂർണ്ണമായും സുഖമായിരിക്കുന്നു. അവർ സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവർ ഒരു ഗായികയാണ്. പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നതിനാൽ ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അവർ കഴിച്ചു. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. ദയവായി ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുത്.” ദയയുടെ വാക്കുകൾ.
തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സുഖത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നുവെന്ന് മകൾ പറഞ്ഞു. അമ്മ ഉടൻ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളിക അല്പം കൂടുതൽ കഴിച്ചുപോയതാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിവരങ്ങൾ വളച്ചൊടിക്കുകയോ ചെയ്യരുതെന്നും ദയ ആവശ്യപ്പെട്ടു.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കല്പന ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണെന്നാണ് വിവരം. കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]