
സഞ്ജയ് ദത്തുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം അമീഷ പട്ടേല്‍. തന്നോട് സഞ്ജയ് ദത്തിന് സംരക്ഷണ മനോഭാവവും പൊസസീവ്നെസ്സും ഉണ്ടായിരുന്നുവെന്ന് അമീഷ പറഞ്ഞു. വീട്ടില്‍ വരുമ്പോള്‍ പാശ്ചാത്യ ശൈലിയിലുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സഞ്ജയ് തന്നെ അനുവദിച്ചിരുന്നില്ലെന്നും അമീഷ പറയുന്നു. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ പിറന്നാള്‍ ദിവസം സഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ സല്‍വാറും കമ്മീസും ധരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍ ഷോര്‍ട്ട്സോ പടിഞ്ഞാറന്‍ ശൈലിയിലുള്ള മോഡേണ്‍ വസ്ത്രങ്ങളോ ധരിക്കാന്‍ അദ്ദേഹം എന്നെ അനുവദിക്കില്ല. എന്നോട് സഞ്ജുവിന് സംരക്ഷണ മനോഭാവവും പൊസസീവ്നെസ്സുമാണ്. സിനിമാ മേഖലയില്‍ പിടിച്ചുനില്ക്കാന് കഴിയാത്തത്ര നിഷ്കളങ്കയാണ് ഞാനെന്നാണ് സഞ്ജു എന്നോട് പറഞ്ഞിട്ടുള്ളത്. എനിക്കൊരു വരനെ കണ്ടെത്തുമെന്നും വിവാഹം നടത്തി കന്യാദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ -അമീഷ പട്ടേല്‍ പറഞ്ഞു.
‘എന്റെ കാര്യത്തില്‍ സഞ്ജുവിന് പ്രത്യേക ശ്രദ്ധയാണ്. എന്നെ അദ്ദേഹം ആരാധിക്കുന്നു. എന്റെ കാര്യങ്ങള്‍ സഞ്ജു എപ്പോഴും ശ്രദ്ധിക്കും. ഞാന്‍ ഓ.കെയാണോ എന്ന് എപ്പോഴും ചോദിക്കും.’ -അമീഷ തുടര്‍ന്നു. 2022-ല്‍ അമീഷ പട്ടേല്‍ തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ആഘോഷം സഞ്ജയ് ദത്തിന്റെ വീട്ടില്‍വെച്ചാണ് നടന്നത്.
തഥാസ്തു, ചതുര് സിങ് ടു സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ സഞ്ജയ് ദത്തും അമീഷ പട്ടേലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഗദര്‍ 2 ആണ് അമീഷയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. തെലുങ്ക് ചിത്രമായ ഡബിള്‍ ഐ സ്മാര്‍ട്ട് ആണ് സഞ്ജയ് ദത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഹൊറര്‍ ചിത്രമായ ദി ഭൂത്നി ആണ് സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഏപ്രില്‍ 18-നാണ് ദി ഭൂത്നി തിയേറ്ററുകളിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]